അടിയന്തരമായി നൂറുകോടി വേണം, ഇല്ലെങ്കില്‍ കട്ടപ്പുറത്താകും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. അടിയന്തരമായി 100 കോടി രൂപ അനുവദിച്ചില്ലെങ്കില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുമെന്ന് സര്‍ക്കാരിന് എം.ഡി ദിനേശ് കത്തു നല്‍കി. വരുമാനം കൂട്ടാനും നഷ്ടം കുറയ്ക്കാനുമായി നടത്തിയ ശ്രമങ്ങള്‍ പാളിയതാണ് കെ.എസ്.ആര്‍.ടി.സിയെ പ്രതിസന്ധിയിലാക്കിയത്. സ്‌പെയര്‍ പാര്‍ട്‌സ് കുടിശിക 21.50 കോടിയും ബസ് വാങ്ങിയ വകയില്‍ 18.5 കോടിയും അപകട നഷ്ടപരിഹാരമായി കൊടുക്കാനുള്ള 25.60 കോടിയും ജി.പി.എസും ജി.എസ്.ടിക്കുമായി 17 കോടിയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കുടിശ്ശിക 13 കോടിയും വായ്പയ്ക്കായി കണ്‍സോര്‍ഷ്യം രൂപീകരിച്ച വകയില്‍ ബാങ്ക് ഫീസ് കുടിശ്ശിക 4.5 കോടിയും കെ.എസ്.ആര്‍.ടി.സിക്ക് ബാധ്യതയുണ്ട്.
സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ 1,000 ബസുകള്‍ ദിവസവും കട്ടപ്പുറത്താണ്. കുടിശ്ശിക കൊടുക്കാത്തതു കൊണ്ട് വോള്‍വോ ബസുകളുടെ അറ്റകുറ്റപ്പണിക്ക് സ്‌കാനിയ തയാറാകുന്നില്ല. റിസര്‍വേഷനുള്ള ദീര്‍ഘദൂര സര്‍വിസുകള്‍ ഇതുമൂലം റദ്ദാക്കേണ്ടിവരുന്നു. ഈ സാമ്പത്തിക വര്‍ഷത്തെ ഇതുവരെയുള്ള നഷ്ടം 234 കോടിയാണ്. വരവ്-ചെലവ് ഇനത്തില്‍ പ്രതിദിനം 79 ലക്ഷത്തോളം രൂപയുടെ വ്യത്യാസമുണ്ടെന്നും എം.ഡി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പെന്‍ഷനായി ട്രഷറിയിലേക്ക് നേരിട്ട് അടച്ച 47 കോടി രൂപ തിരികെ നല്‍കണം, വിദ്യാര്‍ഥികളുടെ കണ്‍സെഷന്റെ കാര്യത്തില്‍ പുനര്‍ചിന്ത വേണം, ഒരു ദിവസം 2,04,000 വിദ്യാര്‍ഥികളാണ് സൗജന്യമായി യാത്ര ചെയ്യുന്നത്. ഇതു വന്‍ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുവെന്നും എം.ഡി നല്‍കിയ കത്തില്‍ പറയുന്നു. സൂപ്പര്‍ഫാസ്റ്റ് സര്‍വിസുകള്‍ പുനഃക്രമീകരിച്ചിട്ടും എം പാനലുകാരെ പിരിച്ചുവിട്ടിട്ടും വരുമാനം കൂട്ടാനോ വരവും ചെലവും തമ്മിലുള്ള അന്തരം കുറയ്ക്കാനോ കെ.എസ്.ആര്‍.ടിസിക്കായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."