എസ്.എന്‍.ഡി.പി യോഗത്തിന്റെ തലപ്പത്തുള്ളവര്‍ കര്‍ത്തവ്യം നിറവേറ്റുന്നില്ല: വി.എം സുധീരന്‍
ആലപ്പുഴ: ഗുരുദേവ സന്ദേശം പ്രചരിപ്പിക്കേണ്ട എസ്.എന്‍.ഡി.പി യോഗംപോലുളള സംഘടനകളുടെ തലപ്പത്തുളളവര്‍ കര്‍ത്തവ്യം നിറവേറ്റുന്നില്ലെന്നും താല്‍ക്കാലിക നേട്ടത്തിനും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും വേണ്ടി ഇക്കൂട്ടര്‍ വര്‍ഗീയശക്തികളുടെ പാദസേവ ചെയ്യുകയാണെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ല-വിളംബരത്തിന്റെ നൂറാംവാര്‍ഷികത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച മാനവമൈത്രി സമ്മേളനം ചേര്‍ത്തല കളവംകോടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഗീയകോമരങ്ങളാണ് ഇപ്പോള്‍ ഈ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്നത്. ഗുരുദേവദര്‍ശനത്തിന്റെ 100-ാം വാര്‍ഷികം ആചരിക്കുന്ന ഈ വേളയിലെങ്കിലും ഇത്തരക്കാര്‍ തെറ്റുതിരുത്തി ഗുരുദേവ ധര്‍മ്മം യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കണമെന്നും സുധീരന്‍ പറഞ്ഞു.
രാജ്യത്തിന്റെ പരിവര്‍ത്തനത്തിനാണ് ഗുരു സന്ദേശം നല്‍കിയത്. സമൂഹത്തെക്കുറിച്ചും ജനത്തെക്കുറിച്ചും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ അദ്ദേഹത്തിനുണ്ടായിരുന്ന കാഴ്ചപ്പാട് നാം അഭിമാനത്തോടെ ഓര്‍ക്കേണ്ടതാണ്. ഈ കാലഘട്ടത്തില്‍ മനുഷ്യത്വം കൈവിട്ട് വര്‍ഗീയത പ്രചരിപ്പിച്ച് രാഷ്ട്രീയ താത്പര്യം സംരക്ഷിക്കുവാന്‍ ശ്രമിച്ചുവരുന്ന കാലഘട്ടമാണിത്.
ഇത്തരം സങ്കുചിത താത്പര്യങ്ങള്‍ ഭരണഘടനയുടെ അന്തസത്ത ഇല്ലാതാക്കും. ബി ജെ പിയും സംഘപരിവാറും ന്യൂനപക്ഷങ്ങളേയും ദളിതരേയും പീഡിപ്പിക്കുന്നത് തുടര്‍ക്കഥയാകുകയാണ്. ദളിത് പീഡനത്തില്‍ സി.പി.എമ്മും ഇതേപാതയിലാണെന്നും സുധീരന്‍ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. കെ.സി വേണുഗോപാല്‍ എം.പി മുഖ്യപ്രഭാഷണം നടത്തി.
മുന്‍ എം.എല്‍.എമാരായ പി.സി വിഷ്ണുനാഥ്, ടി.എന്‍ പ്രതാപന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സി.ആര്‍ ജയപ്രകാശ്, അഡ്വ. എം.ലിജു, ട്രഷറര്‍ അഡ്വ. ജോണ്‍സണ്‍ എബ്രാഹം, എം.കെ അബ്ദുള്‍ ഗഫൂര്‍ ഹാജി, അഡ്വ. ത്രിവിക്രമന്‍തമ്പി, നെടുമുടി ഹരികുമാര്‍, സി.കെ ഷാജിമോഹന്‍, അഡ്വ. എസ് ശരത്, പി.നാരായണന്‍കുട്ടി, ബി.ബൈജു, എം.കെ ജിനദേവ്, കോശി എം കോശി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."