തമിഴ്‌നാട് സ്വദേശി ചേളാരിയില്‍ മര്‍ദനമേറ്റ് കൊല്ലപ്പെട്ട കേസ്: അന്വേഷണം നിര്‍ണായക ഘട്ടത്തിലെന്ന് പൊലിസ്
തേഞ്ഞിപ്പലം: മേലേ ചേളാരിയില്‍ രാത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ മര്‍ദനമേറ്റ് ഗുരുതരമായ പരിക്കേല്‍ക്കുകയും ചികിത്സക്കിടെ തമിഴ്‌നാട് സ്വദേശി മരിക്കുകയും ചെയ്ത സംഭവത്തില്‍ കേസന്വേഷണം നിര്‍ണായക ഘട്ടത്തിലെന്ന് പൊലിസ്. രണ്ടു ദിവസത്തിനകം അറസ്റ്റുണ്ടായേക്കുമെന്ന് തേഞ്ഞിപ്പലം എസ്.ഐ ബിനു തോമസ് വ്യക്തമാക്കി. തമിഴ്‌നാട് അരിയല്ലൂര്‍ ജില്ലയിലെ സാലുപായ് സ്വദേശി കൃഷ്ണമൂര്‍ത്തി (49)യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. മേലേ ചേളാരി മേഖലയിലെ സി.സി.ടി.വി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്.
മര്‍ദനമേറ്റ് ഗുരുതരാവസ്ഥയില്‍ റോഡരികില്‍ അവശനിലയില്‍ കിടന്ന കൃഷ്ണമൂര്‍ത്തി മദ്യലഹരിയിലാണെന്ന തോന്നലില്‍ പ്രദേശത്തുണ്ടായിരുന്നവര്‍ വൈദ്യസഹായം ലഭ്യമാക്കിയില്ല. ചൊവ്വാഴ്ച പുലര്‍ച്ചെയെയും കൃഷ്ണമൂര്‍ത്തി അവിടെത്തന്നെ കിടക്കുന്നത് കണ്ട നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ കൃഷ്ണമൂര്‍ത്തി തന്നെയാണ് തനിക്ക് ക്രൂരമര്‍ദനമേറ്റതായി ഡോക്ടര്‍ക്ക് മൊഴി നല്‍കിയത്. മൂന്നു പേര്‍ ചേര്‍ന്ന് മര്‍ദിച്ചെന്നായിരുന്നു മൊഴി. ഇതിന് ശേഷം കോഴിക്കോട് നിന്ന് തമിഴ്‌നാട്ടിലേക്ക് ബന്ധുക്കളെത്തി കൃഷ്ണമൂര്‍ത്തിയെ കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയുമായിരുന്നു. മര്‍ദനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ സംഘര്‍ഷത്തിനും കൊലപാതകത്തിനും ഇടയാക്കിയെന്നാണ് പൊലിസ് നല്‍കുന്ന പ്രാഥമിക വിവരം. കൃഷ്ണമൂര്‍ത്തിയും കുടുംബവും കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ചേളാരി മാതാപ്പുഴ റോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."