ഏണസ്റ്റോ വാല്‍വെര്‍ദെ ബാഴ്‌സലോണയെ പരിശീലിപ്പിക്കും
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിലെ വമ്പന്‍മാരായ ബാഴ്‌സലോണയെ ഏണസ്റ്റോ വാല്‍വര്‍ദെ പരിശീലിപ്പിക്കും. മുന്‍ ബാഴ്‌സലോണ താരം കൂടിയാണ് വാല്‍വെര്‍ദെ. അത്‌ലറ്റിക് ബില്‍ബാവോയുടെ പരിശീലകസ്ഥാനമൊഴിഞ്ഞ ശേഷമാണ് പുതിയ സ്ഥാനം ഏറ്റെടുക്കുന്നത്.
ലൂയിസ് എന്റിക്വെയ്ക്ക് പകരം ബാഴ്‌സയെ ആരു പരിശീലിപ്പിക്കും എന്നതിന് ഇതോടെ ക്ലബ് ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. രണ്ടു വര്‍ഷത്തെ കരാറിലാണ് വാല്‍വെര്‍ദെയുടെ നിയമനം. അതേസമയം പുതിയ സീസണില്‍ വാല്‍വെര്‍ദെയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. ഈ സീസണില്‍ ടീമിന് വമ്പന്‍ കിരീടങ്ങളൊന്നും നേടാന്‍ സാധിക്കാത്തതിന്റെ സമ്മര്‍ദവും ബാഴ്‌സയ്ക്കുണ്ടാവും. അതോടൊപ്പം ലയണല്‍ മെസ്സി, നെയ്മര്‍, ലൂയി സുവാരസ് സഖ്യത്തെ വിദഗ്ധമായി ഉപയോഗിക്കുന്നത് എങ്ങനെയെന്ന് ആശങ്കയും അദ്ദേഹത്തിനുണ്ടാവും.
അതേസമയം എന്റിക്വെയുടെ അത്ര പ്രശസ്തനല്ലെങ്കിലും പരിശീലനത്തില്‍ പരിചയസമ്പന്നനാണ് വാല്‍വെര്‍ദെ. 500 മത്സരങ്ങളുടെ പരിചയസമ്പത്തുണ്ട് അദ്ദേഹത്തിന്. നേരത്തെ ബാഴ്‌സയ്ക്കായി 1988-1990 സീസണുകളിലാണ് വാല്‍വെര്‍ദെ കളത്തിലിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."