ചാകര തേടി മത്സ്യബന്ധന യാനങ്ങള്‍ കടലിലിറങ്ങി
ആലപ്പുഴ: വറുതിയുടെ നാളുകള്‍ക്കു വിട നല്‍കി മത്സ്യബന്ധന യാനങ്ങള്‍ കടലിലിറങ്ങി. എല്ലാ ബോട്ടുകളും നീലയും ഓറഞ്ചും നിറങ്ങള്‍ പൂശിയാണ് ഇത്തവണ കടലിലിറങ്ങിയത്. കേന്ദ്ര സര്‍ക്കാര്‍ നയമനുസരിച്ച് നീലനിറവും ഓറഞ്ച് നിറത്തിലുള്ള ലൈനുമാണ് ബോട്ടുകളില്‍ ഉപയോഗിക്കാന്‍ നിര്‍ദേശിച്ചിരുന്നത്. സുരക്ഷ മുന്‍നിര്‍ത്തിയാണ് ബോട്ടുകള്‍ക്ക് ഒരേ നിറം നല്‍കാന്‍ നിര്‍ദേശിച്ചത്. പൂര്‍ണ്ണമായും നിര്‍ദേശം നടപ്പാക്കാനായിട്ടില്ല.
കേന്ദ്ര നിര്‍ദേശം ബോട്ടുടമകള്‍ അംഗീകരിച്ചതിനാല്‍ രണ്ടു മാസ കാലാവധി കൂടി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ട്രോളിങ് നിരോധനം അവസാനിച്ചതോടെയാണ് മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ ഇങ്ങിയത്. ട്രോളിങ് നിരോധന കാലയളവില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്കു വിശ്രമത്തിന്റെ നാളുകളായിരുന്നു.
അറ്റകുറ്റപ്പണികള്‍ നടത്തിയും പുതിയ ഛായം പൂശിയുമാണ് ബോട്ടുകള്‍ മത്സ്യബന്ധനത്തിന് ഇറക്കിയത്. തോട്ടപ്പള്ളി മുതല്‍ പറവൂര്‍ വരെയുള്ള ബോട്ടുകള്‍ കഞ്ഞിപ്പാടത്താണ് അറ്റകുറ്റപ്പണികള്‍ നടത്തിയത്.
പൂക്കൈതയാറിലാണു ബോട്ടുകളുടെ അറ്റകുറ്റപ്പണിയും പെയിന്റിങ് ജോലികളും നടത്തിയത്.
ബോട്ടുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന വര്‍ക്ക്‌ഷോപ്പ് ഇവിടെ മാത്രമാണുള്ളത്. പത്തോളം തൊഴിലാളികളാണ് രാപ്പകലില്ലാതെ ബോട്ടുകളുടെ അറ്റകുറ്റപ്പണി നടത്തിയത്.
പ്രധാനമായും പെയിന്റിംഗ്, വെല്‍ഡിംഗ് ജോലികളാണ് ചെയ്തത്. ചില ബോട്ടുകള്‍ക്ക് ഒന്നര ലക്ഷം രൂപവരെ പെയിന്റിംഗിന് ചെലവഴിക്കേണ്ടി വന്നു.
ട്രോളിങ് നിരോധന കാലയളവിലെ അറ്റകുറ്റപ്പണിക്കും പെയിന്റിംഗിനുമായി ഏറ്റവും കുറഞ്ഞത് രണ്ടര മുതല്‍ മൂന്നു ലക്ഷം രൂപവരെ ബോട്ടുടമകള്‍ക്ക് ചെലവായി.
11 ലക്ഷം രൂപയോളം വിലവരുന്ന 280 ഹോഴ്‌സ് പവറുള്ള ചൈനീസ് നിര്‍മിത എന്‍ജിന്‍ ഘടിപ്പിച്ച ബോട്ടുകളും കഞ്ഞിപ്പാടത്ത് അറ്റകുറ്റപ്പണിക്കായി എത്തിയിരുന്നു. വലിയ ബോട്ടുകള്‍ കൊച്ചി വഴിയും ചെറിയ ബോട്ടുകള്‍ കായംകുളം വഴിയുമാണ് കഞ്ഞിപ്പാടത്ത് എത്തിച്ചതും തിരികെ കൊണ്ടു പോയതും.
ലക്ഷങ്ങള്‍ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തി ട്രോളിങ് നിരോധനത്തിന് ശേഷം ബോട്ടുകള്‍ വലിയ പ്രതീക്ഷയോടെയാണ് ഉടമകള്‍ കടലിലിറക്കുന്നത്. വലയില്‍ കുടുങ്ങുന്ന മീനുകള്‍ക്ക് കരിയിലെത്തുമ്പോള്‍ വില കിട്ടാത്തത് തൊഴിലാളികളെയും ബോട്ടുടമകളെയും ഇവര്‍ ദുരിതത്തിലാക്കുന്നുണ്ട്.
പലിശയ്ക്കും കടം വാങ്ങിയുമൊക്കെയാണ് മിക്ക ഉടമകളും ട്രോളിങ് നിരോധന കാലയളവില്‍ ബോട്ടുകളുടെ അറ്റകുറ്റപ്പണി നടത്തിയത്.
എന്നാല്‍ ചെമ്മീന്‍ ഉള്‍പ്പെടെയുള്ള മീനുകള്‍ക്ക് വില ലഭിക്കാത്തതു കാരണം വന്‍ സാമ്പത്തിക ബാധ്യതയാണ് ഇവര്‍ക്ക് വന്നു ചേരുന്നത്. എങ്കിലും വല നിറയെ കിട്ടുന്ന മീനിന് ഇത്തവണ നല്ലവില കിട്ടുമെന്ന പ്രതീക്ഷയിലാണ് ബോട്ടുകള്‍ കടലിലേക്ക് പോയത്. ഹാര്‍ബറുകളും ഇന്നലെ അര്‍ധരാത്രിയോടെ സജീവമായി.
ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ തൊഴിലാളികളും ഏറെ പ്രതീക്ഷയിലാണ്. വറുതിയുടെ ദുരിതനാളുകള്‍ പിന്നിട്ട ശേഷം കടലില്‍ ഇറങ്ങുന്ന മത്സ്യതൊഴിലാളികള്‍ ചാകര പ്രതീക്ഷയിലാണ്.
ഹാര്‍ബറിലേ അനുബന്ധ സ്ഥാപനങ്ങളും ചാകര പ്രതീക്ഷയേറിയതോടെ സജീവമായി. കടലില്‍ പോകാനായി ഇതര സംസ്ഥാന തൊഴിലാളികളും ഇന്നലെ തന്നെ ഹാര്‍ബറുകളില്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."