ജി.എസ്.ടി: ഹോട്ടല്‍ പണിമുടക്ക് ജനത്തെ വലച്ചു
കൊച്ചി:ചരക്ക് സേവന നികുതിയില്‍ (ജി.എസ്.ടി) ഹോട്ടലുകളെ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സൗത്ത് ഇന്ത്യന്‍ റസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഹോട്ടലുകള്‍ അടച്ചിട്ട് നടത്തിയ സമരം കേരളത്തില്‍ ഭാഗികം.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളെ സമരം സാരമായി ബാധിച്ചു. ഇവിടങ്ങളില്‍ ഹോട്ടലുകളെ ആശ്രയിച്ചു കഴിയുന്നവര്‍ ഏറെയായതിനാല്‍ ഭക്ഷണം കിട്ടാതെ പലരും വലഞ്ഞു. നോമ്പുതുറയ്ക്ക് ഹോട്ടലുകളിലെത്തിയവരെയും പണിമുടക്ക് ബാധിച്ചു. സംസ്ഥാനത്ത് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്റെ കീഴിലുള്ള എല്ലാ ഹോട്ടലുകളും അടഞ്ഞുകിടന്നതായി ഭാരവാഹികള്‍ അറിയിച്ചു.
ദക്ഷിണേന്ത്യയിലെ ചെറുകിട ഹോട്ടലുകള്‍ ചേര്‍ന്നാണ് ജി.എസ്.ടിക്കെതിരേ പോരാടാന്‍ സൗത്ത് ഇന്ത്യന്‍ റസ്റ്റോറന്റ് അസോസിയേഷന്‍ രൂപീകരിച്ചത്. സൂചനാ പണിമുടക്കെന്ന രീതിയിലാണ് ഇന്നലെ 24 മണിക്കൂര്‍ സമരം നടത്തിയത്.
ജൂണ്‍ മൂന്നിന് ഡല്‍ഹിയില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ തങ്ങള്‍ക്കനുകൂലമായ തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍ പാര്‍ലമെന്റ് മാര്‍ച്ച് അടക്കമുള്ള പ്രതിഷേധ നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.ജയപാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."