സ്‌നേഹവലയത്തിനുള്ളില്‍ നിന്നവര്‍ പറന്നുയര്‍ന്നു
കൈപ്പമംഗലം: മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ കഥകള്‍ മറഞ്ഞു കൊണ്ടിരിക്കെയാണ് കഴിമ്പ്രം വാഴപ്പുള്ളി ക്ഷേത്രം മികച്ച മാതൃക കാണിക്കുന്നുന്നത്.
മരത്തില്‍ നിന്ന് വീണ് മൂന്ന് മാസത്തിലധികമായി ക്ഷേത്രത്തിന്റെ സംരക്ഷണയില്‍ കഴിഞ്ഞ മയില്‍ കുഞ്ഞുങ്ങള്‍ ആകാശത്തേക്ക് പറന്നുയുമ്പോള്‍ പ്രകൃതിയോടും മറ്റ് ജീവജാലങ്ങളോടും എങ്ങനെ ഇഴകിച്ചേരാം എന്നതിന്റെ ഉദാഹരണം കൂടിയാണ്. ജൂലൈ ആദ്യവാരമാണ് കനത്ത കാറ്റിലും മഴയിലും പെട്ട് വാഴപ്പുള്ളി ക്ഷേത്രത്തിലെ മതില്‍കെട്ടിനകത്തെ വലിയ ആല്‍ മരത്തില്‍ നിന്നും അഞ്ചു മയില്‍ കുഞ്ഞുങ്ങള്‍ താഴെ വീഴുന്നത്. കാക്കയുടെയും തെരുവ് നായ്ക്കളുടെയും കൈയില്‍ നിന്ന് ഇവയെ രക്ഷിച്ചത് ക്ഷേത്രം ജീവനക്കാരനായ സതീശനാണ്. വനം വകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും കാട്ടില്‍ ഒറ്റക്ക് വിട്ടാല്‍ ഇവയുടെ അതിജീവനം പ്രയാസമാകും എന്നതിനാല്‍ ക്ഷേത്രത്തില്‍ തന്നെ സംരക്ഷിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
അങ്ങനെയാണ് ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിനകത്ത് ചെറിയ കൂടൊരുക്കി ഇവക്ക് സംരക്ഷണം ഒരുക്കുന്നത്. മരത്തില്‍ നിന്നുള്ള വീഴ്ചയില്‍ പരുക്ക് പറ്റിയ ഒന്നൊഴികെ ബാക്കി നാല് കുഞ്ഞുങ്ങളും വഴിപാട് കൗണ്ടറിലൊരുക്കിയ കൂട്ടിലെ കൃത്രിമച്ചൂടില്‍ കോഴിക്കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന തീറ്റയും നല്‍കുകയായിരുന്നു. ചെറിയ കോഴിക്കുഞ്ഞിനോളം വലുപ്പമുണ്ടായിരുന്നവര്‍ ചിറകടിക്കാനും ചാടാനും തുടങ്ങിയതോടെ വലിയ കൂട് തന്നെ ക്ഷേത്രത്തിന് സമീപം ഇവര്‍ക്കായി നിര്‍മിച്ചു. ക്ഷേത്രത്തിലെ നിവേദ്യച്ചോറും മറ്റും ഭക്ഷണമാക്കി മൂന്നു മാസങ്ങള്‍കൊണ്ട് സ്വന്തം പറക്കാനായ വലുപ്പത്തിലേക്ക് എത്തിയെന്ന് ഉറപ്പ് വരുത്തിയാണ് വാഴപ്പുള്ളി അമ്പലത്തിലെ കരുതലിന്റെ സ്‌നേഹ വളയത്തിനുള്ളില്‍ നിന്നും പ്രകൃതിയുടെ പച്ചപ്പ് തേടി നാലുപേരും പറന്നുയരുന്നത്.
രാവിലെ നാട്ടുകാരുടെയും ക്ഷേത്രം അധികൃതരുടെയും സാന്നിധ്യത്തില്‍ ഇവരെ തുറന്നു വിട്ടെങ്കിലും ക്ഷേത്രവും പരിസരവും വിട്ട് പിരിയാന്‍ നാലുപേരും തയാറായിട്ടില്ല.മേഖലയില്‍ മയിലുകളെ ധാരാളം കണ്ടു വരുന്ന പ്രദേശമാണിത്.ചെറിയ കുറ്റിക്കാടുകളും പുല്ല് നിറഞ്ഞ ഒഴിഞ്ഞ പറമ്പുകളും ഇവയുടെ ആവാസവ്യവസ്ഥക്ക് അനുകൂലമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."