എല്ലാം ഹൈടെക് : പുതുതലമുറയ്ക്ക് അന്യമായി പോത്തോട്ടം
വടക്കാഞ്ചേരി: എല്ലാം വിരല്‍ തുമ്പിലെന്നു പുതു തലമുറ അവകാശപ്പെടുന്ന വര്‍ത്തമാന കാലത്തില്‍ ഇല്ലാതായി കൊണ്ടിരിയ്ക്കുന്ന ഗ്രാമീണ നന്മയുടെ പട്ടികയിലേക്ക് കാര്‍ഷിക നന്മയുടെ പ്രതീകമായ പോത്തോട്ടം കൂടി. എല്ലാ വര്‍ഷവും കന്നിമാസത്തിലെ മകം നക്ഷത്രത്തിലാണ് പോത്തോട്ടം നടത്തുക. ഗോത്രവര്‍ഗകാലഘട്ടത്തിന് ശേഷം സമതലങ്ങള്‍ കിളച്ചുടച്ച് കൃഷി നടത്തുവാന്‍ തുടങ്ങിയ കാലമാണ് പോത്തോട്ടത്തിന്റെ ആരംഭ കാലം. കൃഷി നന്നായി വിളയാനും പക്ഷി മൃഗാദികളില്‍ നിന്നും പ്രകൃതിക്ഷോഭങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കാനുമായി കാവുകളില്‍ ഭഗവതിയെയും അയ്യപ്പനേയും ചാത്തന്‍ സ്വാമിയേയും കുടിയിരുത്തി പൂജ തുടങ്ങിയ കാലം മുതലാണ് പോത്തോട്ടം തുടങ്ങിയതെന്നാണ് ഐതിഹ്യം. സാധാരണ തറവാടുകളില്‍ കുടിവെച്ചിരുന്ന ചാത്തന്‍ സ്വാമി പോത്തിന്‍ പുറത്ത് പോത്തോട്ടത്തിനെത്തുന്നു എന്ന സങ്കല്‍പവുമുണ്ട്. മുണ്ടകന്‍ കൃഷിയൊരുക്കലിനു ശേഷം പോത്തുകള്‍ക്കുള്ള സുഖചികിത്സയുടെ ഭാഗമായും ചില സ്ഥലങ്ങളില്‍ പോത്തോട്ടത്തെ കാണുന്നുണ്ട്. ദേശങ്ങളിലെ പറയ വംശം ദേവിയേയും ചാത്തനേയും ഉപാസിക്കുകയും ചെയ്തു പോന്നിരുന്നു. തട്ടകത്തിലെ കൃഷിക്കാര്‍ പോത്തിനു മാല ചാര്‍ത്തി കൊട്ടും പാട്ടുമായി ആഘോഷത്തോടെയാണ് ചടങ്ങു നടത്തുക. ദേശത്തെ വിവിധ തറവാടുകളില്‍ നിന്നും പോത്തെത്തിയോ എന്ന് വിളിച്ചു ചൊല്ലിയതിനു ശേഷമാണ് കാവിലെ ആല്‍ത്തറയ്ക്കു ചുറ്റും പോത്തിനെയോടിക്കുന്നത്. പോത്തോട്ടത്തിനു ശേഷമാണ് കൊട്ടി പാടി വലം വെച്ച് കാളിദാരിക സംവാദത്തിനു തുടക്കം കുറിക്കുന്നത്. കാളിയും ദാരികനും തമ്മിലുള്ള യുദ്ധത്തിനു ശേഷമാണ് പോത്തോട്ടം അവസാനിക്കുന്നത്. കാര്‍ഷികരംഗം യന്ത്രവല്‍കൃത കൃഷി രീതിയിലേക്ക് മാറിയതോടെ, കയ്യാലകള്‍ ഒഴിഞ്ഞു, പോത്തോട്ടം പല കാവുകള്‍ക്കും അന്യമായി. കന്നിമാസവും മകം തിരുന്നാളിന്റെ പോത്തോട്ട ഉത്സവവും പഴമയുടെ അനുഷ്ഠാനമായി മാറുന്ന കാലഘട്ടത്തില്‍ ചില കാവുകളെങ്കിലും പോത്തോട്ടത്തിന്റെ തനിമ നിലനിറുത്തുന്നത് ആശ്വാസകരമാവുകയാണ്. അതിനിടെ കാര്‍ഷിക അഭിവൃദ്ധി ലക്ഷൃമിട്ടും, കന്നുകാലികള്‍ക്ക് അസുഖങ്ങള്‍ വരാതിരിക്കാനുള്ള പ്രാര്‍ഥനയുമായി വിവിധ ക്ഷേത്രങ്ങളില്‍ പോത്തോട്ടം സംഘടിപ്പിച്ചു. അടാട്ട് ഉടലക്കാവില്‍ പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു പോത്തോട്ടം. കര്‍ഷകര്‍ പോത്തുകളെ എഴുന്നള്ളിച്ച് തോപ്പുള്ളി കാളിയുടെ സന്നിധിയില്‍ നിന്ന് വാദ്യമേള ഘോഷങ്ങളോടെ ഉടലക്കാവ് പോത്തോട്ടപറമ്പില്‍ എത്തിയതോടെയാണ് ഉത്സവത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് വിവിധ കമ്മിറ്റികള്‍ പോത്തുകളെ ഓടിച്ചപ്പോള്‍ ആവേശം വാനോളമായി. തിരൂര്‍ വടകുറുമ്പക്കാവ് കീഴേടം ക്ഷേത്രമായ ചങ്ങഴി വാലി മുത്തപ്പന്‍ ക്ഷേത്രത്തിലും പോത്തോട്ടം ഭക്തി നിര്‍ഭരവും, ആവേശ കാഴ്ച്ചയുമായി. ക്ഷേത്ര കോമരം ടി. കെ. കുമാരന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. നിരവധി പേര്‍ കാണികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."