സമരം അവസാനിപ്പിച്ചു; 632 ദിവസങ്ങള്‍ക്കു ശേഷം മൃതദേഹങ്ങള്‍ സംസ്‌കരിച്ചു
ഇംഫാല്‍: ആദിവാസി-ഗോത്ര മേഖലയിലെ ജനങ്ങളുടെ ഇച്ഛാ ശക്തിക്കുമുന്നില്‍ ഭരണകൂടം മുട്ടുമടക്കി. മണിപ്പൂരില്‍ പൊലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 11 വയസുകാരനുള്‍പ്പെടെ 9 പേരുടെ മൃതദേഹങ്ങള്‍ 632 ദിവസം സംസ്‌കരിക്കാതെ ഭരണകൂടത്തിന്റെ കിരാത നിയമത്തിനെതിരേ പോരടിച്ച മണിപ്പൂരി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ നിശ്ചയ ദാര്‍ഢ്യമാണ് നിയമങ്ങള്‍ നടപ്പാക്കുന്നത് മരവിപ്പിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ എന്ന കൊച്ചുനഗരത്തിലാണ് താഡു, പെയ്‌തെ, നാഗാ, കുക്കി, ഹമര്‍, മിസോ എന്നീ ഗോത്രവിഭാഗക്കാര്‍ താമസിക്കുന്നത്. 2015ല്‍ മണിപ്പൂര്‍ സര്‍ക്കാര്‍ പാസാക്കിയ ബില്ലാണ് ഈ ഗോത്ര വിഭാഗക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. ബില്ല് പിന്‍വലിക്കുക, തങ്ങളുടെ ആവാസ വ്യവസ്ഥ ഉള്‍പ്പെടുന്ന മലയോര മേഖലക്ക് പ്രത്യേക ഭരണ സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തെരുവിലിറങ്ങിയ ജനങ്ങളെ 2015 ഓഗസ്റ്റ് 31ന് സര്‍ക്കാര്‍ ശക്തമായിട്ടാണ് നേരിട്ടത്. സമരത്തിനു നേരെ നടത്തിയ വെടിവയ്പില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു.
മണിപ്പൂര്‍ ജനസുരക്ഷാ ബില്‍, മണിപ്പൂര്‍ ഭൂപരിഷ്‌കരണ ബില്‍, കെട്ടിടം-വാണിജ്യ സഥാപനങ്ങളുമായി ബന്ധപ്പെട്ട ബില്‍ എന്നിവ തങ്ങള്‍ക്ക് ദോഷമുണ്ടാക്കുമെന്നാരോപിച്ചായിരുന്നു സമരം നടത്തിയത്. പൊലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഒന്‍പതുപേരുടെയും മൃതദേഹങ്ങള്‍ അടക്കം ചെയ്ത ശവപ്പെട്ടിയുമായാണ് പിന്നീട് ഇവര്‍ സമരം ചെയ്തത്. ഇങ്ങനെ 632 ദിവസം പിന്നിട്ടു. അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ ഇവര്‍ പ്രത്യേക ശീതീകരണിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം സംസ്‌കരിക്കാനെടുത്തപ്പോഴേക്കും ഇവ മൃതദേഹമാണോയെന്നുപോലും പറയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.
മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. അവസാനം സര്‍ക്കാര്‍ ഉപാധി മുന്നോട്ടുവച്ചു. മെയ് 25നകം മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ തയാറാകണം. ഇക്കാര്യം അംഗീകരിച്ചതോടെ രാഷ്ട്രപതി തടഞ്ഞ ബില്ല് ഒഴികെ രണ്ടെണ്ണത്തില്‍ നടപടി സ്വീകരിക്കില്ല. ഇതുമായി ബന്ധപ്പെട്ട് ഗോത്ര ജനതയുമായി ചര്‍ച്ച നടത്തിയ ശേഷമേ വേണമെങ്കില്‍ നിയമം നടപ്പാക്കൂ. ഇത് അംഗീകരിച്ച സാഹചര്യത്തിലാണ് മൃതദേഹം സംസ്‌കരിക്കാന്‍ ജനങ്ങള്‍ തയാറായത്. സംസ്ഥാനത്ത് അധികാരത്തിലേറിയ ബി.ജെ.പി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു സമരം അവസാനിപ്പിക്കുമെന്നത്. അടിയന്തരമായി ചര്‍ച്ച നടത്തി പ്രശ്‌നം അവസാനിപ്പിച്ചില്ലെങ്കില്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്നും സര്‍ക്കാരിന് അറിയാമായിരുന്നു. ഇതേതുടര്‍ന്നാണ് അവര്‍ തിരക്കിട്ട് സമരം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."