തട്ടുകടകളില്‍ നിന്നും പഴകിയ വെളിച്ചെണ്ണ പിടികൂടി
കൊല്ലം: നഗരത്തിലെ തട്ടുകടകളില്‍ വ്യാപകമായി പഴകിയ വെളിച്ചെണ്ണ ഉപയോഗിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എമാര്‍ തട്ടുകടകളുടെ പ്രശ്നം ഉന്നയിച്ചിരുന്നു.
ജില്ലാ കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പായിരുന്നു ഇന്നലെ പരിശോധന നടത്തിയത്. നഗരത്തില്‍ വ്യാപകമായി കാണുന്ന അഞ്ചു രൂപ കടകളിലായിരുന്നു പ്രധാനമായും പരിശോധന നടത്തിയത്. മിക്കയിടങ്ങളിലും ആഴ്ചകള്‍ പഴക്കമുള്ള പല പ്രാവശ്യം ഉപയോഗിച്ച വെളിച്ചെണ്ണ കണ്ടെത്തി.
കറുത്ത നിറത്തിലുള്ള വെളിച്ചണ്ണ ടിന്നുകളിലാണ് പലയിടങ്ങളിലും സൂക്ഷിച്ചിരുന്നത്. 15 തട്ടുകടകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചു. ഇവയ്ക്കെല്ലാം നോട്ടീസും നല്കി. വൃത്തി ഹീനമായ സാഹചര്യത്തില്‍ പാചകം ചെയ്യുന്ന ഹോട്ടലുകളില്‍ നിന്നും പിഴയീടാക്കുകയും ചെയ്തു.
കൊല്ലം തോടിന്റെ ഭാഗത്തെ ചില തട്ടുകടകളില്‍ മലിനജലം ഉപയോഗിക്കുന്നതായും കണ്ടെത്തി. വരും ദിവസങ്ങളില്‍ തട്ടുകടകളിലും ഹോട്ടലുകളിലും പരിശോധന നടത്തുമെന്നും ജില്ലാ ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."