പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ: പ്രിന്‍സിപ്പല്‍മാര്‍ക്കെതിരേയുള്ള നടപടിയില്‍ വിവേചനമെന്ന് ആക്ഷേപം
കോഴിക്കോട്: പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷയുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍മാര്‍ക്കെതിരേ നടപടി സ്വീകരിച്ചതില്‍ വിവേചനമെന്ന് ആക്ഷേപം. പരീക്ഷയില്‍ ആവശ്യത്തിന് ചോദ്യപേപ്പര്‍ ലഭിക്കാതായപ്പോള്‍ പരീക്ഷ മുടങ്ങാതിരിക്കാന്‍ പ്രിന്‍സിപ്പല്‍മാര്‍ ചോദ്യപേപ്പര്‍ സ്‌കൂളില്‍ നിന്ന് തന്നെ ഫോട്ടോകോപ്പി എടുത്ത് വിദ്യാര്‍ഥികളെ പരീക്ഷ എഴുതിച്ചതാണ് അവര്‍ക്ക് തന്നെ വിനയായത്.
ഈ കാരണം പറഞ്ഞു കോഴിക്കോട് ജില്ലയിലെ രണ്ട് പ്രിന്‍സിപ്പല്‍മാരെ പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ സസ്‌പെന്‍ഡ് ചെയ്യാനുള്ള ഉത്തരവിറക്കിയിരുന്നു. നേരത്തെയുള്ള ഷെഡ്യൂള്‍ അനുസരിച്ച് ജൂലൈ 22 നായിരുന്നു പരീക്ഷ തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ ഹാള്‍ ടിക്കറ്റ് കൃത്യസമയത്ത് വരാത്തതും പരീക്ഷ സോഫ്റ്റ്‌വെയര്‍ കിട്ടാതാവുകയുമായിരുന്നു.തുടര്‍ന്ന് ജൂലൈ 24നാണ് പരീക്ഷ തുടങ്ങിയത്. സംസ്ഥാനത്ത് മൊത്തം എത്ര വിദ്യാര്‍ഥികള്‍ വിവിധ സ്‌കൂളുകളില്‍ ഏതൊക്കെ വിഷയങ്ങള്‍ എഴുതുന്നു എന്ന് കൃത്യമായി ഹയര്‍സെക്കന്‍ഡറി ഡിപ്പാര്‍ട്‌മെന്റിനെ ഓരോ സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ സമയത്തുതന്നെ അറിയിച്ചിരുന്നു . എന്നാല്‍ പല വിഷയങ്ങളുടെയും ചോദ്യ പേപ്പര്‍ വിതരണം ചെയ്യാന്‍ ഡിപ്പാര്‍ട്‌മെന്റിന് കഴിഞ്ഞില്ല. പലതിലും വേണ്ടത്ര എണ്ണവും ഉണ്ടായിരുന്നില്ല.
കുറവുള്ള ചോദ്യപേപ്പറുകള്‍ ജില്ലാതല വിതരണ കേന്ദ്രത്തില്‍ നിന്നും എടുക്കാന്‍ നിര്‍ദേശമുണ്ടായിരുന്നെങ്കിലും പല വിഷയങ്ങള്‍ക്കും ആവശ്യമായ ചോദ്യപേപ്പര്‍ ലഭ്യമല്ലാത്ത അവസ്ഥയായിരുന്നു. മുന്‍ കാലങ്ങളില്‍ ഇത്തരത്തില്‍ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഫോട്ടോകോപ്പി എടുത്ത് പ്രിന്‍സിപ്പല്‍മാര്‍ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്താതെ തന്നെ പരീക്ഷ നടത്തിയിരുന്നു . ഇത്തവണയും സംസ്ഥാനത്തെ നിരവധി സ്‌കൂളുകളില്‍ ഇത്തരത്തില്‍ പരീക്ഷ നടന്നിട്ടുണ്ട്. എന്നാല്‍ നിക്ഷിപ്ത താല്‍പര്യത്തോടെ ചിലര്‍ പ്രിന്‍സിപ്പല്‍മാരെക്കുറിച്ചു പരാതിയുമായി വന്നതോടെ അവരുടെ ആവശ്യത്തിന് വഴങ്ങി ഹയര്‍ സെക്കന്‍ഡറി ഡയരക്ടറേറ്റ് നടപടിക്കൊരുങ്ങുകയായിരുന്നുവെന്നാണ് ആക്ഷേപമുയരുന്നത്. ആദ്യ ദിവസത്തെ പരീക്ഷക്ക് ചോദ്യ പേപ്പര്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ തുടര്‍ന്നുള്ള പരീക്ഷയുടെ ചില ചോദ്യപേപ്പറും കുറവുള്ളതായി കോഴിക്കോട് റീജിയണല്‍ ഡെപ്യൂട്ടി ഡയരക്ടറേയും(ആര്‍.ഡി.ഡി) പരീക്ഷാ വിഭാഗം ജോയിന്റ് ഡയരക്ടറേയും അറിയിച്ചെങ്കിലും ചോദ്യപേപ്പര്‍ ലഭ്യമാക്കിയില്ല. ഈ സാഹചര്യത്തിലാണ് താമരശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കുറവുള്ള ചോദ്യപേപ്പര്‍ ആര്‍.ഡി.ഡി യുടെ നിര്‍ദേശപ്രകാരം കോപ്പിയെടുത്ത് പരീക്ഷ നടത്തിയത്. കായക്കൊടി കെ.പി.ഇ എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രണ്ടാം ദിവസത്തെ പരീക്ഷക്ക് ആര്‍.ഡി.ഡി നേരിട്ട് എത്തി ഫോട്ടോകോപ്പി എടുത്ത് നല്‍കുകയായിരുന്നു . പരീക്ഷാ സമയത്ത് ചീഫ് സൂപ്രണ്ട് , ഡെപ്യൂട്ടി ചീഫ് , ഇന്‍വിജിലേറ്റര്‍ എന്നിവരില്‍ നിന്ന് സാധാരണ വീഴ്ചകള്‍ ഉള്ളതായി ബോധ്യപ്പെട്ടാല്‍ തുടര്‍ പരീക്ഷകളില്‍ നിന്ന് മാറ്റി നിര്‍ത്തി പിന്നീട് ഹിയറിങ് നടത്തി ഉചിതമായ തീരുമാനം എടുക്കുകയാണ് പതിവ് . എന്നാല്‍ ഈ നടപടി ക്രമങ്ങള്‍ ഒന്നും പാലിക്കാതെ ചില വിദ്യാര്‍ഥി സംഘടനകള്‍ ഉന്നയിച്ച ആരോപണം മറയാക്കി തിടുക്കപ്പെട്ട് പ്രിന്‍സിപ്പല്‍മാരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നുവെന്ന ആക്ഷേപമാണ് ഉയരുന്നത്.
പ്രിന്‍സിപ്പല്‍മാര്‍ ഉള്‍പ്പെടെ അധ്യാപകരുടെ മനോവീര്യം തകര്‍ക്കുന്ന ഇത്തരം നീക്കങ്ങളില്‍ നിന്ന് ഡിപ്പാര്‍ട്ടമെന്റ് പിന്മാറണമെന്ന് കെ.എച്ച്.എസ്.ടി യു സംസ്ഥാന പ്രസിഡന്റ് കെ ടി അബ്ദുല്‍ ലത്തീഫും ജനറല്‍ സെക്രട്ടറി ഒ ഷൗക്കത്തലിയും ആവശ്യപ്പെട്ടു . പ്രിന്‍സിപ്പല്‍മാര്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ അധ്യാപകര്‍ ആര്‍.ഡി.ഡി ഓഫിസ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."