അറവ് നിയന്ത്രണം: കന്നുകാലികളെ വളര്‍ത്തുന്നത് വലിയ ബാധ്യതയായെന്ന് കൃഷിമന്ത്രി
കോട്ടയം: അറവ് നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം മൂലം കേരളത്തില്‍ കന്നുകാലികളെ വളര്‍ത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. കന്നുകാലി വളര്‍ത്തല്‍ കൃഷിക്കാര്‍ക്ക് വലിയ ബാധ്യതയായി മാറി.
കര്‍ഷകന്‍ പാലിന്റെ വിലകൂട്ടിയാലാണ് പ്രശ്‌നം. 24 മണിക്കൂറും കഷ്ടപ്പെട്ടാണ് കര്‍ഷകര്‍ പശുവിനെ വളര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികാഘോഷപരിപാടിയുടെ ഭാഗമായി കൃഷിവകുപ്പ് സംഘടിപ്പിച്ച 'കാര്‍ഷിക കേരളം- ഭാവിയും വെല്ലുവിളികളും' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാര്‍ഷികസംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി ഓണത്തിന് ഒരുമുറം പച്ചക്കറി എന്റെ വീട്ടില്‍ എന്ന മുദ്രാവാക്യമാണ് വരുന്ന ഓണക്കാലത്ത് കൃഷിവകുപ്പ് മുന്നോട്ടുവയ്ക്കുന്നത്. ഇതിന്റെ ഭാഗമായി ഓണത്തിന് മുന്‍പ് കേരളത്തിലെ 68 ലക്ഷം കുടുംബങ്ങള്‍ക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യും.
ഒരു വീട്ടില്‍ ഏതെങ്കിലുമൊരു കൃഷി ചെയ്തിരിക്കണമെന്നതാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ കൃഷി ഉള്‍പ്പെടുത്തുന്നതോടെ കൃഷി പഠിക്കാതെ 10ാം ക്ലാസ് പാസാവാന്‍ പാടില്ലെന്ന തരത്തിലേക്ക് മാറും.
കേരളത്തിലെ റബര്‍ കൃഷി മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണും.
ഹരിതകേരളം പച്ചക്കറി വികസന പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനവും അവാര്‍ഡ് വിതരണവും വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്‌നിര്‍വഹിച്ചു. സി.കെ ആശ എം.എല്‍.എ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."