കാലവര്‍ഷം: കൂടുതല്‍ മഴ ലഭിച്ചത് വൈക്കത്തും മാവേലിക്കരയിലും
തിരുവനന്തപുരം: കൊടുംവേനലില്‍ നേരിട്ട വരള്‍ച്ചയ്ക്കും ചൂടിനും കുടിവെള്ള ക്ഷാമത്തിനും ആശ്വാസമായി കേരളത്തില്‍ കാലവര്‍ഷമെത്തി.
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും മികച്ച രീതിയില്‍ മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലും മഴ ശക്തമാണ്. നിലയ്ക്കാതെ പെയ്യുന്ന മഴ എത്തിയതിന്റെ ആശ്വാസത്തിലാണ് കേരളം. ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിലെ വൈക്കത്തും ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലുമാണ്. ആറ് സെന്റിമീറ്റര്‍ വീതം മഴയാണ് ഈ പ്രദേശങ്ങളില്‍ പെയ്തത്.
വരുന്ന നാലു ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. മധ്യകേരളത്തിലും തെക്കന്‍ജില്ലകളിലും കനത്ത മഴയാണ് ലഭിച്ചത്. വടക്കന്‍ ജില്ലകളില്‍ മഴ ശക്തിപ്പെട്ടുവരുന്നുണ്ട്. ഏറ്റവും രൂക്ഷമായ വരള്‍ച്ച നേരിടുന്ന തിരുവനന്തപുരത്ത് മികച്ച രീതിയില്‍ മഴ ലഭിച്ചു. മലയോര പ്രദേശങ്ങളിലും മഴ തിമിര്‍ത്തു പെയ്തതോടെ ജലസംഭരണികളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. ജലനിരപ്പ് ക്രമാതീതമായി താണ പേപ്പാറ സംഭരണിയുടെ വൃഷ്ടി പ്രദേശമായ അഗസ്ത്യവന മേഖലയിലും ശക്തമായ മഴ ലഭിക്കുന്നുണ്ട്. 17 ദശലക്ഷം ക്യുബിക് മീറ്ററാണ് പേപ്പാറയില്‍ സംഭരിക്കാവുന്ന ജലം. പേപ്പാറ ഡാമിലേക്ക് വെള്ളം എത്തിയാലേ തലസ്ഥാന നഗരത്തില്‍ കുടിവെള്ളം കിട്ടൂ എന്ന അവസ്ഥ നിലനില്‍ക്കുന്നതിനിടെയാണ് ആശ്വാസമായി മഴ എത്തിയത്.
മഴ ശക്തിപ്രാപിച്ചതോടെ തിരുവനന്തപുരം, കൊച്ചി ഉള്‍പ്പടെ നഗരപ്രദേശങ്ങളില്‍ വെള്ളക്കെട്ടും രൂക്ഷമായി. കാലവര്‍ഷം മുന്‍നിര്‍ത്തി ഓടകള്‍ വൃത്തിയാക്കാന്‍ കോര്‍പ്പറേഷനുകളും നഗരസഭകളും താല്‍പര്യം എടുക്കാതിരുന്നതാണ് വെള്ളക്കെട്ടിന് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."