കേരളാ കോണ്‍ഗ്രസ് പ്രതിസന്ധി: കോടതി വിധിക്കുശേഷം ചിത്രം തെളിയും
കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസഫ്-ജോസ്.കെ മാണി വിഭാഗങ്ങളുടെ ഭാവി ഓഗസ്റ്റ് മൂന്നിന് തൊടുപുഴ കോടതിയിലെ വിധിക്ക് ശേഷം വ്യക്തമാകും.
ജോസ്.കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്ത നടപടി ചോദ്യം ചെയ്ത് പി.ജെ ജോസഫ് നല്‍കിയ ഹരജിയിലാണ് വിധി വരാനിരിക്കുന്നത്. വിധി ഇരുവിഭാഗങ്ങള്‍ക്കും യു.ഡി.എഫിനും നിര്‍ണായകമാകും. പി.ജെ ജോസഫിന് അനുകൂലമാണ് വിധിയെങ്കില്‍ കേരളാ കോണ്‍ഗ്രസിനും യു.ഡി.എഫിനും വലിയ പ്രതിസന്ധി സൃഷ്ടിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ടുണ്ടായ വലിയ തര്‍ക്കങ്ങള്‍ ജോസ്.കെ മാണി വിഭാഗത്തിന് വലിയ നഷ്ടങ്ങളുണ്ടാക്കി. രണ്ട് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ജോസഫ് വിഭാഗത്തോടൊപ്പം ചേര്‍ന്നത് നേതൃത്വത്തിന്റെ വീഴ്ചയാണെന്ന തരത്തിലാണ് പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍. തങ്ങള്‍ക്ക് മേല്‍കൈയുള്ള കോട്ടയത്ത് രണ്ട് ജില്ലാ പഞ്ചായത്തംഗങ്ങള്‍ ജോസഫിനൊപ്പം പോയത് നിസാരമായി കാണാനാവില്ലെന്നാണ് ഈ വിഭാഗത്തിന്റെ കണക്കു കൂട്ടല്‍.
അടുത്ത തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ രണ്ട് പാര്‍ട്ടികളായി നിലനില്‍ക്കുമ്പോള്‍, ജോസ്.കെ മാണി വിഭാഗത്തിന് കൂടുതല്‍ സീറ്റുകള്‍ കോട്ടയം ജില്ലയില്‍ തന്നെ നഷ്ടമാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഒക്ടോബര്‍ മാസത്തിനുള്ളില്‍ പാലാ ഉപതെരഞ്ഞെടുപ്പും വരാനിരിക്കെ ജോസ്.കെ മാണി വിഭാഗത്തിന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്ന് വ്യക്തം. ജില്ലാ പഞ്ചായത്തിലെ ധാരണക്കെതിരേ രംഗത്ത് വന്ന ജോസഫ്, പാലാ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിക്കുമെന്ന സൂചന നല്‍കിയതും ശ്രദ്ധേയമാണ്. പാലായില്‍ നിഷാ ജോസ്.കെ മാണി തന്നെ സ്ഥാനാര്‍ഥിയാകുമെന്നാണ് അറിയുന്നത്.
സ്ഥാനാര്‍ഥിത്വം മുന്നില്‍ കണ്ട് മണ്ഡലത്തില്‍ ജനസമ്പര്‍ക്ക പ്രവര്‍ത്തനങ്ങള്‍ അനൗപചാരികമായി തന്നെ നിഷ ആരംഭിച്ചിട്ടുണ്ട്. പാലായില്‍ കെ.എം മാണിക്ക് പോലും വന്‍ ഭൂരിപക്ഷം നേടാനാകാതിരുന്ന സാഹചര്യത്തില്‍ നിഷയെ പോലെ തുടക്കക്കാരിക്ക് എത്ര കണ്ട് വോട്ടു നേടാനാവുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ പി.ജെ ജോസഫ് ഉയര്‍ത്തുന്ന ഭീഷണി ജോസ്.കെ.മാണി വിഭാഗത്തിനും യു.ഡി.എഫിനും തിരിച്ചടിയാകും. എന്നാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പി.ജെ ജോസഫിന്റെ പ്രതികരണം വൈകാരികമായി മാത്രം കണ്ടാല്‍ മതിയെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. തല്‍ക്കാലം കേരളാ കോണ്‍ഗ്രസ് (എം)ല്‍ എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി കരുതുന്നില്ലെന്നും കോട്ടയം ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. ഏതായാലും കോടതി വിധിക്ക് ശേഷം തെളിയുന്ന രാഷ്ട്രീയ ചിത്രം എന്തായാലും കോണ്‍ഗ്രസിനും യു.ഡി.എഫിനും കാര്യങ്ങള്‍ അത്ര സുഖകരമാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."