എല്‍.ഡി.എഫ് ഏറ്റവും ദുര്‍ബലമായ അവസ്ഥയിലെന്ന് കാനം
കോഴിക്കോട്: എല്‍.ഡി.എഫ് ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐ ദേശീയ കൗണ്‍സില്‍ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളുടെ മേഖലാ കണ്‍വന്‍ഷനിലാണ് മുന്നണിയുടേയും പാര്‍ട്ടിയുടേയും ഇപ്പോഴത്തെ ദയീനീയ സ്ഥിതി കാനം തുറന്നുകാട്ടിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ 12 ശതമാനം വോട്ടിന്റെ വ്യത്യാസം ഗൗരവതരമായി കാണേണ്ടതാണ്.
ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തിയാലേ പഴയ അവസ്ഥയിലേക്ക് തിരികെപോകാന്‍ കഴിയൂ. സി.പി.ഐയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തേണ്ടതുണ്ട്. ഈ സ്ഥിതിയില്‍ മുന്നോട്ടുപോയാല്‍ തിരിച്ചടികള്‍ തുടരുമെന്നും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. രാജ്യത്തെ ഇടതുപക്ഷ പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകണമെന്നതാണ് സി.പി.ഐയുടെ അഭിപ്രായം. മുഖ്യധാരാ ഇടതുപക്ഷ പാര്‍ട്ടികളെല്ലാം ഈ നിര്‍ദേശത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ഇടതുപക്ഷ പാര്‍ട്ടികളെയെല്ലാം ഒരു കൊടിക്കീഴില്‍ കൊണ്ടുവരികയെന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും കാനം കൂട്ടിച്ചേര്‍ത്തു.
മോദിസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രതിപക്ഷ ഐക്യം കൂടുതല്‍ ശക്തമാക്കാന്‍ കഴിയണമെന്ന സന്ദേശമാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. തമിഴ്‌നാട്ടില്‍ പിടിമുറുക്കാന്‍ എ.ഐ.എ.ഡി.എം.കെയുമായി ചേര്‍ന്ന് ബി.ജെ.പി പരിശ്രമിച്ചിട്ടും നടക്കാതിരുന്നത് പ്രതിപക്ഷ ഐക്യം ഒന്നുകൊണ്ട് മാത്രമാണ്. ബി.ജെ.പി സര്‍ക്കാരിന് ശക്തമായ ബദല്‍ ഉയര്‍ത്താന്‍ കഴിയുമെന്നാണ് തമിഴ്‌നാട് തെളിയിക്കുന്നത്. ഇടതുപക്ഷത്തെ ചെറുതാക്കാന്‍ എല്ലാ ശക്തികളും ഒരുമിക്കുകയായിരുന്നു. അത് ഇടതുപക്ഷത്തിന്റെ വോട്ടിലും പ്രതിഫലിച്ചു. ബി.ജെ.പി സര്‍ക്കാരിന് ബദലാവാന്‍ കോണ്‍ഗ്രസിന് കഴിയുമെന്ന് വോട്ടര്‍മാര്‍ ചിന്തിച്ചതാണ് കേരളത്തില്‍ യു.ഡി.എഫിന് മേല്‍ക്കൈ ലഭിക്കാന്‍ കാരണമായത്. എന്നിരുന്നാലും സംസ്ഥാനത്തെ 85 ശതമാനം വോട്ടര്‍മാരും ബി ജെ പിയ്ക്ക് എതിരാണെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും കാനം പറഞ്ഞു. സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി കൃഷ്ണദാസ് അധ്യക്ഷനായി. സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനങ്ങള്‍ വിശദീകരിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.പി സുനീര്‍, കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.വി ബാലന്‍, സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര തുടങ്ങിയവരും സംബന്ധിച്ചു.
എല്ലാ ദിവസവും പിണറായിയെ
വിമര്‍ശിക്കല്‍ നടക്കില്ല: കാനം
കോഴിക്കോട്: താന്‍ എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് പിണറായി വിജയനെ വിമര്‍ശിക്കണമെന്ന് പറഞ്ഞാല്‍ നടക്കില്ലെന്നു കാന. ഇടതുപക്ഷ നിലപാടില്‍നിന്നു സര്‍ക്കാര്‍ വ്യതിചലിക്കുന്നു എന്നു തോന്നിയപ്പോള്‍ വിമര്‍ശിച്ചിട്ടുണ്ട്. അതു തുടരും.
അതല്ലാതെ ആരുടേയെങ്കിലും ട്യൂണനുസരിച്ച് ഡാന്‍സ് ചെയ്യുന്ന ആളല്ല താനെന്നും കാനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിക്ക് എതിരായിരുന്നില്ല ഒരിക്കലും. ഇടത് നയങ്ങള്‍ മുന്‍നിര്‍ത്തിയാണ് മുന്നണിയിലെ പ്രവര്‍ത്തനം. അതില്‍ വ്യക്തി വിരോധത്തിന്റെ പ്രശ്‌നമില്ല.
മകനെതിരേയുള്ള ആരോപണങ്ങള്‍ കാര്യമാക്കുന്നില്ല. സി.പി.ഐയെ ക്ഷണിച്ച് കൊണ്ടുള്ള മുല്ലപ്പള്ളിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുന്നില്ല. സി.പി.ഐയുടെ രാഷ്ട്രീയമാണ് ഇടതുമുന്നണിയില്‍ നില്‍ക്കുന്നതിന്റെ കാര്യമെന്നും കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."