സുനന്ദയുടെ മരണം: കേസ് പുനരന്വേഷിക്കും
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് പുനരന്വേഷിക്കും. ഡല്‍ഹി പൊലിസ് കമ്മിഷണര്‍ അമുല്യ പട്നായിക് കേസ് പുനരന്വേഷിക്കാന്‍ ഉത്തരവിട്ടതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു. ഡല്‍ഹി പൊലിസിലെ നാലംഗസംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ ഈശ്വര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ വീര്‍ കിഷന് പാല് സിങ് യാദവ്, രവി ശങ്കര്‍, പ്രതീപ് റാവത്ത് എന്നിവരാണ് അംഗങ്ങള്‍. 2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ചാണക്യപുരിയിലെ ലീലാ പാലസില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് തരൂരിനെ കൂടാതെ, സുനന്ദയുടെ മകന് ശിവ് മേനോന്, ദമ്പതികളുടെ സുഹൃത്തുക്കള്‍, ജീവനക്കാര്‍, തരൂരിന്റെ അടുത്ത സുഹൃത്ത് പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാര്‍ എന്നിവരെയും ചോദ്യംചെയ്തിരുന്നു. വീട്ടുജോലിക്കാരെ നുണപരിശോധനയ്ക്കു വിധേയമാക്കുകയുമുണ്ടായി. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ സഹായം തേടിയ ഇന്ത്യയിലെ ഏക കൊലപാതകക്കേസാണിത്. വിഷം ഉള്ളില്‍ചെന്നതാണ് മരണകാരണമെന്ന് കണ്ടെത്തിയതോടെയാണ് സുനന്ദയുടെ ആന്തരികാവയവങ്ങള്‍ എഫ്.ബി.ഐക്ക് വിദഗ്ധ പരിശോധനയ്ക്കായി അയച്ചത്. എന്നാല്‍ എഫ്.ബി.ഐയും ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും തയാറാക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ മരണകാരണം സംബന്ധിച്ച സൂചന ലഭിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."