വൈറ്റില പാലം നിര്‍മാണത്തിലെ ക്രമക്കേട്: റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്തു
കൊച്ചി: വൈറ്റില പാലം നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്തു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.കെ ഷൈലാ മോളെയാണ് സസ്പെന്‍ഡ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫിസിന്റെതാണ് നടപടി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറായ ഉദ്യോഗസ്ഥ ചട്ടങ്ങള്‍ ലംഘിച്ച് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഓഫ് വിജിലന്‍സിന് റിപ്പോര്‍ട്ട് നല്‍കിയത് ക്രമ വിരുദ്ധമാണെന്നു കാണിച്ചാണ് നടപടി.
പാലം നിര്‍മാണത്തിന്റെ രണ്ടാംഘട്ട പരിശോധനാ റിപ്പോര്‍ട്ടാണ് ഉദ്യോഗസ്ഥ നല്‍കിയിരുന്നത്. പാലം പണിയില്‍ കാര്യമായ ക്രമക്കേട് നടന്നെന്നാണ് ഇവര്‍ കണ്ടെത്തിയത്. പാലാരിവട്ടം പാലത്തിന് പിറകെ വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിലും നിലവാരക്കുറവുണ്ടെന്ന ആരോപണം പൊതുമരാമത്ത് വകുപ്പിനെ പ്രതിരോധത്തിലാക്കിയിരുന്നു.
നിര്‍മാണത്തിന്റെ മേല്‍നോട്ടത്തില്‍ ഉദ്യോഗസ്ഥരും കരാറുകാരനും വീഴ്ച വരുത്തിയെന്നാണ് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സിന്റെ കണ്ടെത്തല്‍. അതേസമയം നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തേണ്ട ക്വാളിറ്റി കണ്ട്രോള് വിഭാഗം പാലം നിര്‍മാണത്തില്‍ എന്തെങ്കിലും തകരാറുള്ളതായി ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ ഓഫിസ് അറിയിച്ചു.
വൈറ്റില മേല്‍പ്പാലം നിര്‍മാണത്തിന്റെ മേല്‍നോട്ടത്തില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുന്നതായി ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് ജില്ലാ വിജിലന്‍സ് ഓഫിസര്‍ പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."