അപകടമരണങ്ങള്‍ പെരുകുന്നു: ഭീതിയോടെ ഒരു നാട്
ചക്കരക്കല്‍: ചക്കരക്കല്‍ മേഖലയില്‍ അപകടമരണങ്ങള്‍ തുടര്‍ക്കഥയാകുന്നു. ആര്‍.വി.മെട്ട, ഓടക്കടവ്, മൂന്നുപെരിയ, ഏച്ചൂര്‍ തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ അപകട മരണങ്ങള്‍ വര്‍ധിക്കുകയാണ്. ബോധവല്‍ക്കരണവും പൊലിസ് അധികൃതരുടെ പരിശോധനയും കര്‍ശനമാക്കുമ്പോഴും അപകടരമായ ഡ്രൈവിങ് നടക്കുന്നതാണ് അപകടങ്ങള്‍ വര്‍ധിക്കാനുള്ള പ്രധാനകാരണം. 18 വയസ് തികയുന്നതിന് മുന്‍പേ കുട്ടികള്‍ക്ക് ഇരുചക്രവാഹനങ്ങള്‍ വാങ്ങിക്കൊടുക്കുന്ന രക്ഷിതാക്കളുടെ എണ്ണവും വര്‍ധിക്കുകയാണ്. ഗ്രാമീണ മേഖലയിലും പട്ടണങ്ങളിലും ഇരുചക്രവാഹനങ്ങളുടെ അശ്രദ്ധമായ ഡ്രൈവിങ് പതിവ് സംഭവമാണ്. വഴി യാത്രക്കാര്‍ക്കടക്കം മറ്റ് വാഹനങ്ങള്‍ക്കും അപകടഭീഷണി ഉണ്ടാക്കുകയാണ് ഇരുചക്രവാഹനങ്ങള്‍.
ജൂണ്‍ 30 ന് വലിയന്നൂരില്‍ സ്‌കൂട്ടര്‍ തട്ടി പരുക്കേറ്റ വീട്ടമ്മയായ പത്മിനിയാണ് ചികില്‍സയ്ക്കിടെ കഴിഞ്ഞ ദിവസം മരിച്ചത്. ജൂലായ് 21 ന് പള്ളിപ്പൊയിലുണ്ടായ ദാരുണമായ അപകടത്തില്‍ സാവിത്രി എന്ന വയോധിക മരണപ്പെട്ടിരുന്നു. റോഡരികിലൂടെ നടന്നുപോകുമ്പോള്‍ ചക്കരക്കല്‍ ഭാഗത്തുനിന്നുവന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് സ്‌കൂട്ടറിടിച്ച് പരുക്കേറ്റ വാരം സ്വദേശിനിയായ ഒരുവീട്ടമ്മ ഇന്നലെയും മരണമടഞ്ഞു.
ഡ്രൈവിങ് ലൈസന്‍സില്ലാത്ത പതിനെട്ട് തികയാത്ത വിദ്യാര്‍ഥിയായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. സംഭവത്തില്‍ വിദ്യാര്‍ഥിയുടെ പിതാവിനെതിരെ പൊലിസ് നിയമ നടപടി സ്വീകരിച്ചിരുന്നു. അപകട മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയമപാലകരില്‍ നിന്നും കര്‍ശന നടപടികളുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."