ചരക്കുകപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബ്രിട്ടന്റെ മറ്റൊരു യുദ്ധക്കപ്പല്‍ കൂടി ഗള്‍ഫിലേക്ക്
ലണ്ടന്‍: ഹൊര്‍മുസ് കടലിടുക്കിലൂടെയുള്ള ബ്രിട്ടീഷ് ചരക്കുകപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനായി ബ്രിട്ടന്‍ ഒരു യുദ്ധക്കപ്പലിനെ കൂടി ഗള്‍ഫിലേക്കയച്ചു. എച്ച്.എം.എസ് ഡങ്കനെയാണ് അയച്ചത്.
എച്ച്.എം.എസ് മോണ്ട്‌റോസ് നിലവില്‍ ഗള്‍ഫിലുണ്ട്. എന്നാല്‍ സ്റ്റെനാ ഇംപെറോ കപ്പലിനെ ഇറാന്‍ പിടിച്ചപ്പോള്‍ അകലെയുണ്ടായിരുന്ന മോണ്ട്‌റോസിന് രക്ഷപ്പെടുത്താനായില്ല. ഈ സാഹചര്യത്തിലാണ് രണ്ടാമതൊരു യുദ്ധക്കപ്പലിനെ കൂടി അയക്കുന്നത്.
ലോകത്തെവിടെയും വാണിജ്യകപ്പലുകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനാകണം. ഹൊര്‍മുസില്‍ ബ്രിട്ടനു മാത്രമല്ല, അതിന്റെ സഖ്യരാജ്യങ്ങള്‍ക്കും കടല്‍യാത്രാ സ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് പറഞ്ഞു.
നിലവില്‍ 35 ചരക്കു കപ്പലുകള്‍ക്ക് എച്ച്.എം.എസ് മോണ്ട്‌റോസ് അകമ്പടി പോകുന്നുണ്ട്. എച്ച്.എം.എസ് ഡങ്കന്‍ അത്യാധുനിക യുദ്ധക്കപ്പലാണെന്നാണ് ബ്രിട്ടീഷ് നാവികസേന അവകാശപ്പെടുന്നത്.
ഓരോ കപ്പലിനും അകമ്പടിയായി യുദ്ധക്കപ്പലിനെ അയക്കുക പ്രായോഗികമല്ലെന്നായിരുന്നു മുന്‍ പ്രതിരോധമന്ത്രിയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."