ഗതാഗതമന്ത്രിയുടെ കനിവുകാത്ത് ഇരിട്ടി ട്രാന്‍. ഡിപ്പോ: പച്ചക്കൊടി കാത്ത്
ഇരിട്ടി: ജോയിന്റ് ആര്‍.ടി ഓഫിസ് ഉദ്ഘാടനത്തിനായി ഇന്നു ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഇരിട്ടിയില്‍ എത്തുമ്പോള്‍ ജനങ്ങള്‍ ചോദിക്കുന്നത് ഏഴുവര്‍ഷം മുന്‍പ് ഇവിടെ ഉദ്ഘാടനം ചെയ്ത കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോ ഇനിയെങ്കിലും യാഥാര്‍ഥ്യമാകുമോ എന്നാണ്. ഡിപ്പോയുടെ പ്രവര്‍ത്തനത്തിനു പച്ചക്കൊടി കാണിക്കാന്‍ മന്ത്രി മുന്‍കൈ എടുക്കുമെന്ന പ്രതീക്ഷയിലാണു മേഖലയിലുള്ളവര്‍. 2011ല്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ അവസാന കാലത്താണ് ഇരിട്ടിയില്‍ കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോ ഉദ്ഘാടനം ചെയ്തത്. പേരാവൂര്‍ എം.എല്‍.എയായിരുന്ന കെ.കെ ശൈലജ മുന്‍കൈയെടുത്ത് നടപ്പാക്കിയ ഡിപ്പോ ഗതാഗത മന്ത്രിയായിരുന്ന ജോസ് തെറ്റയില്‍ ഉദ്ഘാടനവും നിര്‍വഹിച്ചു.
എന്നാല്‍ രണ്ടുദിവസത്തിനകം ഒരു ബസ് പോലും എത്താതെ ഡിപ്പോ അടച്ചുപൂട്ടി. പയഞ്ചേരി മുക്കില്‍ ഇരിട്ടി ബ്ലോക്ക് ഓഫിസിനു സമീപത്തായി പഴശ്ശി ഇറിഗേഷന്‍ പദ്ധതിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു ഡിപ്പോ പ്രവര്‍ത്തനം ആരംഭിച്ചത്. ഇരിട്ടി നഗരസഭ രൂപം കൊള്ളുന്നതിനു മുന്‍പ് അന്നത്തെ കീഴൂര്‍-ചാവശ്ശേരി പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് പത്തു ലക്ഷത്തിലേറെ തുക ചെലവഴിച്ച് താത്കാലിക സംവിധാനങ്ങള്‍ ഒരുക്കിയായിരുന്നു ഡിപ്പോയുടെ ആദ്യഘട്ട പ്രവര്‍ത്തനം ആരംഭിച്ചത്.
ഉദ്ഘാടനത്തിനുശേഷം കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഡിപ്പോയിലേക്കു സുഗമമായി പ്രവേശിക്കാനുള്ള മതിയായ റോഡ് സംവിധാനം ഒരുക്കുന്നതിലുണ്ടായ പരാജയമാണു ഡിപ്പോ അടയ്ക്കാന്‍ ഇടയാക്കിയത്.
ഇതിലേക്കുള്ള റോഡ് റവന്യൂ വകുപ്പിനു കീഴില്‍ ഇരിട്ടി മിനി സിവില്‍സ്റ്റേഷന്‍ സ്ഥാപ ിക്കാന്‍ അനുവദിച്ച സ്ഥലമായിരുന്നു എന്ന വാദമുയര്‍ത്തി റവന്യൂവകുപ്പ് റോഡ് തടയുകയായിരുന്നു. ഇന്നും ഈ പ്രശ്‌നം കീറാമുട്ടിയായി കിടക്കുന്നു. പ്രവേശന വഴിയെന്ന അഴിയാക്കുരുക്ക് അഴിക്കുകയാണ് ഡിപ്പോ യാഥാര്‍ഥ്യമാക്കാനുള്ള ആദ്യ കടമ്പ. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സണ്ണി ജോസഫ് എം.എല്‍.എ നടത്തിയ ശ്രമങ്ങളും സാങ്കേതിക പ്രശ്‌നങ്ങളുടെ നൂലാമാലകളില്‍ കുടുങ്ങി.
വീണ്ടും എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണു കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോ വിഷയത്തിനു ജീവന്‍വച്ചത്. ഡിപ്പോ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനായി കെ.എസ.ആര്‍.ടി.സിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലം സന്ദര്‍ശിച്ചു. ഉടന്‍ സബ് ഡിപ്പോ പ്രാവര്‍ത്തികമാകുമെന്ന നിലയില്‍ കാര്യങ്ങള്‍ നീങ്ങിയെങ്കിലും മൂന്നുവര്‍ഷം തികയാറാവുമ്പോഴും ഡിപ്പോയുടെ അവസ്ഥ പഴയനിലയില്‍ തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."