ഹന്‍സിതയുടെ ഒരു ഭാഗം കടലില്‍ ചരിഞ്ഞു; അടുത്തെങ്ങും തീരം വിടാന്‍ സാധ്യതയില്ല
കൊല്ലം: ഇരവിപുരം കാക്കത്തോപ്പ് തീരത്തടിഞ്ഞ മണ്ണുമാന്തി കപ്പലായ ഹന്‍സിത അടുത്തെങ്ങും തീരം വിടാന്‍ സാധ്യതയില്ല. ശക്തമായ കടല്‍ക്ഷോഭം മൂലം കപ്പല്‍ ഒരുവശത്തേക്ക് ചരിഞ്ഞുതുടങ്ങി. തിരമാലകളുടെ ശക്തിയില്‍ ഒരു ഭാഗത്തെ മണ്ണ് നീങ്ങിയതോടെയാണ് കപ്പലിന്റെ മുന്‍വശം കടലിലേക്ക് ചരിഞ്ഞത്. കപ്പല്‍ മാറ്റുന്നതിന് ജില്ലാ ഭരണകൂടം നല്‍കിയ സമയപരിധി ഒരാഴ്ച മുമ്പ് അവസാനിച്ചിരുന്നു. കപ്പല്‍ മാറ്റുന്നതിനായി നാട്ടുകാര്‍ നടത്തുന്ന റിലേസമരം ഓരാഴ്ച പിന്നിട്ടു.
ഒരാഴ്ച മുമ്പ് ടഗ്ഗുകളുടെ സഹായത്തോടെ കപ്പല്‍
നീക്കാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. റോപ്പുകള്‍ പൊട്ടിയതും കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകുകയും ചെയ്തതാണ് കപ്പല്‍ നീക്കാനുള്ള ശ്രമത്തെ തടസപ്പെടുത്തിയത്.
അതേ സമയം ഇരവിപുരം കാക്കത്തോപ്പിലേക്ക് കപ്പല്‍ കാണാനെത്തുന്നവരുടെ തിരക്കേറുകയാണ്. കൊല്ലം ബീച്ചിനേക്കാള്‍ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇതോടെ തീരദേശപാത വന്‍ഗതാഗതക്കുരുക്കിലമര്‍ന്നു. സന്ദര്‍ശകര്‍ പാതയുടെ ഇരുവശങ്ങളിലും വാഹനങ്ങള്‍ നിര്‍ത്തിയിട്ടിട്ടാണ് കപ്പല്‍ കാണാന്‍ പോകുന്നത്. കൊല്ലം ബീച്ചുമുതല്‍ ഇരവിപുരം വരെയുള്ള നാല് കിലോമീറ്ററോളം വരുന്ന പാതയുടെ ഇരുവശങ്ങളിലും ഏതു സമയവും വാഹനങ്ങളുടെ നീണ്ട നിരയായിരിക്കും. ഇത് മണിക്കൂറുകള്‍ ഗതാഗതക്കുരുക്കാണുണ്ടാക്കുന്നത്. തീരദേശ പാത വഴി കടന്നുപോകുന്ന നൂറുകണക്കിന് യാത്രക്കാരും പ്രദേശവാസികളുമാണ് ഇതുകാരണം ദുരിതത്തിലായിരിക്കുന്നത്. എന്തെങ്കിലും അത്യാഹിതം ഉണ്ടായാല്‍ എങ്ങനെഇവിടം വിട്ട് പുറത്തുകടക്കും എന്നറിയാതെ കുഴങ്ങുകയാണ് തീരദേശവാസികള്‍.
കപ്പല്‍ കിടക്കുന്നിടത്തേക്ക് പോകാനുള്ള വഴി കയര്‍ കെട്ടി തടഞ്ഞിട്ടുണ്ടെങ്കിലും കാണാനെത്തുന്നവര്‍ക്ക് അതൊരു തടസ്സമല്ല. കയര്‍ ചാടികടന്നാണ് പലരും കപ്പലിനടുത്തേക്കെത്തുന്നത്. ഒഴിവുദിവസമായ ഇന്നലെ നൂറുകണക്കിനാളുകളാണ് കാക്കത്തോപ്പിലെത്തിയത്. ഇവിടെ ഇവരെ നിയന്ത്രിക്കുന്നതിന് പൊലിസോ സുരക്ഷാ ജീവനക്കാരോ ഉണ്ടായിരുന്നില്ല.
ഹന്‍സിത തീരത്തടിഞ്ഞതോടെ തീരദേശവാസകള്‍ ദുരിതത്തിലാണ്. ശക്തമായ തിരമാലകളെ തുടര്‍ന്ന് പ്രദേശത്തെ കടല്‍ഭിത്തികള്‍ തകര്‍ന്നു. നിരവധി വീടുകള്‍ തകര്‍ന്നു. തുറമുഖ വകുപ്പ് മുമ്പ് കാണിച്ച അനാസ്ഥയാണ് തീരദേശവാസികളെ ഈ ദുരിതത്തിലേക്ക് തള്ളിവിട്ടത്.
തുറമുഖ വകുപ്പിന് വാടക കുടിശിക നല്‍കാത്തതിനെ തുടര്‍ന്നാണ് കൊല്ലം തുറമുഖത്തിന് സമീപം ഹന്‍സിക എന്ന കപ്പല്‍ അധികൃതര്‍ പിടിച്ചിട്ടത്. മുംബൈയിലെ മേഘ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹന്‍സിത' കൊച്ചി തുറമുഖത്തു നിന്ന് 2013 മാര്‍ച്ച് 26നാണ് കൊല്ലം തുറമുഖത്ത് എത്തിച്ചത്. ഡ്രെഡ്ജിങ്ങുമായി ബന്ധപ്പെട്ടുണ്ടായ കേസില്‍ കപ്പല്‍ ഒന്നരവര്‍ഷം കൊച്ചി തുറമുഖത്ത് പിടിച്ചിട്ടിരുന്നു. ഇതിനിടെ യന്ത്രത്തകരാറിലായ കപ്പല്‍ കേസ് ഒത്തുതീര്‍പ്പായ മുറയ്ക്ക് അറ്റകുറ്റപ്പണിക്കായി മര്‍ക്കന്റൈന്‍സ് മറൈന്‍ ഡിപാര്‍ട്ട്‌മെന്റിന്റെ ടഗ്ഗ് കെട്ടിവലിച്ച് കൊല്ലത്ത് എത്തിക്കുകയായിരുന്നു.
മണ്ണുമാന്തിക്കപ്പല്‍ ദീര്‍ഘകാലം തുറമുഖത്തിനടുത്ത് കിടക്കുന്നതിലെ അപകടത്തെപ്പറ്റി തീരദേശ പൊലിസ് പലവട്ടം മുന്നറിയിപ്പ് നല്‍കിയെങ്കിലും തുറമുഖ വകുപ്പ് അധികൃതര്‍ മൗനം പാലിച്ചതാണ് ഈ സ്ഥിതിക്കു കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."