ഒരുകോടിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍
കുന്നംകുളം: ജില്ലയില്‍ 14 നിയോജക മണ്ഡലങ്ങളിലെയും പ്രളയബാധിതര്‍ക്ക് ഒരു കോടിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി കുന്നംകുളം ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍.
റിലീഫ് സെല്‍ ചെയര്‍മാന്‍ ഇ.പി കമറുദ്ദീന്റെ നേതൃത്വത്തിലാണ് യാതൊരു മത രാഷ്ട്രീയ വേര്‍തിരിവുകളില്ലാതെ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മാതൃകയായത്. ആദ്യഘട്ടത്തില്‍ ദുരിതം അനുഭവിച്ച ഇടുക്കി ജില്ലയിലെ അടിമാലിയില്‍ ലക്ഷങ്ങളുടെ സാധനങ്ങളെത്തിച്ചു. പിന്നീട് വലിയ പ്രളയമുണ്ടായ തൃശൂര്‍ ജില്ലയില്‍ 10,000 സഹോദരിമാര്‍ക്ക് 70 ലക്ഷം രൂപയുടെ ചുരിദാറുകള്‍ മാത്രം സമ്മാനിച്ചു. പുതുക്കാട് മണ്ഡലത്തിലെ വരന്തരപ്പിള്ളി പഞ്ചായത്തില്‍ 150 പേര്‍ക്ക് ഭക്ഷണകിറ്റും വസ്ത്രവും പുതപ്പുമടക്കം ഒരു ലക്ഷം രൂപയുടെ സാധനങ്ങളും 750 സഹോദരിമാര്‍ക്ക് ചുരിദാറുകളും കയ്പമംഗലത്ത് ചെന്നൈ കെ.എം.സി.സിയുടെ സഹായത്തോടെ 400 കിറ്റുകളും വിതരണം ചെയ്തു.
തളിക്കുളത്ത് ക്യാമ്പില്‍ 60,000 രൂപയുടെ സാധനങ്ങളും ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ ചേറ്റുവയിലെ രണ്ടു ക്യാംപുകളിലും പുന്നയൂരിലെ രണ്ട് ക്യാംപുകളിലുമായി 500 വീതവും കുന്നംകുളം നഗരസഭയില്‍ 150 ഭക്ഷണകിറ്റും എത്തിച്ചു. വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് അടക്കമുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ട്. നേരത്തെ റിലീഫ് സെല്ലിന്റെ നേതൃത്വത്തില്‍ കുന്നംകുളം മണ്ഡലത്തില്‍ പത്ത് ബൈത്തുറഹ്മ വീടുകളും നിര്‍മിച്ചു നല്‍കിയിരുന്നു. കൂടാതെ ആറു വര്‍ഷമായി കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമടക്കം 200 പേര്‍ക്ക് രാത്രി ഭക്ഷണവും നല്‍കിവരുന്നുണ്ടെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ ഇ.പി കമറുദ്ദീന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."