ഗരത് ബെയില്‍ ചൈനയിലേക്കില്ല ചൈനീസ് ക്ലബ് നല്‍കുന്ന തുക അപര്യാപ്തമെന്ന് പെരസ്
മാഡ്രിഡ്: റയല്‍ മാഡ്രിഡ് താരം ഗരത് ബെയിലിന്റെ കാര്യത്തില്‍ വീണ്ടും ട്വിസ്റ്റ്. ഇന്നലെ താരം റയല്‍ വിട്ട് ചൈനയിലേക്ക് പോകുമെന്ന തരത്തില്‍ വാര്‍ത്തയുണ്ടായിരുന്നു. മൂന്ന് വര്‍ഷത്തെ കരാറില്‍ ആഴ്ചയില്‍ ഒരുമില്യന്‍ യൂറോ പ്രതിഫലം നല്‍കാമെന്നായിരുന്നു ചൈനീസ് ക്ലബായ ജിങ്‌സു സണ്ണിങ് പറഞ്ഞിരുന്നത്. എന്നാല്‍ ഈ തുക മതിയാകാത്തതിനെ തുടര്‍ന്നാണ് ബെയിലുമായുള്ള ഡീല്‍ റദ്ദാക്കുന്നതെന്ന് റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ലോറന്റിനോ പെരസ് വ്യക്തമാക്കി. ഇതോടെ ബെയിലിന്റെ കാര്യം വീണ്ടും അവതാളത്തിലായി.
ചൈനീസ് ലീഗിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഈ മാസത്തോടെ തീരും. ഇതോടെ ബെയിലിന് ചൈനയിലേക്കുള്ള വാതില്‍ അടയും. ബെയിലിന്റെ പ്രതിഫലത്തുക താങ്ങാന്‍ കഴിയാത്തത് കാരണമാണ് മറ്റു ക്ലബുകള്‍ താരത്തിന് വേണ്ടി രംഗത്തെത്താത്തത്. ഇതോടെ ബെയില്‍ ഈ സീസണില്‍ കൂടി സാന്റിയാഗോ ബെര്‍ണബ്യൂവിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
നിലവിലെ സാഹചര്യത്തില്‍ ബെയിലിനെ റയല്‍ മാഡ്രിഡിന് ഉപയോഗിക്കാമെങ്കിലും പരിശീലകന്‍ സിനദീന്‍ സിദാനുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയാണ് പ്രധാന പ്രശ്‌നം. 2013 ല്‍ ടോട്ടന്‍ഹാമില്‍ നിന്ന് ലോക റെക്കോര്‍ഡ് തുകയായ 85 മില്യന്‍ യൂറോക്കായിരുന്നു ബെയില്‍ റയല്‍ മാഡ്രിഡിലെത്തിയത്. റയല്‍ മാഡ്രിഡിനൊപ്പം നാല് ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ ബെയിലിന് സിനദീന്‍ സിദാന്റെ രണ്ടാം വരവിലാണ് കഷ്ടകാലം ആരംഭിച്ചത്.
നിരന്തര പരുക്ക് കാരണം താരത്തിന് കൂടുതല്‍ സമയം കളത്തിലിറങ്ങാന്‍ കഴിയാത്തത് കഴിഞ്ഞ സീസണില്‍ തിരിച്ചടിയായിരുന്നു. ചൈനീസ് ക്ലബിലേക്കുള്ള വാതിലടഞ്ഞതോടെ ബെയിലിന്റെ കാര്യത്തില്‍ റയലും സിദാനും എന്ത് തീരുമാനിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് കായിക ലോകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."