പൈനൂര്‍ എല്‍.പി സ്‌കൂള്‍ നിയമന ഉത്തരവ് റദ്ദാക്കി
വാടാനപ്പള്ളി: പൈനൂര്‍ എല്‍.പി സ്‌കൂള്‍ നിയമന ഉത്തരവ് റദ്ദാക്കി. ഉത്തരവ് റദ്ദാക്കിയ നടപടിക്കെതിരേ മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കി.
പൈനൂര്‍ എന്‍.എല്‍.പി സ്‌കൂളിലേക്ക് നിയമിച്ച സംരക്ഷിത അധ്യാപിക ഇനിയെത്തില്ല. തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഇറക്കിയ നിയമന ഉത്തരവ് റദ്ദുചെയ്തു കൊണ്ടുള്ള ഉത്തരവ് ശനിയാഴ്ച വിദ്യാലയത്തിലെത്തി. വെമ്പല്ലൂര്‍.ജി.എല്‍.പി.എസ് ലെ സംരക്ഷിത അധ്യാപിക എ.സി ലിജിയെയാണ് പൈനൂര്‍ എന്‍.എല്‍.പി.എസ് ലേക്ക് നിയമിച്ച് കൊണ്ട് ഡി.ഡി.ഇ ഉത്തരവ് ഇറക്കിയത്.
എന്നാല്‍ ഉത്തരവ് അനുസരിക്കാതെ ജോലി ചെയ്യുന്ന വിദ്യാലയത്തില്‍ തന്നെ അധ്യാപിക തുടരുന്നത് ഭരണപക്ഷ അധ്യാപക സംഘടനാ നേതാവിന്റെ സംരക്ഷണത്തിലാണെന്ന ആക്ഷേപമുയര്‍ന്നിരുന്നു. നിയമന ഉത്തരവ് നടപ്പിലാക്കണമെന്നും അധ്യയന വര്‍ഷാരംഭം മുതല്‍ അധ്യാപികയില്ലാതെ പഠനം മുടങ്ങുന്ന കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ബാലാവകാശ പ്രവര്‍ത്തകര്‍ ജില്ലാകലക്ടര്‍ക്ക് പരാതിയും നല്‍കിയിരുന്നു.
ഇതിനിടയിലാണ് ഉത്തരവ് റദ്ദുചെയ്തു കൊണ്ട് പുതിയ അറിയിപ്പ് വിദ്യാലയത്തിലെത്തിയത്. ഉത്തരവ് റദ്ദുചെയ്ത നടപടി കുട്ടികളുടെ അവകാശങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബാലാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു.
വിദ്യാഭ്യാസ ഉപഡയരക്ടറുടെ ഓഫിസ് ഭരണകക്ഷി അധ്യാപക സംഘടനയുടെ നിര്‍ദേശം നടപ്പാക്കുന്ന കാര്യാലയമായി അധഃപതിച്ചുവെന്നും അവര്‍ പറഞ്ഞു. മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ മോഹന്‍ദാസിന് ജവഹര്‍ ബാലവിഹാര്‍ ജില്ലാ ചെയര്‍മാന്‍. ആന്റോ തൊറയന്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."