മാള ടൗണ്‍ റോഡ് കാന നിര്‍മാണം അശാസ്ത്രീയമെന്ന് ആക്ഷേപം
മാള: മാള ടൗണ്‍ റോഡ് സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി മാള ടൗണില്‍ നിര്‍മിച്ചിരിക്കുന്ന കാന അശാസ്ത്രിയമാണെന്ന് പരാതി.
മാള ടൗണില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് പരിസരത്ത് നിന്ന് മാള കെ.എസ്.ആടി.സിയ്ക്ക് സമീപമുള്ള മാളച്ചാലിലേക്ക് വെള്ളം ഒഴുകി പോകുന്ന വിധത്തിലാണ് കാന നിര്‍മിക്കുന്നത്. എന്നാല്‍ മഴവെള്ളം വേഗത്തിന്‍ ഒഴുകി കാനയിലേയ്ക്ക് എത്തിച്ചേരാനുള്ള ദ്വാരങ്ങള്‍ എണ്ണം കുറഞ്ഞെന്നും ചെറുതാണെന്നും അക്ഷേപമുണ്ട്. നിലവിലുള്ള റോഡ് ഉയര്‍ത്തിയാല്‍ മാത്രമെ മഴവെള്ളം സുഗമമായി കാനയിലേയ്ക്ക് എത്തിച്ചേരുകയുള്ളൂ.
എന്നാല്‍ നിലവില്‍ റോഡ് ഉയര്‍ത്തുവാനുള്ള പദ്ധതിയില്ല. മാത്രമല്ല റോഡ് ഉയര്‍ത്തിയാല്‍ നിലവിലുള്ള പല വ്യാപാര സ്ഥാപനങ്ങളിലും മഴവെള്ളം കയറുവാനുള്ള സാധ്യത കൂടുമെന്നും വ്യാപാരികള്‍ പറയുന്നു. യഹൂദ സിനഗോഗിന്റെ മുന്നിലൂടെ നെയ്തക്കുടി ഭാഗത്തേയ്ക്ക് കടന്നു പോകുന്ന റോഡിന്റെ ആരംഭ ഭാഗത്ത് നിര്‍മിച്ചിരിക്കുന്ന കാനയ്ക്ക് ഉയരം കൂടിയതു കാരണം ടൗണ്‍ റോഡിലേയ്ക്ക് ഇറക്കി ചരിവ് നിര്‍മിക്കേണ്ടതായ് വരും. ഇത് ടൗണ്‍ റോഡിന്റെ സുഗമമായ വാഹന ഗതാഗതത്തിന് തടസം സൃഷ്ടിക്കുമെന്ന ആശങ്കയുമുണ്ട്. കൂടാതെ മഴക്കാലത്ത് വെള്ളം ഒഴുകി കാനയിലേയ്ക്ക് എത്തിച്ചേരുന്നതിന് ഇത് തടസമാകും. സാധാരണ പാര്‍ശ്വ റോഡുകള്‍ വരുന്നിടങ്ങളില്‍ കാനയുടെ ഉയരം കുറച്ചു നിര്‍മിക്കുകയാണ് പതിവ്. നിര്‍മാണത്തിന്റെ ആരംഭം മുതല്‍ അപാകതകള്‍ ചൂണ്ടിക്കാട്ടി പരാതികള്‍ പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ ചെവിക്കൊള്ളുന്നല്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. ടൗണ്‍ റോഡിന്റെ കിഴക്ക് ഭാഗത്തുള്ള തെക്കിനിയത്ത് കെട്ടിടത്തോട് ചേര്‍ന്നുള്ള കാന നില നിറുത്തി പണി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നതായും പറയുന്നു. ഈ ഭാഗത്തേകാനയും പുനര്‍നിര്‍മിച്ചാല്‍ മാത്രമേ പുതിയ നിര്‍മാണം കൊണ്ട് ടൗണിന് പ്രയോജനം ലഭിക്കൂ. മാള ടൗണിന്റെ ഹൃദയ ഭാഗത്ത് ഗതാഗത തടസം സ്യഷ്ടിച്ചു നിന്നിരുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ചത് റോഡിലേയ്ക്ക് കയറി നില്‍ക്കുന്നതിനാല്‍ റോഡ് പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ സാധ്യമാവില്ലെന്ന് അക്ഷേപമുണ്ട്. നിലവിലുള്ള പുറമ്പോക്ക് റോഡിന്റെ വീതി കഴിച്ച് സ്വകാര്യ വ്യക്തികളുടെ സ്ഥലം വില കൊടുത്ത് വാങ്ങി ടൗണ്‍ റോഡ് പതിനഞ്ച് മീറ്ററാക്കി വീതി കൂട്ടിയാണ് സൗന്ദര്യ വല്‍ക്കരണം നടത്തുന്നത്.
ഇതിന്റെ ഭാഗമായിട്ടാണ് ഇരു വശവും കട്ട വിരിച്ച് കാനയും നടപ്പാതയും നിര്‍മിച്ച് കൈവരി സ്ഥാപിക്കുന്നത്. എന്നാല്‍ റോഡിന്റെ പല ഭാഗങ്ങളിലും പതിനഞ്ചു മീറ്റര്‍ വീതി നിലവിലില്ല. പണം കൈപ്പറ്റിയവര്‍ സ്ഥലം വിട്ടുനല്‍കാത്തതും ചില ഭാഗങ്ങളില്‍ ഉദ്യാഗസ്ഥര്‍ അളന്ന് തിട്ടപ്പെടുത്തി അടയാളപ്പെടുത്തി നല്‍കാത്തതുമാണ് കാരണമെന്ന് പറയപ്പെടുന്നു. പരാതി നല്‍കിയിട്ടും ചില വ്യക്തികളളോട് മൃദുല സമീപനമാണ് ഉദ്യോഗസ്ഥര്‍ കൈക്കൊള്ളുന്നതെന്ന് പരാതിയുണ്ട്. സര്‍ക്കാര്‍ പണം നല്‍കി ഏറ്റെടുത്ത ഭൂമി പൂര്‍ണമായും ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ആവശ്യമുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ച പ്ലാനും എസ്റ്റിമേറ്റും പ്രകാരമുള്ള നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."