പരിഹരിക്കാത്ത പരാതിയെ ചൊല്ലി അദാലത്തില്‍ പ്രതിഷേധം
പട്ടാമ്പി: പാലക്കാട് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി കഴിഞ്ഞദിവസം നടത്തിയ പട്ടാമ്പി താലൂക്ക് പരാതി പരിഹാര അദാലത്തില്‍ നഗരസഭ ചെയര്‍മാന്‍ കെ.എസ്.ബി.എ തങ്ങളുടെ പ്രതിഷേധം.
പ്രളയബാധിതര്‍ക്ക് വിതരണം ചെയ്യാനുള്ള ഒരു ലോഡ് അവശ്യ സാധനങ്ങള്‍ വില്ലേജ് ഓഫിസറും സ്വകാര്യ വ്യക്തിയും ചേര്‍ന്ന് അനധികൃതമായി വിതരണം ചെയ്ത സംഭവത്തില്‍ പരാതികള്‍ നല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് നഗരസഭ ചെയര്‍മാനും കൗണ്‍സിലര്‍മാരും ജില്ലാ കലക്ടര്‍ക്ക് മുന്നില്‍ പ്രതിഷേധവുമായി എത്തിയത്.
താലൂക്ക് ആസ്ഥാനത്ത് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന പരാതി പരിഹാര അദാലത്തിനിടക്കാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രണ്ടാഴ്ച മുമ്പ് പട്ടാമ്പി വില്ലേജ് ഓഫിസറുടെ കത്തു പ്രകാരം ഷൊര്‍ണൂര്‍ ലേബര്‍ ഓഫിസില്‍ നിന്നും പ്രളയ ബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ ഒരു ലോഡ് സാധനങ്ങള്‍ പട്ടാമ്പിയില്‍ എത്തിയിരുന്നു.
ഒരു സ്വകാര്യ വ്യക്തി രാത്രിയില്‍ തന്നെ അവ അനധികൃതമായി ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വിതരണം ചെയ്‌തെന്നാണ് പരാതി.
വില്ലേജ് ഓഫിസറെ കൂട്ടുപിടിച്ച് സ്വകാര്യ വ്യക്തി കിറ്റ് ഒന്നിന് 250 രൂപ ഈടാക്കിയാണ് സാധനങ്ങള്‍ വിതരണം നടത്തിയതെന്ന് ആരോപിച്ച് യു.ഡി.എഫ്.ന്റെയും ബി.ജെ.പി.യുടെയും നേതൃത്വത്തില്‍ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന തഹസില്‍ദാറുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അന്ന് പ്രതിഷേധം അവസാനിച്ചത്.
ഇതിന് പുറമെ നഗരസഭ ചെയര്‍മാന്‍ നേരിട്ട് ജില്ലാ കലക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കുകയും ഫോണില്‍ വിളിച്ച് പരാതി ഉന്നയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പരാതി നല്‍കി 10 ദിവസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ചെയര്‍മാന്‍ കെ.എസ്.ബി.എ. തങ്ങളും യു.ഡി.എഫ് കൗണ്‍സിലര്‍മാരും ജില്ലാ കലക്ടറുടെ അടുത്ത് പ്രതിഷേധവുമായി എത്തിയത്. എന്നാല്‍ പരാതിയെ കുറിച്ച് അന്വേഷണം നടത്താമെന്ന കലക്ടറുടെ അയഞ്ഞ സമീപനം ഏറെ സമയം വാക്കേറ്റത്തിന് കാരണമായി. ആവശ്യ സാധനങ്ങള്‍ അനധികൃതമായി വിതരണം ചെയ്തതിന് തെളിവുണ്ടോ എന്ന ജില്ലാ കലക്ടരുടെ ചോദ്യവും ചെയര്‍മാനെ രോഷാകുലനാക്കി. പരാതിയിന്മേല്‍ അന്വേഷിച്ചു നടപടി എടുക്കേണ്ടതും തെളിവ് കണ്ടെത്തേണ്ടതും ജില്ലാ കലക്ടരുടെ ഉത്തരവാദിത്തമാണെന്നും പരാതി നല്‍കിയിട്ടും അന്വേഷണം നടത്താത്തത് കലക്ടറുടെ കഴിവുകേടാണെന്നും നഗരസഭ ചെയര്‍മാന്‍ ആരോപിച്ചു.
അദാലത്ത് പ്രഹസനമാണെന്നും ചെയര്‍മാന്‍ കുറ്റപ്പെടുത്തി. എത്രയും പെട്ടെന്ന് കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളും നിയമ നടപടികളും സ്വീകരിക്കുമെന്നുള്ള മുന്നറിയിപ്പ് നല്‍കിയാണ് ചെയര്‍മാനും കൗണ്‍സിലര്‍മാരും അദാലത്തില്‍ നിന്നും തിരിച്ചു പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."