കുഞ്ഞാലിക്കുട്ടി കേന്ദ്രത്തിലെത്തുമ്പോള്‍
ഡല്‍ഹിയിലേക്കു കൂടുമാറിയ ശേഷം കുറച്ചു സീരിയസ്സാണു കുഞ്ഞാലിക്കുട്ടി. ദേശീയതലത്തില്‍ ഒരുകൈ നോക്കാന്‍ തന്നെയാണു തീരുമാനം. കാര്യങ്ങള്‍ എവിടെയെങ്കിലുമൊക്കെ എത്തിച്ചു പരിഹാരം കണ്ടേ അടങ്ങൂവെന്ന മട്ടിലാണ് അദ്ദേഹം. തന്റെ ചുവടുമാറ്റത്തിനു പിന്നില്‍ കൃത്യമായ അജന്‍ഡയുണ്ടെന്നും അത് അഖിലേന്ത്യാടിസ്ഥാനത്തില്‍ മതേതരകൂട്ടായ്മ വളര്‍ത്തിയെടുക്കലാണെന്നും കുഞ്ഞാലിക്കുട്ടി തുറന്നുപറയുന്നു. ഈയിടെ ഗള്‍ഫ് നാട്ടിലെത്തിയ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകളില്‍ ചുമതലാബോധം വ്യക്തമായിരുന്നു.
'എവിടെ എത്തുമെന്നറിയില്ല. എത്തുന്നേടത്തെത്തും. എത്തുമെന്നുറപ്പാക്കി ആരെങ്കിലും ഇറങ്ങാറുണ്ടോ. നീന്താന്‍ തീരുമാനിച്ചാല്‍ പുഴയ്ക്ക് എത്ര ആഴമുണ്ടെന്നു നോക്കാറുണ്ടോ. കിട്ടിയാല്‍ കിട്ടി, അത്രതന്നെ. എന്നാലും കിട്ടുന്ന എല്ലാ സന്ദര്‍ഭവും ഉപയോഗിച്ച് ഐക്യത്തിനായി ശ്രമിക്കും. ഒരു ജന്മത്തിനിടയില്‍ ചിലതൊക്കെ സംഭവിക്കും. സംഭവിച്ചില്ലെന്നുമിരിക്കും. മര്‍മം നോക്കി കാത്തുനില്‍ക്കുന്നതില്‍ കാര്യമില്ല.
എല്ലാവരുമായി ഐക്യപ്പെട്ടുള്ള ഒരു ശ്രമം. അതൊരുദിവസം ഫലം കാണും. മാറ്റം വരും. അതാണു പൊളിറ്റിക്കല്‍ മൂവ്. അതാണു ജനത്തിനാവശ്യം. അതല്ലാതെ രാജ്യത്തെ വര്‍ഗീയവല്‍കരിച്ചു തമ്മിലടിപ്പിക്കുന്ന രീതി കണ്ടുനില്‍ക്കാനാകില്ല. കൂട്ടായ്മ വേണം. മതേതരശക്തികളുടെ മതില്‍ക്കെട്ടു വേണം. അതിനായിരിക്കും എന്റെ ശ്രമം.' ദുബൈയിലും അബൂദബിയിലും തന്നെ കേള്‍ക്കാനെത്തിയ ആയിരങ്ങളെ സാക്ഷിനിര്‍ത്തി കുഞ്ഞാലിക്കുട്ടിയുടെ പ്രഖ്യാപനം.
'ഞാന്‍ കേന്ദ്രത്തിലേയ്ക്കു വരുന്നെന്നു കേട്ടപ്പോള്‍ പലരും ചോദിച്ചു, നല്ലനിലയ്ക്ക് അവിടെ ഇരുന്നാല്‍പോരേയെന്ന്. ഞാനും അതൊക്കെ കുറേയാലോചിച്ചു. ഡല്‍ഹിയില്‍പോയി എങ്ങനെ കളിച്ചാലും അധികാരം കിട്ടില്ല. ബി.ജെ.പി. ഭരിക്കുന്നിടത്ത് എനിക്കെന്തു സാധ്യത എന്നൊക്കെ.
പക്ഷേ, ഈ വഴി തെരഞ്ഞെടുക്കാന്‍ കാരണമുണ്ട്. എനിക്കു കേന്ദ്രത്തില്‍ കൃത്യമായ പണിയുണ്ട് . ഏതൊരു രാജ്യസ്‌നേഹിക്കും കേരളത്തേക്കാള്‍ കൂടുതല്‍ ചെയ്യാനുള്ളത് ഇന്നു കേന്ദ്രത്തിലാണ്. കേരളം ഭദ്രമാണ്. കേരളത്തില്‍ ആരുടെ വര്‍ഗീയതന്ത്രങ്ങളും നടക്കില്ല. മലപ്പുറം തെരഞ്ഞെടുപ്പുതന്നെ നോക്കുക. ആ വോട്ടിങ്ങിലുമുണ്ട് ഒരു സന്ദേശം. മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്നതല്ല കേരളത്തില്‍ നടക്കുന്നത്. കേരളത്തില്‍ ആര്‍ക്കും എളുപ്പം കയറി ജനങ്ങളെ പറ്റിക്കാന്‍ കഴിയില്ല.'
കേരളത്തിലെ ജനങ്ങള്‍ നോക്കുന്നതു ജാതിയും മതവുമല്ലെന്നാണു കുഞ്ഞാലിക്കുട്ടിയുടെ വാദം. ആരാണു നല്ല കാര്യങ്ങള്‍ ചെയ്യുന്നതെന്നും ആരാണു രാജ്യതാല്‍പര്യങ്ങള്‍ക്കനസുരിച്ചു പ്രവര്‍ത്തിക്കുന്നതെന്നുമൊക്കെയാണ്. ഇത്രയും വാശിയേറിയ തെരഞ്ഞെടുപ്പു നടന്നിട്ടും ചെറിയ സംഘര്‍ഷമെങ്കിലും മലപ്പുറത്തുണ്ടായോ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
ഇന്ത്യയുടെ പരമ്പരാഗതസ്വഭാവവും ചരിത്രവുമൊക്കെ വളച്ചൊടിക്കലില്ലാതെ നിലനിര്‍ത്താന്‍ മതേതര ശക്തികളുടെ കൂട്ടായ്മ അത്യാവശ്യമാണെന്ന തിരിച്ചറിവാണു കുഞ്ഞാലിക്കുട്ടിയെ തട്ടകം മാറാന്‍ പ്രേരിപ്പിച്ചത്. പലതുള്ളി പെരുവെള്ളമെന്നാണല്ലോ. ഒന്നിച്ചുപ്രവര്‍ത്തിച്ചാല്‍ അസാധ്യമെന്നു തോന്നുന്നതു നിഷ്പ്രയാസം സാധ്യമാകും. ജനങ്ങളുടെയും രാജ്യത്തിന്റെയും പുരോഗതിയും ഐശ്വര്യവുമാണു പ്രധാനം.
കുഞ്ഞാലിക്കുട്ടി വിചാരിച്ചപോലെ ഒരു 'പൊളിറ്റിക്കല്‍ മൂവിനു' ആളെ കിട്ടണമെങ്കില്‍, പദ്ധതികള്‍ നടപ്പാക്കണമെങ്കില്‍, കുറച്ചു മെനക്കെടേണ്ടിവരും. മാധ്യമങ്ങളും ചില പാര്‍ട്ടികളും മനപ്പൂര്‍വം കല്‍പിച്ചു നല്‍കിയ വര്‍ഗീയത മുസ്‌ലിം ലീഗിനെ എന്നും വേട്ടയാടുന്നുണ്ട്. യാഥാര്‍ഥ്യവുമായി ഇതിനു ബന്ധമില്ലെന്നു പ്രചരിപ്പിക്കുന്നവര്‍ക്കുപോലും അറിയുകയും ചെയ്യാം. ഈ നില മാറ്റിയെടുക്കണമെങ്കില്‍ ചിട്ടയായ പ്രചാരണം വേണ്ടിവരും.
പ്രത്യേകിച്ചും വടക്കേ ഇന്ത്യയില്‍. ഇന്ത്യയൊട്ടാകെ മുന്നേറ്റത്തിനു മുതിരുമ്പോള്‍ പാര്‍ട്ടിയുടെ കൊടിയുടെ നിറവും പേരുമൊക്കെ വിഷയമാക്കപ്പെടും. എന്തായാലും പല പ്രസ്ഥാനങ്ങളുമായി ചേര്‍ന്നൊരു മതേതരകൂട്ടായ്മ ഉണ്ടാക്കാനും പുതിയ മുന്നേറ്റനിരയൊരുക്കാനും കുഞ്ഞാലിക്കുട്ടിക്ക് അത്ര ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ലെന്നാണു രാഷ്ട്രീയസൂചനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."