തൊടുപുഴയില്‍ മോഷണ പരമ്പര: പൊലിസ് ഇരുട്ടില്‍ തപ്പുന്നു
തൊടുപുഴ: തൊടുപുഴയിലും പരിസര പ്രദേശങ്ങളിലും മോഷണങ്ങള്‍ നിത്യസംഭവമാകുമ്പോള്‍ പ്രതികളെ പിടികൂടാനാകാതെ പൊലിസ് ഇരുട്ടില്‍ തപ്പുന്നു. ഒരുമാസത്തിനിടെ 12 ഓളം മോഷണങ്ങളാണ് വീടുകള്‍ കേന്ദ്രീകരിച്ചു നടന്നത്. ഇതിനുപുറമെ കടകളിലും ബസുകളിലും പൊതുനിരത്തിലും നടന്നവ വേറെ.
ഒരു രാത്രിയില്‍ തന്നെ തൊടുപുഴയിലെ ഏഴുവീടുകളില്‍ നടന്ന മോഷണങ്ങള്‍ നാടിനെ നടുക്കിയിരുന്നു. കൈകളില്‍ ആയുധങ്ങള്‍ കരുതാതെ വീടുകളുടെ സമീപത്തു നിന്നും കിട്ടുന്ന കമ്പിയും കത്തിയും ഉപയോഗിച്ചായിരുന്നു വാതില്‍ കുത്തിത്തുറക്കാന്‍ കള്ളന്‍മാര്‍ ശ്രമിച്ചത്. മോഷണത്തിന്റെ ലക്ഷണങ്ങള്‍ പരിശോധിച്ച പൊലിസ് തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ നിന്നുള്ള സംഘങ്ങളാവും ഇതിന്റെ പിന്നിലെന്നു സംശയം ഉന്നയിച്ചിരുന്നു.
എന്നാല്‍ ഒരുമാസം പിന്നിട്ടും ഒരാളെ പോലും പിടികൂടാന്‍ പൊലിസിനായിട്ടില്ല. രണ്ടാഴ്ച മുമ്പ് വെങ്ങല്ലൂരില്‍ നടന്ന മോഷണമായിരുന്നു ഇതില്‍ വലുത്. 27 പവനും ഒന്നര ലക്ഷം രൂപയുമാണ് തസ്‌ക്കരന്‍മാര്‍ രണ്ടു വീടുകളില്‍ നിന്നും കവര്‍ന്നത്.
മോഷണം നടന്ന വീടുകള്‍ക്കു സമീപത്തായി പൊലിസുകാര്‍ താമസിക്കുന്നുണ്ടായിരുന്നു. പൊലിസിന്റെ മൂക്കിന്‍തുമ്പത്തു നിന്നും പണവും, സ്വര്‍ണവും കവര്‍ന്നു രക്ഷപെട്ട സംഘത്തിന്റെ പൊടിപോലും ഇതുവരെ ലഭിച്ചിട്ടില്ല.
പൊലിസിനു ഇരുട്ടടിയായിട്ടായിരുന്നു തൊടുപുഴ ഒളമറ്റത്തു കഴിഞ്ഞ ദിവസം നടന്ന മോഷണം. കോതായിക്കുന്ന് കാഞ്ഞിരത്തിങ്കല്‍ അന്നക്കുട്ടിയുടെ വീട്ടില്‍ വാതില്‍ തകര്‍ത്തു മോഷണം നടത്താന്‍ കള്ളന്‍മാര്‍ ശ്രമിച്ചിരുന്നു. പുലര്‍ച്ചെ മൂന്നോടുകൂടി ഇവിടെ പൊലിസ് പരിശോധന നടത്തുമ്പോഴാണ് സമീപത്തെ ഒളമറ്റം കല്ലൂപ്പറമ്പില്‍ സുഭദ്രാദേവിയെ കരണത്തടിച്ചു വീഴ്ത്തി മോഷ്ടാങ്ങള്‍ മാല കവര്‍ന്നത്. സുഭദ്രദേവിയുട വീടിന്റെ പിന്‍വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ പൂട്ടിയിട്ട ശേഷമായിരുന്നു ഗൃഹനാഥയുടെ മാല കവര്‍ന്നത്.
രാത്രിയുടെയും മഴയുടെയും മറവിലാണ് മോഷണങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ഒന്നും ഇതുപോലെ മോഷണങ്ങള്‍ നടന്നിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു. വീടുവിട്ടുപോയാല്‍ തിരികെ വരുമ്പോള്‍ വീടുതന്നെയുണ്ടാകുമോയെന്ന ഭയത്തിലാണ് തൊടുപുഴക്കാര്‍.
ആളില്ലാത്ത വീടുകളും പ്രായമായവര്‍ ഒറ്റക്കു താമസിക്കുന്ന വീടുകളുമാണ് കള്ളന്‍മാരുടെ നോട്ടം. നടന്ന മോഷണങ്ങളെല്ലാം പല ദിവസങ്ങളിലെ വ്യക്തമായ നിരീക്ഷണത്തിനു ശേഷമായിരുന്നു എന്നാണ് പൊലിസ് നിഗമനം. വ്യക്തമായ തിരക്കഥ രചിച്ചായിരുന്നു കള്ളന്‍മാര്‍ എത്തിയത്. അക്കാരണത്താല്‍ തന്നെ തെളിവുകള്‍ മാഞ്ഞുപോയി.
മോഷണം നടത്തിയ വീടുകളില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിച്ചതും മറ്റും തെളിവുകള്‍ നശിക്കാന്‍ ഇടയായി. ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് സൂചന. ഒളമറ്റത്ത് മോഷണം നടന്ന വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ പൊലിസ് നായയെ തെരുവുനായ്ക്കള്‍ ഓടിച്ചതിനാല്‍ അവിടെ നിന്നും തെളിവുകള്‍ ശേഖരിക്കാന്‍ പറ്റാതായി. എന്നാല്‍ ആന്വേഷണം ഊര്‍ജിതമാക്കാന്‍ സി ഐയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപികരിച്ചതായും മോഷ്ടാക്കളെ ഉടന്‍ പിടികൂടുമെന്നും അധികതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."