റെയില്‍വേ സ്വകാര്യവല്‍ക്കരണം അഴിമതിക്ക് കളമൊരുക്കാന്‍
മനുഷ്യശരീരത്തിന്റെ രക്തക്കുഴലുകള്‍ പോലെ, രാജ്യമാകെ പടര്‍ന്നുനില്‍ക്കുന്ന സുപ്രധാന പൊതുഗതാഗത മാധ്യമമാണ് റെയില്‍വേ. അതിനുപരിയായി ഐക്യത്തിനും അഖണ്ഡതയ്ക്കും ഒരുമയ്ക്കും എല്ലാം വലിയ സേവനങ്ങള്‍ ചെയ്യുന്നതാണ് ഇന്ത്യന്‍ റെയില്‍വേ. റൂട്ട് കിലോമീറ്റര്‍, പ്രതിദിനം യാത്രചെയ്യുന്ന യാത്രക്കാരുടെ എണ്ണം മുതലായ പല ഘടകങ്ങളും പരിഗണിക്കുമ്പോള്‍, ഓഫിസര്‍മാരുടെയും ജീവനക്കാരുടെയും എണ്ണമുള്‍പ്പെടെ വച്ചുനോക്കുമ്പോള്‍ ലോകത്തിലെ പ്രധാനപ്പെട്ട നാലു റെയില്‍വേകളിലൊന്നാണ് ഇന്ത്യന്‍ റെയില്‍വേ. രാജ്യത്തിന് അഭിമാനമേകുന്ന റെയില്‍വേ സംവിധാനം അതിവേഗം സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.
സ്വകാര്യവല്‍ക്കരണം റെയില്‍വേയിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമല്ല. ഇന്ത്യന്‍ റെയില്‍വേയില്‍ 93 വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ടായിരുന്ന ഒന്നാണു റെയില്‍വേ ബജറ്റ്. കുറച്ചുകാലം മുന്‍പുതന്നെ അതിനു പരിശുദ്ധിയും പരിപാവനതയും നഷ്ടപ്പെട്ടുതുടങ്ങിയിരുന്നു. അതതു സമയങ്ങളിലെ മന്ത്രിമാര്‍ പലപ്പോഴും പക്ഷപാതപരമായി പെരുമാറുകയും തങ്ങളുടെ പ്രാദേശിക താല്‍പ്പര്യങ്ങള്‍ക്കു കൂടുതല്‍ മുന്‍ഗണന നല്‍കുകയും ചില വോട്ട് ബാങ്കുകള്‍ രൂപീകരിക്കുന്നതിനുവേണ്ടി റെയില്‍വേ ബജറ്റിനെ ഉപയോഗിക്കുകയും ചെയ്തിരുന്നു. റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിക്കുന്ന കാര്യങ്ങള്‍ തുടരെത്തുടരെ നടപ്പാക്കാതെയും പോയി.
പൊതുബജറ്റ് അവതരിപ്പിക്കുന്നതിന്റെ തലേദിവസമെങ്കിലും സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതാണു പതിവ്. സാമ്പത്തിക ബജറ്റവതരിപ്പിക്കുന്നതിന്റെ ഒന്നുരണ്ടു ദിവസം മുന്‍പായിരിക്കും റെയില്‍വേ ബജറ്റ് അവതരിപ്പിക്കുന്നത്. അതിനു മുന്നേതന്നെ മാധ്യമങ്ങളില്‍ ചര്‍ച്ചയുണ്ടാകും. പൊതുസമൂഹത്തിലും അത്തരത്തില്‍ ചര്‍ച്ചകള്‍ നടത്തും. പാര്‍ലമെന്റംഗങ്ങള്‍ക്കു പ്രാദേശികവികസനവുമായി ബന്ധപ്പെട്ട നിവേദനങ്ങള്‍ ലഭിക്കും.
ഇതെല്ലാം റെയില്‍ ബജറ്റിന് മുന്‍പു മന്ത്രിയെ അറിയിക്കും. പലപ്പോഴും സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടലും ഉണ്ടാകും. ചര്‍ച്ചകളുണ്ടാകാതെ അത്തരത്തില്‍ അഭിപ്രായങ്ങളുണ്ടാകാതെ ഉപദേശനിര്‍ദേശങ്ങളുണ്ടാകാതെ ഇക്കാര്യങ്ങള്‍ കണക്കിലെടുക്കാതെ റെയില്‍വേ ബജറ്റ് എന്നത് അസാംഗത്യമാണ്. അതു വാസ്തവത്തില്‍ ദീര്‍ഘവീക്ഷണമില്ലാത്ത ശൂന്യതയാണു സമ്മാനിക്കുക.
ഒന്നാം എന്‍.ഡി.എ സര്‍ക്കാരാണ് 93 വര്‍ഷക്കാലത്തെ ഈ ഒരു പാരമ്പര്യം അവസാനിപ്പിച്ചത്. ഇനി റെയില്‍വെ ബജറ്റ് വേണ്ടെന്ന നിലപാടിലേക്ക് വന്നത്. ബ്രിട്ടീഷുകാര്‍ പോലും ചെയ്യാതിരുന്ന കാര്യമാണ് അവരങ്ങനെ വേണ്ടെന്ന് വച്ചത്. ബജറ്റിനോട് ബി.ജെ.പി പുലര്‍ത്തുന്ന അവഗണനയുടെ ഒടുവിലത്തെ ഉദാഹരണം ഇപ്പോള്‍ നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച പൊതുബജറ്റാണ്. നേരത്തെ അരുണ്‍ ജെയ്റ്റ്‌ലിയുടെ പൊതുബജറ്റില്‍ പോലും മൂന്നുമിനുട്ട് മാത്രമാണ് റെയില്‍വെയെ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നത്.
സാധാരണക്കാരെ സംബന്ധിച്ച് പൊതുബജറ്റിനേക്കാള്‍ പ്രധാനപ്പെട്ടത് റെയില്‍ബജറ്റായിരുന്നു. അതിന്റെ എല്ലാ പ്രാധാന്യവും എന്‍.ഡി.എ സര്‍ക്കാര്‍ നഷ്ടപ്പെടുത്തി. പൊതുബജറ്റില്‍ മൂന്നുമിനുട്ടുമാത്രമുള്ള പ്രസംഗത്തിന്റെ ഭാഗമായി റെയില്‍വെ ബജറ്റ് ചുരുങ്ങുകയും സ്റ്റേറ്റ്‌മെന്റ് ഓഫ് റവന്യൂ ഫോര്‍ഗോണ്‍ ഇനി നല്‍കേണ്ടതില്ലെന്നും സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു.
കാറ്ററിങ് മേഖലയിലാണ് ആദ്യം സ്വകാര്യവല്‍ക്കരണം കൊണ്ടുവന്നത്. ഇന്ത്യയില്‍ പലയിടത്തും സ്വകാര്യ ടി.ടി.ഇമാര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. കേരളത്തിലുള്‍പ്പെടെ സ്വകാര്യ ചരക്കുട്രെയിനുകള്‍ ഓടിക്കൊണ്ടിരിക്കുകയാണ്. റെയില്‍വേയുടെ സ്വന്തം ഭൂമികളും പാസഞ്ചര്‍ ട്രെയിനുകളും സ്വകാര്യവല്‍ക്കരിക്കാന്‍ പോവുകയാണ്. റെയില്‍വെ സ്റ്റേഷന്റെ സ്വകാര്യവല്‍ക്കരണം ഉള്‍പ്പെടെ റെയില്‍വേയുടെ എല്ലാ ആസ്തികളും സ്വകാര്യവല്‍ക്കരിക്കുന്നു. ഡല്‍ഹി- മുംബൈ റൂട്ടിലെ രാജധാനി എക്‌സ്പ്രസുകള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കം തകൃതിയാണ്.
സ്വകാര്യ റെയില്‍വേ ട്രാക്കുകള്‍ക്ക് വേണ്ടി ഭൂമിയേറ്റെടുക്കുന്നതിന് മൂന്നുതവണയാണ് പാര്‍ലമെന്റിനെ മറികടന്നുകൊണ്ട് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഹൈസ്പീഡ് റെയില്‍ കോറിഡോറിന്റെ പേരിലായിരുന്നു അത്. ഹൈസ്പീഡ് കോറിഡോര്‍ എന്നത് ഇന്ത്യന്‍ വിദേശ പങ്കാളിത്തത്തോടെയുള്ള വലിയ കോര്‍പ്പറേറ്റ് സംരംഭമാണ്. ഹൈസ്പീഡ് റെയില്‍ കോറിഡോറിനുള്ള റെയില്‍പ്പാത നിര്‍മിക്കുന്നതിനോടൊപ്പം തന്നെ ഈ പാത കടന്നുപോകുന്നതിന് ഇരുവശവും അരക്കിലോമീറ്റര്‍ ഭൂമി വീതം ഏറ്റെടുക്കണം. ഇതിന്റെ ഉദ്ദേശ്യം റിയല്‍ എസ്‌റ്റേറ്റാണ്. റെയില്‍പ്പാത പോകുന്നതിന് ഏതാണ്ട് എത്ര സ്ഥലം വേണമെന്നത് എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. ഏതായാലും ഓരോ വശത്തും അരക്കിലോമീറ്റര്‍ വീതിയില്‍ സ്ഥലം വേണമെന്നത് സാമാന്യയുക്തിക്ക് നിരക്കാത്തതാണ്. റെയില്‍വേയുടെ പേരില്‍ ഭൂമിക്കച്ചവടത്തിനായാണ് ബി.ജെ.പി സര്‍ക്കാര്‍ അക്കാലത്ത് പാര്‍ലമെന്റിനെ മറികടന്ന് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.
പ്രതിരോധ രംഗത്തുള്‍പ്പെടെ എല്ലാമേഖലകളിലും വിദേശനിക്ഷേപത്തിന് വാതില്‍ തുറന്നുകൊടുത്ത് സ്വകാര്യവല്‍ക്കരിക്കുക എന്നത് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങളില്‍പെടുന്നതാണ്. സാമൂഹിക നീതി എന്നത് ഭരണഘടന അനുശാസിക്കുന്നതാണ്. ഏതൊരു പൊതുമേഖലയും സ്വകാര്യവല്‍ക്കരിക്കുമ്പോഴും ആദ്യം സംഭവിക്കുന്ന ഒരു കാര്യം സാമൂഹിക നീതി അപ്രത്യക്ഷമാകും എന്നുള്ളതാണ്.
ദീര്‍ഘദൂരയാത്രയ്ക്ക് മലയാളികള്‍ ഉള്‍പ്പെടെ എല്ലാവരും ആശ്രയിക്കുന്നത് ട്രെയിനാണ്. വിമാനയാത്രാക്കൂലി കുത്തനെ വര്‍ധിപ്പിക്കുമ്പോള്‍ മറ്റുമാര്‍ഗങ്ങള്‍ ഇല്ലാത്തതിനാലാണ് ഇതിനെ ആശ്രയിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കുമ്പോള്‍ ഉണ്ടാകാന്‍ പോകുന്ന ഒന്നാമത്തെ അപകടം സാധാരണക്കാര്‍ക്ക് യാത്ര എന്നത് വളരെ ചെലവേറിയതായി മാറും. രണ്ടാമത്തെ കാര്യം യാത്രക്കാരെ കറവപ്പശുവായി കണ്ടുകൊണ്ട് കൂടുതല്‍ ചൂഷണം ചെയ്യും. ചില വിമാനക്കമ്പനികളെ അനുകരിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ തന്നെ ഫ്‌ലെക്‌സി ഫെയര്‍ സ്‌കീം (യാത്രക്കാര്‍ കൂടുതലുള്ള വിശേഷാവസരങ്ങളില്‍ തീവണ്ടിക്കൂലി കുത്തനെ വര്‍ധിപ്പിക്കുന്ന സ്‌കീം) പോലുള്ളവ തുടങ്ങിയിട്ടുണ്ട്.
റെയില്‍വേ സ്വകാര്യവല്‍ക്കരിച്ചിട്ടുള്ള ചില രാജ്യങ്ങളില്‍ ലാഭകരമല്ലാത്ത സര്‍വിസുകള്‍ റദ്ദാക്കുന്നതായി കേട്ടിട്ടുണ്ട്. എണ്ണം കുറവായതിനാല്‍ ചില സമയങ്ങളില്‍ സര്‍വിസുകള്‍ പൊടുന്നനെ നിര്‍ത്തിയതായി പ്രഖ്യാപിക്കും. ലോകത്തിലെ പല വികസിത രാജ്യങ്ങളിലും ഈ ദുരനുഭവമുണ്ടായിട്ടുണ്ട്. കോര്‍പ്പറേറ്റിന്റെ കൈയിലെത്തിയാല്‍ പിന്നെ നിലവിലുള്ള റെയില്‍വേ ഒഴിവുകള്‍ നികത്തുന്നത് സ്ഥിരനിയമനത്തിലൂടെ ആയിരിക്കില്ലെന്നത് ഉറപ്പാണല്ലോ. പുറംകരാറിലും കരാര്‍ ജോലികളിലും നടക്കുന്ന നിയമനങ്ങളില്‍ സംവരണതത്വം പാലിക്കപ്പെടില്ല എന്നതും ഉറപ്പാണ്. ഭരണഘടന ഉറപ്പുതരുന്ന സംവരണതത്വമെന്ന സാമൂഹിക നീതിയും ഇങ്ങനെ അപ്രത്യക്ഷമാകും.
ഇപ്പോഴത്തെ പൊതുബജറ്റില്‍ പറയുന്ന കാര്യം 51 ശതമാനം ഓഹരി പങ്കാളിത്തം സര്‍ക്കാരിന് വേണ്ട എന്നുള്ളതാണ്. സാധാരണ രീതിയില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുമ്പോള്‍ 51 ശതമാനം സര്‍ക്കാരിന്റെ കൈയില്‍ നിര്‍ത്തിയാണ് വിറ്റഴിക്കുക. ഇതിന് വിരുദ്ധമായാണ് മേല്‍പ്പറഞ്ഞ തീരുമാനം. ഇതിന്റെ ഫലമായി റെയില്‍വേയുടെ നിയന്ത്രണവും നടത്തിപ്പും സ്വകാര്യമേഖലയിലാകും.
റെയില്‍വേ കൈക്കലാക്കാന്‍ വേണ്ടി സ്വകാര്യ കമ്പനികള്‍ കാത്തിരിപ്പുണ്ട്. അതും മൊത്തമായി തന്നെ കൈക്കലാക്കണമെന്നില്ല. സോണുകളായിത്തന്നെ കൈക്കലാക്കണമെന്നുമില്ല. ചില സര്‍വിസുകള്‍ കൈക്കലാക്കിയാല്‍ മതി. അത് വച്ചിട്ട് കൈകാര്യം ചെയ്യാന്‍ പറ്റും. വ്യോമയാനരംഗത്ത് നാഷനല്‍ കാരിയറായിട്ടുള്ള എയര്‍ ഇന്ത്യക്ക് സൗകര്യപ്രദമായ സമയത്ത് സര്‍വിസുകളില്ല. എന്നാല്‍ സൗകര്യപ്രദമായ സമയത്ത് വേറെ സ്വകാര്യകമ്പനികളായിരിക്കും ഓപ്പറേറ്റ് ചെയ്യുക. അതിനെപ്പോഴും ഓവര്‍ ബുക്കിങ്ങുമായിരിക്കും. ചുരുക്കത്തില്‍ ഈ രംഗത്ത് എയര്‍ ഇന്ത്യയുടെ വിമാനം നഷ്ടത്തിലാണ് ഓടുന്നതെന്ന് പറയുന്നു. അതേസമയം അവിടെ ഓടുന്ന സ്വകാര്യവിമാന കമ്പനികള്‍ സാമ്പത്തികമായി ലാഭത്തിലാണെന്ന് ചൂണ്ടിക്കാണിക്കുന്നു. പൊതുമേഖലാ കമ്പനി നഷ്ടത്തിലാണെന്ന് വരുത്തിത്തീര്‍ത്ത് വില്‍ക്കുക. അതാണ് നയം. റെയില്‍വേ സ്വകാര്യവല്‍ക്കരിക്കുന്നതിലൂടെ ഭീകര അഴിമതിക്കാണ് കേന്ദ്രസര്‍ക്കാര്‍ കളമൊരുക്കുന്നത്.
ഇന്ത്യയിലൊരിടത്തും പി.പി.പി മോഡലില്‍ കോച്ചുഫാക്ടറി നടക്കുന്നില്ല. എന്നിട്ടും പാലക്കാട് കോച്ച് ഫാക്ടറി പി.പി.പി മോഡലില്‍ നിര്‍മിക്കാമെന്നാണ് പാര്‍ലമെന്റില്‍ പറഞ്ഞത്. അങ്ങനെയാണെങ്കില്‍ ഭൂമിയേറ്റെടുക്കലിനായി ചെലവാകുന്ന പണത്തിന് സമാനമായി കേരളത്തിന് ഓഹരി പങ്കാളിത്തം വേണമെന്ന ആവശ്യവും കേന്ദ്രം നിരാകരിച്ചു.ഇപ്പോഴത്തെ സ്ഥിതിയില്‍ സംസ്ഥാനത്തിന്റെ പണമുപയോഗിച്ച് ഭൂമിയേറ്റെടുത്ത് കേന്ദ്രത്തിന് നല്‍കുന്നത് കുറുക്കന്റെ കൈയില്‍ കോഴിക്കുഞ്ഞിനെ വളര്‍ത്താന്‍ കൊടുക്കുന്നതുപോലെയുള്ള ദുരനുഭവമായിരിക്കും ഉണ്ടാകുക. കേന്ദ്രത്തിന്റെ കൈയില്‍ കിട്ടുന്നതെല്ലാം വിറ്റുകാശാക്കുകയാണ്. ഇത്തരത്തിലുള്ള സ്വകാര്യവല്‍ക്കരണം ചെറുക്കപ്പെടേണ്ടതാണ്. റെയില്‍വേ സ്വകാര്യവല്‍ക്കരണത്തിനെതിരേ കൂടുതല്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."