നെല്ല് സംഭരണം അവതാളത്തില്‍ ; ജില്ലയിലെ നെല്‍കര്‍ഷകര്‍ ദുരിതത്തിലേക്ക്
വടക്കഞ്ചേരി: സര്‍ക്കാര്‍ നെല്ലുസംഭരണം പ്രഖ്യാപനങ്ങളിലും സംഭരണത്തിന്റെ ഉദ്ഘാടന ചടങ്ങുകളിലും മാത്രം ഒതുങ്ങിയതോടെ മാസങ്ങള്‍ക്കുമുമ്പ് കൊയ്‌തെടുത്ത ഒന്നാംവിള നെല്ല് എന്തുചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുകയാണ് കര്‍ഷകര്‍.
സപ്ലൈകോയുടെ നെല്ലുസംഭരണം നടക്കാത്തതിനാല്‍ കിലോയ്ക്ക് 14 രൂപയ്ക്കാണ് ഇപ്പോള്‍ സ്വകാര്യമില്ലുകാര്‍ നെല്ലെടുത്ത് കര്‍ഷകരെ പിഴിയുന്നത്. കിലോയ്ക്ക് 25.30 രൂപ തറവിലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കെയാണ് പത്തുരൂപ കുറച്ച് കര്‍ഷകര്‍ക്ക് നെല്ലുകൊടുക്കേണ്ടി വന്നത്.
മഴ ഭീഷണിയുള്ളതിനാല്‍ നെല്ലു സൂക്ഷിച്ചുവയ്ക്കാനും കര്‍ഷകര്‍ക്കു കഴിയുന്നില്ല. തരിശുഭൂമി പാട്ടത്തിനെടുത്ത് നെല്‍കൃഷി ചെയ്ത നിരവധി കര്‍ഷകര്‍ കൃഷിവകുപ്പിന്റെ കര്‍ഷകദ്രോഹനടപടി ഭീമമായ നഷ്ടത്തിന് ഇരയാകുകയാണ്. 40 ഏക്കര്‍ തരിശുഭൂമി പാട്ടത്തിനെടുത്ത് നെല്‍കൃഷിയിറക്കിയ മംഗലത്തെ കണ്യാര്‍ക്കുന്നത്ത് മോഹനന്‍ ഇപ്പോള്‍ കൊയ്‌തെടുത്ത നെല്ല് എന്തു ചെയ്യണമെന്നറിയാതെ അങ്കലാപ്പിലാണ്. കൊയ്ത്തുകഴിഞ്ഞ് ഒരുമാസം കഴിഞ്ഞിട്ടും നെല്ലെടുക്കാന്‍ സപ്ലൈകോയുടെ ഏജന്റുമാര്‍ എത്തിയിട്ടില്ല.
ഇടയ്ക്കിടെ കൂലിക്കാരെവച്ച് നെല്ലുണക്കി സൂക്ഷിക്കുകയാണ്. സ്ത്രീതൊഴിലാളികള്‍ക്കുള്ള കൂലിയും നെല്ലു മൂടിവയ്ക്കാനുള്ള ടാര്‍പോളിന്‍, ഓരോതവണ നെല്ലുണക്കി കോരിയെടുക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം തുടങ്ങി മോഹനന്റെ നഷ്ടക്കണക്ക് ഉയരുകയാണ്. തരിശുഭൂമിയില്‍ കൃഷിയിറക്കുന്ന കര്‍ഷകരെ പ്രോത്സാഹിപ്പിക്കാമെന്നിരിക്കേയുള്ള കൃഷിവകുപ്പിന്റെ പ്രഖ്യാപനങ്ങളില്‍ ആവേശംകൊണ്ടാണ് ഏക്കറിന് 20,000 രൂപ നിരക്കില്‍ മോഹനന്‍ നാല്പതേക്കര്‍ സ്ഥലത്ത് ഒന്നാംവിള കൃഷി ചെയ്തത്.
അധികമഴമൂലം പതിരുകൂടി വിള നന്നേ കുറഞ്ഞതിനു പിന്നാലെ നെല്ലെടുക്കുന്ന സംവിധാനവും താളംതെറ്റിയത് മോഹനനെപോലെയുള്ള നിരവധി കര്‍ഷകര്‍ക്ക് ഇരുട്ടടിയായി.
ടണ്‍ കണക്കിന് നെല്ലാണ് മോഹനന്റെ വീട്ടില്‍ കൂട്ടിയിട്ടുള്ളത്. കരപാടമായ പരുവാശേരി പാടശേഖരത്തില്‍ ഒന്നരമാസംമുമ്പ് ഒന്നാംവിള കൊയ്ത്തു കഴിഞ്ഞതാണ്. ഇപ്പോഴും നെല്ലെടുക്കാന്‍ ആളെത്തിയില്ലെന്നു പരുവാശേരി പാടശേഖരസമിതി പ്രസിഡന്റ് കൃഷ്ണന്‍ പറഞ്ഞു.
ഇടയ്ക്ക് മഴ പെയ്യുന്നതിനാല്‍ കുറേ നെല്ലെല്ലാം കുതിര്‍ന്നു മുളച്ചുനശിച്ചു. സൂക്ഷിച്ചുവയ്ക്കാന്‍ സൗകര്യമില്ലാതെ കര്‍ഷകര്‍ തുച്ചമായ വിലയ്ക്ക് നെല്ല് സ്വകാര്യമില്ലുകാര്‍ക്ക് വിറ്റു.
നെല്ലുസംഭരണം യഥാസമയം ഇല്ലാത്തതിനാല്‍ പലരും രണ്ടാംവിള നെല്‍കൃഷി ഉപേക്ഷിച്ചു. നെല്ലുസംഭരണം അനിശ്ചിതത്വത്തിലായതോടെ മില്ലുകാര്‍ നെല്ലുവില കൂടുതല്‍ താഴ്ത്തിയാണ് വാങ്ങുന്നത്. അരി വാങ്ങുകയാണെങ്കില്‍ മാത്രമാണ് ചില മില്ലുകാര്‍ കര്‍ഷകരില്‍നിന്നും നെല്ലെടുക്കുന്നത്. തങ്ങളുടെ സങ്കടങ്ങള്‍ ആരോടുപറയാനെന്ന ആത്മഗതമാണ് ഇപ്പോള്‍ കര്‍ഷകര്‍ക്കുള്ളത്. കര്‍ഷകര്‍ അസംഘടിതരായതിനാല്‍ രാഷ്ട്രീയപാര്‍ട്ടികളും കര്‍ഷകരുടെ ഈ ദുരിതത്തിന് പരിഹാരം കാണാന്‍ തയാറാകുന്നില്ല.
ഒന്നാംവിള നെല്ലുസംഭരണം ഇനിയും വൈകിപ്പിച്ച് സര്‍ക്കാരിന്റെ ബാധ്യത കുറയ്ക്കുകയാണ് തന്ത്രമെന്നാണ് ചില കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ രഹസ്യമായി പറയുന്നത്.
പേരിനു അവിടവിടെയായി നെല്ലുസംഭരണം നടത്തി മുഖംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാരും നടത്തുന്നത്. രാഷ്ട്രീയപാര്‍ട്ടികളുടെ കര്‍ഷകസംഘടനകളും ഇപ്പോള്‍ മൗനത്തിലാണ്. പ്രളയമുണ്ടായപ്പോള്‍ കാലടിയിലെ മില്ലുകളെല്ലാം മുങ്ങിയതിനാല്‍ കാലടിയിലേക്ക് നെല്ലു കയറ്റിപോകുന്നില്ലെന്നും പറയുന്നുണ്ട്. എന്നാല്‍ ഇതിനു പരിഹാരം കാണാന്‍ സര്‍ക്കാരും തയാറാകുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."