ദേശീയപാത വളവുകള്‍ ഭീഷണിയാകുന്നു
കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ വളവുകള്‍ അപകടഭീഷണിയായ സാഹചര്യത്തില്‍ ദേശീയപാതയുടെ വികസനം വേഗത്തിലാക്കണമെന്ന ആവശ്യം ശക്തം.
നാട്ടുകല്‍ മുതല്‍ ഒലവക്കോട് താണാവുവരെയാണ് വികസനം നടക്കുന്നത്. ദേശീയപാത നെല്ലിപ്പുഴമുതല്‍ കല്ലടിക്കോട് വരെയുള്ള ഭാഗത്താണ് കൊടുംവളവുകള്‍ ഏറെയുള്ളത്. എന്നാല്‍ ഇവിടെ നവീകരണം തുടങ്ങിയിട്ടില്ല.
ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഓരോ വളവുകളിലും അപകടങ്ങളും പതിവു കാഴ്ചയാണ്. മിക്ക വളവുകളിലും എതിരേനിന്നുള്ള വാഹനങ്ങള്‍ കാണാന്‍ കഴിയില്ല.
ദേശീയപാതയ്ക്കുവേണ്ട നിലവാരംപോലും പാലക്കാട്-കോഴിക്കോട് പാതയ്ക്കില്ല. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ കോങ്ങാട് നിയോജകമണ്ഡലം എം.എല്‍.എ കെ.വി വിജയദാസിന്റെ പ്രാദേശിക വികസനഫണ്ടില്‍നിന്നും തുക അനുവദിച്ച് ദേശീയപാതയിലെ കൊടുംവളവുകള്‍ നിവര്‍ത്തിയിരുന്നു.
ദേശീയപാതയിലെ പ്രധാന വളവുകളായ പൊന്നംകോട്, മാച്ചാംതോട്, എടായ്ക്കല്‍, മുള്ളത്തുപാറ, കൊറ്റിയോട് ഭാഗങ്ങളിലാണ് അപകടഭീഷണി നിലവിലുള്ളത്.
പുതിയ പദ്ധതിപ്രകാരം ദേശീയപാതയിലെ വളവുകള്‍ ഒരുപരിധിവരെ മാത്രമേ നിവര്‍ത്തുകയുള്ളൂ. സ്ഥലം ഏറ്റെടുത്ത് നടത്തുന്ന പ്രവൃത്തികളൊന്നും നടപ്പിലായില്ല.
ഇത് ഒരുപരിധിവരെ ദേശീയപാതയുടെ പൂര്‍ണവികസനത്തിന് തടസവുമാണ്. അധികൃതര്‍ ഇടപെട്ട് ദേശീയപാതയില്‍ കൊടുംവളവുകള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."