ദേശീയപാത വാളയാറില്‍ പിടിച്ചുപറിയും കവര്‍ച്ചയും പതിവാകുന്നു; രാത്രിയാത്ര ഭീതിജനകം
വാളയാര്‍: വാളയാറില്‍ കവര്‍ച്ചയും പിടിച്ചുപറിയും നിത്യസംഭവമായതോടെ തമിഴ്‌നാട്ടിലേക്കുള്ള രാത്രിയാത്ര ഭീതിജനകമാകുന്നു.
കഴിഞ്ഞദിവസം വാളയാറില്‍ തമിഴ്‌നാട് പൊലിസിന്റെ വേഷത്തിലെത്തിയ കവര്‍ച്ചാസംഘം കാര്‍ തടഞ്ഞുനിര്‍ത്തി വ്യാപാരികളെ തട്ടികൊണ്ടുപോയി രണ്ടരലക്ഷത്തോളം രൂപയും നാല് മൊബൈലും എ.ടി.എം കാര്‍ഡും മറ്റു രേഖകളും കവര്‍ന്നത് നാട്ടുകാരെ മാത്രമല്ല പൊലിസിനേയും ഞെട്ടിച്ചിരിക്കുകയാണ്.
കാലിക്കച്ചവടക്കാരായ പാലക്കാട് പത്തിരിപ്പാല സ്വദേശി ഷബീര്‍ (47) ഇറവത്തൂര്‍ വീട്ടില്‍ മന്‍സൂര്‍ (33), ഇയാളുടെ സഹോദരന്‍ ഷുക്കൂര്‍ (23) എന്നിവരാണ് ഇരയായയത്. കോയമ്പത്തൂര്‍-ചാവടിയിലാണ് സംഭവം. ആന്ധപ്രദേശില്‍ നിന്നും പോത്തുകളെ വാങ്ങി കേരളത്തിലേക്ക് വരുന്നതിനിടെയാണ് കവര്‍ച്ച.
തമിഴ്‌നാട് പൊലിസിന്റെതെന്നു തോന്നിക്കുന്ന ജീപ്പിലെത്തിയവര്‍ കാര്‍തടഞ്ഞ് ഇവരെ മര്‍ദിച്ച് വനത്തില്‍തള്ളി പണവും കാറുമായി കടന്നുകളയുകയായിരുന്നു. ആക്രമണത്തിനിരയായവര്‍ പിന്നീട് വാളയാര്‍ പൊലിസിലെത്തി പരാതി നല്‍കുകയായിരുന്നു. ഇതിനിടെ ചാവടിപൊലിസ് അന്വേഷണത്തോട് ആദ്യഘട്ടത്തില്‍ സഹകരിച്ചില്ലെന്നും ആരോപണമുണ്ട്. കാര്‍ പിന്നീട് ചുള്ളിമടയില്‍ നിന്ന് കണ്ടെത്തി.
ഇതിനുശേഷവും അടുത്ത ദിവസംതന്നെ വീണ്ടും കാലിക്കച്ചവടക്കാരെ പൊലിസ് വേഷംധരിച്ചെത്തിയവര്‍ കൊള്ളയടിച്ചിരുന്നു.
അതിര്‍ത്തി കേന്ദ്രീകരിച്ച് ദേശീയപാതയില്‍ കൊള്ളയും കൊലപാതകവും നിത്യസംഭവമാകുകയാണ്.
രണ്ടാഴ്ച മുമ്പ് തൃശൂര്‍ സ്വദേശികളായ ദമ്പതികളെ തടഞ്ഞ് പൊലിസ് വേഷത്തിലെത്തിയ സഘം സ്വര്‍ണം കവര്‍ന്നിരുന്നു. ചെന്നൈയില്‍നിന്നും കേരളത്തിലേക്കു കൊണ്ടുവന്ന മറ്റൊരു കേസിലെ പ്രതിയെ പൊലിസ് വാഹനത്തില്‍ നിന്നും രക്ഷപ്പെടുത്തിയതും ഇതുപോലെ സമാനമായ സംഭവത്തിലാണ്.
കുഴല്‍പ്പണകടത്തും ആഭരണകടത്തും ഇതുവഴി വ്യാപകമായതോടെ ഇവരെ ഉന്നമിടുന്ന സംഘവും സജീവമായിട്ടുണ്ട്. ആക്രമണത്തിനിരയായവര്‍ പരാതി നല്‍കാന്‍ തുനിയാവാറില്ലെന്നതാണ് സത്യം.
കേരള-തമിഴ്‌നാട് പൊലിസിന്റെയും പരസ്പര സഹകരണമുണ്ടെങ്കില്‍ ഇത്തരം ആക്രമണങ്ങളും പിടിച്ചുപറിയും തടയാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."