ബഗ്ദാദില്‍ ഇരട്ട കാര്‍ബോംബ് സ്‌ഫോടനത്തില്‍ 31 മരണം
ബഗ്ദാദ്: ഇറാഖ് തലസ്ഥാനത്തുണ്ടായ ഇരട്ട കാര്‍ബോംബ് സ്‌ഫോടനത്തില്‍ 31 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കറാദ ജില്ലയിലെ ഒരു ഐസ്‌ക്രീം കടയിലാണ് ആദ്യ സ്‌ഫോടനം നടന്നത്. ഇതിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. ഇവിടെ 17 പേര്‍ മരിക്കുകയും 32 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഇറാഖി ആരോഗ്യ വിഭാഗത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെ്‌യതു.
ഐസ്‌ക്രീം പാര്‍ലറിന് സമീപത്ത് പാര്‍ക്ക് ചെയ്ത സ്‌ഫോടകവസ്തു നിറച്ച വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ചാണ് ഭീകരര്‍ സ്‌ഫോടനം നടത്തിയതെന്നാണ് നിഗമനം. ശീഈ വിഭാഗത്തെ ലക്ഷ്യമാക്കിയാണ് ബോംബ് സ്‌ഫോടനം നടത്തിയതെന്ന് ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ് പുറത്തുവിട്ട ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇറാഖില്‍ ക്രൈസ്തവര്‍ കൂടുതലായി ജീവിക്കുന്ന രണ്ടു ജില്ലകളില്‍ ഒന്നാണിത് .
മധ്യ ബഗ്ദാദിലെ ജനറല്‍ റിട്ടയര്‍മെന്റ് വിഭാഗത്തിലെ ആദ്യ സ്‌ഫോടനത്തിന്റെ നടുക്കം മാറും മുന്‍പേയാണ് രണ്ടാമത്തെ കാര്‍ ബോംബ് സ്‌ഫോടനം ഉണ്ടായതെന്ന് ഇറാഖി ജോയിന്റ് ഓപറേഷന്‍സ് കമാന്‍ഡ് കേണല്‍ ഇബ്‌റാഹിം മുഹമ്മദ് അറിയിച്ചു.
നോമ്പു തുറന്ന ശേഷം തെരുവിലേക്ക് ഇറങ്ങിയവരാണ് സ്‌ഫോടനത്തില്‍ മരിച്ചവരില്‍ ഏറെയും. ആളുകള്‍ ഭയചകിതരായി ഓടുന്നതിന്റെയും കനത്തപുകയുടെ അകമ്പടിയോടെ ബോംബ് തീഗോളമായി ഉയര്‍ന്നുപൊട്ടിച്ചിതറുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."