വിശ്വാസം നേടി യെദിയൂരപ്പ
ബംഗളൂരു: കര്‍ണാടകത്തില്‍ മുഖ്യന്ത്രി യെദിയൂരപ്പ വിശ്വാസവോട്ട് നേടി. രാവിലെ പതിനൊന്നിനാണു മുഖ്യമന്ത്രി വിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ശബ്ദവോട്ടോടെയാണ് നിയമസഭയില്‍ യെദിയൂരപ്പ വിശ്വാസം തെളിയിച്ചത്. അതേസമയം സര്‍ക്കാരിനു മുന്നില്‍ വലിയ വെല്ലുവിളികളൊന്നും തീര്‍ക്കാന്‍ പ്രതിപക്ഷത്തിനാകില്ല. കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ നേരത്തെ തന്നെ ബി.ജെ.പിക്കുണ്ടായിരുന്നു.
അതേസമയം ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വിശ്വാസ വോട്ടെടുപ്പാണ് കര്‍ണാടകയില്‍ നടന്നത്. ഒറ്റവരി പ്രമേയമാണ് മുഖ്യമന്ത്രി യെദിയൂരപ്പ അവതരിപ്പിച്ചത്. ചര്‍ച്ച വേണ്ടെന്ന് ഐക്യകണ്‌ഠേന തീരുമാനിച്ചതോടെ ശബ്ദവോട്ടെടുപ്പിലേക്ക് പോവുകയായിരുന്നു. വിശ്വാസം നേടിയെങ്കിലും സര്‍ക്കാരിന്റെ ഭാവി തീരുമാനമായിട്ടില്ല.
അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാരുടെ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനെ കൂടി ആശ്രയിച്ചായിരിക്കും കര്‍ണാടക സര്‍ക്കാരിന്റെ ഭാവി. അതേസമയം വിശ്വാസ വോട്ട് നേടിയതോടെ ഇനി ആറ് മാസത്തേക്ക് മറ്റ് പ്രശ്‌നങ്ങളില്ലാതെ അധികാരത്തില്‍ തുടരാന്‍ യെദിയൂരപ്പക്ക് കഴിയും.
സിദ്ധരാമയ്യ തന്നെ പ്രതിപക്ഷ നേതാവായി തുടരും. ഇക്കാര്യത്തില്‍ ജെ.ഡി.എസുമായി ധാരണയിലെത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.
അതിനിടെ സ്പീക്കര്‍ അയോഗ്യത കല്‍പ്പിച്ച വിമതരായ നാലുപേര്‍ ബംഗളൂരുവില്‍ തിരിച്ചെത്തി.
ബൈരതി ബസവരാജ്, മുനിരത്‌ന, എം.ടി.ബി നാഗരാജ്, എസ്.ടി സോമശേഖര്‍, ശിവറാം ഹെബാര്‍ എന്നിവരാണ് ഇന്നലെ അര്‍ധരാത്രി തിരിച്ചെത്തിയത്.
അതേസമയം, കുമാരസ്വാമി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ വിമത എംഎല്‍എമാരെ ഇന്നലെ സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയിരുന്നു. നേരത്തെ മൂന്ന് എംഎല്‍എമാരെയും ഇന്നലെ 14 എംഎല്‍എമാരെയുമാണ് അയോഗ്യരാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."