ഗോത്രവര്‍ഗക്കാരെ വിദ്യ അഭ്യസിപ്പിക്കാന്‍ ഒരു വയനാടന്‍ മോഡല്‍
കല്‍പ്പറ്റ: ഗോത്രവര്‍ഗക്കാരെ വിദ്യ അഭ്യസിപ്പിക്കാന്‍ വയനാട്ടില്‍ നിന്ന് ഒരു പുത്തന്‍ മാതൃക. ഗോത്രവര്‍ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുകയെന്ന ലക്ഷ്യത്തോടെ 'ഗോത്രബന്ധു' എന്ന പദ്ധതി ആരംഭിച്ചാണ് വയനാട് മാതൃകയായത്.
കല്‍പ്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രന്‍ മുന്‍കൈയെടുത്താണ് പദ്ധതി ആരംഭിച്ചത്. വീട്ടില്‍ ഗോത്രഭാഷ മാത്രം കേട്ട് ശീലിച്ച കുട്ടികള്‍ക്ക് വിദ്യാലയങ്ങളിലെത്തുമ്പോള്‍ പഠനം ദുഷ്‌കരമാകുന്നതാണ് കൊഴിഞ്ഞുപോക്കിന് പ്രധാന കാരണം. ഇതരഭാഷ അന്യമായ കുട്ടികള്‍ക്ക് പഠനം അവസാനിപ്പിക്കേണ്ടിവരികയാണ് പതിവ്. മറ്റുകുട്ടികളുമായി ഇടപഴകുന്നതിലും അധ്യാപകരോട് കാര്യങ്ങള്‍ തുറന്നുപറയാനും ഇവര്‍ക്ക് പ്രയാസം നേരിടുകയാണ്. ഇതോടെ പഠനം ഉപേക്ഷിക്കുകയാണ് പലരും. ഇതിന് പരിഹാരമായാണ് 'ഗോത്രബന്ധു' തുടങ്ങുന്നത്.
ജൂണില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ ഗോത്ര വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ അവരുടെ ഇടയിലുള്ള അഭ്യസ്ഥവിദ്യര്‍ അധ്യാപകരായി വിവിധ വിദ്യാലയങ്ങളിലുണ്ടാകും. വയനാട്ടില്‍ പ്രൈമറി ക്ലാസുകളുള്ള 241 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ആദിവാസി അധ്യാപകരെ നിയമിച്ചുകഴിഞ്ഞു. 403 പേരെ ഇന്റര്‍വ്യൂ നടത്തിയാണ് അധ്യാപകരെ തിരഞ്ഞെടുത്തത്.
അടിയ, പണിയ, കാട്ടുനായ്ക്കര്‍ വിഭാഗത്തിലുള്ള അഭ്യസ്ഥവിദ്യരെയാണ് ഇതിലേക്ക് തിരഞ്ഞെടുത്തത്. ഇവരുടെ അഭാവത്തില്‍ മറ്റു പട്ടികവര്‍ഗ വിഭാഗങ്ങളിലുള്ളവര്‍ക്കും നിയമനം ലഭിക്കും. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ആദിവാസി മേഖലയില്‍നിന്ന് സ്‌പെഷല്‍ അധ്യാപകരെ നിയമിക്കുന്നത്. വയനാട്ടില്‍ തുടക്കമിടുന്ന ഈ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണ് തീരുമാനം.
'ഗോത്രബന്ധു' ജൂണ്‍ നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അടിയര്‍, പണിയര്‍, ഊരാളി, കാട്ടുനായ്ക്കര്‍ വിഭാഗങ്ങളില്‍ നിന്ന് ഒന്നുമുതല്‍ നാലാംക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനാണ് ഇത്തരത്തില്‍ അധ്യാപകരെ (മെന്റര്‍) നിയമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."