മൂന്നാംമുറക്കാരുടെ തലയെണ്ണും; പട്ടിക ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ ജില്ലാ മേധാവിമാര്‍ക്ക് നിര്‍ദേശം
തിരുവനന്തപുരം: കസ്റ്റഡിമരണവും പൊലിസ് പീഡനവും സര്‍ക്കാരിന് തലവേദനയായ പശ്ചാത്തലത്തില്‍ പൊലിസുകാരിലെ മൂന്നാംമുറക്കാരുടെ കണക്കെടുക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം. മൂന്നാം മുറയില്‍ കുപ്രസിദ്ധരായ പൊലിസുകാരുടെ പട്ടിക തയാറാക്കി ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ ജില്ലാ പൊലിസ് മേധാവിമാര്‍ക്കാണ് നിര്‍ദേശം. ഇത്തരക്കാര്‍ ഇപ്പോള്‍ ലോക്കല്‍ സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അക്കാര്യം പ്രത്യേകം അറിയിക്കാനും നിര്‍ദേശമുണ്ട്. മൂന്നാംമുറക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും ഡി.ജി.പി ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ ഉള്‍പ്പെടെ പൊലിസ് പ്രതിപ്പട്ടികയിലായ സാഹചര്യത്തിലാണ് സേനയിലെ മൂന്നാംമുറക്കാരെ പിടിക്കാനുള്ള നീക്കം. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗത്തിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഡി.ജി.പിയുടെ നടപടി. സംസ്ഥാനത്ത് മൂന്നാംമുറക്കാരുടെ തലയെണ്ണല്‍ ഇതാദ്യമായാണ്. സ്റ്റേഷനകത്തോ പുറത്തോ മൂന്നാംമുറ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ പ്രയോഗിച്ചതായി തെളിഞ്ഞാല്‍ നിയമപരമായും വകുപ്പുതലത്തിലും ശക്തമായി നടപടിയുണ്ടാകുമെന്നാണ് ഡി.ജി.പിയുടെ മുന്നറിയിപ്പ്.
ഇതോടൊപ്പം പൊതുജനങ്ങളില്‍നിന്ന് നേരിട്ട് പരാതി സ്വീകരിക്കുന്നതിന് എല്ലാ ജില്ലകളിലും ഡി.ജി.പിയുടെ നേതൃത്വത്തില്‍ അദാലത്ത് നടത്താനും തീരുമാനമായി. അദാലത്തിന്റെ ഒന്നാംഘട്ടം അടുത്തമാസം നടത്തും.
കൊല്ലം റൂറലില്‍ ഓഗസ്റ്റ് 16നും കാസര്‍കോട് 20നും വയനാട് 21നും ആലപ്പുഴയില്‍ 30നും പത്തനംതിട്ടയില്‍ 31നുമാണ് അദാലത്ത്. ജില്ലാ പൊലിസ് മേധാവിയും എല്ലാ സബ് ഡിവിഷനല്‍ പൊലിസ് ഓഫിസര്‍മാരും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരും അദാലത്തില്‍ പങ്കെടുക്കും.
പൊലിസുകാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനും ജോലിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി എസ്.ഐ റാങ്കില്‍ താഴെയുള്ള ഉദ്യോഗസ്ഥരെക്കൂടി പങ്കെടുപ്പിച്ച് ഓരോ ജില്ലയിലും ഒരു സഭ നടത്താനും തീരുമാനമായി. ജില്ലകളിലെ ഏതെങ്കിലും രണ്ട് പൊലിസ് സ്റ്റേഷനുകളില്‍ ഡി.ജി.പി സന്ദര്‍ശനം നടത്തുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."