രണ്ട് കട്ടന്‍ ചായക്ക് 92 രൂപ; ഹോട്ടലിലെ പകല്‍ക്കൊള്ളക്കെതിരേ പരാതി
കോഴിക്കോട്: രണ്ട് കട്ടന്‍ ചായക്ക് 92 രൂപ. പഞ്ചനക്ഷത്ര ഹോട്ടലിലോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോഫി ഷോപ്പിലോ അല്ല. നന്‍മയുടെ നഗരമെന്ന് പേരുകേട്ട കോഴിക്കോട്ടെ സാധാരണ കടയിലാണ് രണ്ട് കട്ടന്‍ ചായ കുടിച്ചതിന് ജി.എസ്.ടി അടക്കം 92 രൂപ ഈടാക്കിയത്. ഇതിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ശ്രീജിത്കുമാര്‍ എം.പി നഗരസഭാ ആരോഗ്യവിഭാഗത്തിന് പരാതി നല്‍കി.
ഗുജറാത്തി സ്ട്രീറ്റിലെ പഴയ കെട്ടിടത്തിനകത്ത് മരക്കസേരകള്‍ നിരത്തിയിട്ട, ശീതീകരിക്കാത്ത മുറിയില്‍ ഫാനിന് കീഴിലിരുന്ന് കട്ടന്‍ ചായ കുടിച്ചതിന് അമിത വില ചൂണ്ടിക്കാണിച്ച് ശ്രീജിത് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ വൈറലായിരിക്കുകയാണ്. ഒരു കട്ടന്‍ ചായക്ക് 40 രൂപയാണ് വില. രണ്ട് കട്ടന്‍ ചായക്ക് 80 രൂപക്ക് പുറമെ 12 രൂപ ജി.എസ്.ടിയും ഈടാക്കി.
കംപ്യൂട്ടര്‍ ബില്ലിന് പകരം ഓര്‍ഡര്‍ എടുക്കുന്ന പോക്കറ്റ് ബുക്കിലാണ് എഴുതി നല്‍കിയത്. എന്നാല്‍ സാധാരണ സൗകര്യമുള്ള കട മാത്രമാണിതെന്നും കട്ടന്‍ ചായക്ക് ഇത്രയധികം തുക ഈടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അഡ്വ. ശ്രീജിത്ത് പറഞ്ഞു. ചായക്ക് ഇത്രയധികം തുകയുണ്ടായിരുന്നെങ്കില്‍ നേരത്തെ പറയാമായിരുന്നില്ലേയെന്നും ശ്രീജിത് ചോദിച്ചപ്പോള്‍ ഇവിടെ മാന്യന്മാരാണ് വരുന്നതെന്നും താങ്കളെ കണ്ടപ്പോള്‍ അങ്ങനെ തോന്നിയെന്നും അല്ലാത്തവര്‍ വന്നാല്‍ 44 രൂപയാണെന്ന് പറഞ്ഞ് തിരിച്ചയക്കാറാണ് പതിവെന്നുമാണ് കടക്കാര്‍ മറുപടി നല്‍കിയത്. ഇവിടെ മെനു പ്രദര്‍ശിപ്പിച്ചിട്ടില്ല. മറ്റാരും കയറാതിരിക്കാനാണ് യാതൊരു സൗകര്യമില്ലാത്ത കടയില്‍ ചായക്ക് അമിത വില ഈടാക്കുന്നതെന്ന് അഡ്വ. ശ്രീജിത്ത് പറഞ്ഞു. കോഴിക്കോടിന്റെ ഭക്ഷണ പാരമ്പര്യത്തിനെതിരാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കംപ്യൂട്ടര്‍ തകരാറിനെ തുടര്‍ന്നാണ് ബില്ല് എഴുതിക്കൊടുത്തതെന്ന് ഹൗസ് ഓഫ് സ്പാരോസ് പാര്‍ട്ണര്‍ റഫീഖ് പ്രതികരിച്ചു. സാധാരണ ചായക്കടയല്ല ഇത്. കോഫി ഷോപ്പാണ്. ശ്രീജിത്തിനോട് മാപ്പ് പറഞ്ഞിരുന്നതായും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ കഫേയിലെ വില നിര്‍ണയത്തിനുള്ള അധികാരം ഷോപ്പുടമകള്‍ക്കായതിനാല്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം മേധാവി ഡോ. ഗോപകുമാര്‍ പറഞ്ഞു.
ജി.എസ്.ടി എഴുതിക്കൊടുത്തതിന് നടപടി സ്വീകരിക്കേണ്ടത് ജി.എസ്.ടി അധികൃതരാണ്. എന്നാല്‍ വില പ്രദര്‍ശിപ്പിക്കാത്തതിന് കഫേ ഉടമയില്‍ നിന്ന് പിഴ ഈടാക്കുമെന്ന് ഡോ. ഗോപകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."