നിലപാട് മാറ്റി എസ്.എന്‍.ഡി.പി
കോഴിക്കോട്: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രിംകോടതി വിധിക്കെതിരേ പ്രക്ഷോഭമില്ലെന്ന നിലപാട് മാറ്റി എസ്.എന്‍.ഡി.പി. യോഗം. നേരിട്ടു പ്രക്ഷോഭത്തിനില്ലെങ്കിലും കീഴ്ഘടകങ്ങള്‍ വിശ്വാസികളെ അണിനിരത്തി കോടതിവിധിക്കെതിരേ പ്രക്ഷോഭത്തിനു തയാറെടുക്കുകയാണ്. ഈയാഴ്ച മുതല്‍ വിവിധ എസ്.എന്‍.ഡി.പി യൂനിയനുകളുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാ യജ്ഞങ്ങള്‍ സംഘടിപ്പിച്ചാണ് സംഘടനയുടെ പ്രക്ഷോഭം.
ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ചുള്ള സുപ്രിംകോടതി ഉത്തരവ് വന്നയുടന്‍ വിധിക്കെതിരേ പരസ്യ പ്രക്ഷോഭത്തിനില്ലെന്നു യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, വിവിധ ഹൈന്ദവ സംഘടനകളും ബി.ജെ.പിയും യു.ഡി.എഫും വിശ്വാസികളെ മുന്നില്‍ നിര്‍ത്തി കോടതി വിധിക്കെതിരേ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയതോടെയാണ് എസ്.എന്‍.ഡി.പി നിലപാട് മാറ്റിയിരിക്കുന്നത്. മറ്റു സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ തങ്ങളുടെ അണികളാണ് പങ്കെടുക്കുന്നതെന്നും പ്രവര്‍ത്തകരെ ഇവര്‍ പ്രക്ഷോഭങ്ങള്‍ക്കായി ഹൈജാക്ക് ചെയ്യുന്ന സാഹചര്യത്തിലാണ് സ്വന്തം നിലയ്ക്കു പ്രക്ഷോഭം ആരംഭിക്കുന്നതെന്നുമാണ് എസ്.എന്‍.ഡി.പി നേതാക്കളുടെ അനൗദ്യോഗിക വിശദീകരണം.
ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണം. മതസ്വാതന്ത്രത്തിനുമേല്‍ കോടതികളുടെ കടന്നുകയറ്റം അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങളാണ് പ്രാര്‍ഥനാ യജ്ഞങ്ങള്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധം മുന്നോട്ടുവയ്ക്കുന്നത്. അതേസമയം, കീഴ്ജാതിക്കാരുടെ ക്ഷേത്ര പ്രവേശനത്തിനു സമരം ചെയ്ത ശ്രീനാരായണ ഗുരുവിന്റെ പിന്തുടര്‍ച്ചക്കാര്‍ സ്ത്രീകളുടെ ശബരിമല പ്രവേശനത്തിനെതിരേ രംഗത്തുവന്നത് അണികള്‍ക്കിടയില്‍ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."