മുഴുവന്‍ മലയാളി ഹാജിമാരും മക്കയിലെത്തി; കനത്ത ചൂട് ഹാജിമാര്‍ക്ക് വെല്ലുവിളി
ജിദ്ദ: സര്‍ക്കാര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴി കേരളത്തില്‍ നിന്നും ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ മക്കയില്‍ എത്തേണ്ട മുഴുവന്‍ ഹാജിമാരും മക്കയില്‍ എത്തിച്ചേര്‍ന്നു.
ഈ മാസം ആറു മുതലാണ് കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ ഒഴുക്ക് ആരംഭിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ മദീനയില്‍ നിന്നും കേരളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ അവസാന ബാച്ചും മക്കയിലെത്തിയതോടെ മലയാളികളായ മുഴുവന്‍ ഹാജിമാരും ഇപ്പോള്‍ മക്കയിലാണ്. അതേ സമയം മക്കയിലും പരിസരത്തും കനത്ത ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അത് കൊണ്ട് തന്നെ സൂര്യതാപം ഏല്‍ക്കാതിരിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ അധികൃതര്‍ ഹാജിമാര്‍ക്ക് നല്കി തുടങ്ങി. തീര്‍ഥാടകര്‍ക്ക് കടുത്ത വെയിലില്‍നിന്ന് സംരക്ഷണം നല്കാന് തീര്‍ഥാടകര്‍ക്കിടയില്‍ ഹറംകാര്യ വകുപ്പ് ഒരു ലക്ഷത്തോളം കുടകള്‍ വിതരണം ചെയ്യുമെന്ന് മസ്ജിദുല്‍ ഹറാം പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഇബ്രാഹിം അല്‍നജീദി പറഞ്ഞു.
ഹാജിമാര്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിന് ഇത്രയും കുടകള്‍ ഹറംകാര്യ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. മതാഫിലും ഹറമിന്റെ മുറ്റങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ 7000 ലേറെ കുടകള്‍ തീര്‍ഥാടകര്‍ക്കിടയില്‍ വിതരണം ചെയ്തു. തുടര്‍ച്ചയായി ഏഴാം വര്‍ഷമാണ് ഹറംകാര്യ വകുപ്പ് ഹജ് തീര്ഥാടര്ക്കിടയില് സൗജന്യമായി കുടകള്‍ വിതരണം ചെയ്യുന്നത്.
ഇതിനിടെ മലയാളികളായ ഏതാണ്ട് 5000 ലധികം വളണ്ടിയര്‍മാരാണ് മക്കയിലും പരിസരത്തുമായി സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇവരുടെ സാന്നിധ്യം മലയാളി ഹാജിമാര്‍ക്ക് ഏറെ ഗുണം ചെയ്യും. കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നത് കൊണ്ടു തന്നെ ജലദോഷവും ചെറിയ പനിയും കാരണം പല ഹാജിമാരും ക്ലിനിക്കുകളില്‍ എത്തിച്ചേരുന്നുണ്ട്.
ഹജ്ജിന്റെ പ്രധാന കര്‍മ്മങ്ങള്‍ തുടങ്ങുന്നതുവരെ തല്കാലം താമസ മുറിയില്‍ കഴിഞ്ഞ് ഹജ്ജ് വേളയില്‍ മാത്രം പുറത്തിറങ്ങാം എന്നാണ് പലരും തീരുമാനിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."