ബി.ജെ.പിയെ അധികാരത്തിലേറ്റാന്‍ മത്സരിക്കുന്ന പ്രതിപക്ഷം
അതിനിര്‍ണായകമായ രാഷ്ട്രീയ സന്ദര്‍ഭത്തിലൂടെയാണ് ഇന്ത്യയിപ്പോള്‍ കടന്നുപോകുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. അഞ്ചു സംസ്ഥാന നിയമസഭകളിലേയ്ക്കു തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു കഴിഞ്ഞു. ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ സെമിഫൈനലെന്നു വിശേഷിപ്പിക്കപ്പെടുന്നതാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പുകള്‍.
കടുത്ത ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കു ശക്തമായ തിരിച്ചടി നല്‍കാന്‍ രാജ്യത്തെ മതേതര പ്രതിപക്ഷ കക്ഷികള്‍ സജ്ജരാവേണ്ട സന്ദര്‍ഭമാണിത്. എന്നാല്‍, അവര്‍ക്കിപ്പോള്‍ അതിലൊന്നുമല്ല താല്‍പ്പര്യമെന്നു തോന്നുന്നു. എങ്ങനെ പരസ്പരം ഭിന്നിച്ചു നില്‍ക്കാമെന്നതിനെക്കുറിച്ചു ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണവര്‍.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഭരിക്കുന്ന മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ് എന്നിവിടങ്ങളില്‍ അവര്‍ ശക്തമായ തിരിച്ചടി നേരിടുമെന്നാണ് ഏറ്റവും ഒടുവില്‍ നടന്ന സര്‍വേഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ അടുത്ത കാലത്തായി നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളുടെയും ചില ഉപതെരഞ്ഞെടുപ്പുകളുടെയും ഫലങ്ങള്‍ അതു ശരിവയ്ക്കുന്നുമുണ്ട്. ഇവിടങ്ങളിലെല്ലാം പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ ബി.ജെ.പി തൂത്തെറിയപ്പെടുമെന്നുറപ്പാണ്. രാജ്യത്തെങ്ങുമുള്ള മതേതരവിശ്വാസികള്‍ ആഗ്രഹിക്കുന്നതും അതുതന്നെയാണ്.
നിര്‍ഭാഗ്യവശാല്‍ ഈ ആഗ്രഹത്തിനൊപ്പമല്ല രാജ്യത്തെ ചില ചെറുകിട പ്രതിപക്ഷ കക്ഷികള്‍ നിലകൊള്ളുന്നത്. സംഘ്പരിവാറിന്റെ വര്‍ഗീയ ഫാസിസത്തിനും ജനദ്രോഹ ഭരണത്തിനുമെതിരേ നാഴികയ്ക്കു നാല്‍പ്പതു വട്ടം തൊണ്ട കീറി സംസാരിക്കുന്ന ഇവര്‍ കാര്യത്തോടടുക്കുമ്പോള്‍ മലക്കം മറിയുകയാണ്. മുഖ്യ ശത്രുവിനെ ഒരുമിച്ചുനിന്ന് നേരിടുന്നതില്‍ നിന്ന് ഇവര്‍ പിന്‍വലിയുന്നു. രാജ്യത്തെങ്ങും വേരുള്ള പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിനൊപ്പം നിന്നു തെരഞ്ഞെടുപ്പു നേരിടുന്നതിന് എന്തൊക്കെയോ കാരണങ്ങളാല്‍ ഇവര്‍ വിമുഖത കാട്ടുന്നു.
സമാജ് വാദി പാര്‍ട്ടി (എസ്.പി), ബി.എസ്.പി, സി.പി.എം എന്നീ കക്ഷികളാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍. തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നു ബി.എസ്.പിയും എസ്.പിയും നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന സി.പി.എം കേന്ദ്രകമ്മിറ്റി യോഗവും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിശാല സഖ്യത്തില്‍ ചേരേണ്ടതില്ലെന്ന തീരുമാനമാണു കൈക്കൊണ്ടത്.
രാജസ്ഥാനിലാകട്ടെ എസ്.പിയും സി.പി.എമ്മും മുന്‍കൈയെടുത്തു യു.ഡി.എഫ് എന്ന പേരില്‍ ഒരു പ്രത്യേക സഖ്യം തന്നെ രൂപീകരിച്ചിട്ടുമുണ്ട്. ഈ പാര്‍ട്ടികള്‍ക്കു പുറമെ സി.പി.ഐ, സി.പി.ഐ (എം.എല്‍), മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (യുനൈറ്റഡ്), ജനതാദള്‍ (എസ്) എന്നീ കക്ഷികളും സഖ്യത്തിലുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ ഇവര്‍ക്കെല്ലാം കൂടി ലഭിച്ചത് ഒന്നര ശതമാനം വോട്ടാണ്. സീറ്റൊന്നും കിട്ടിയതുമില്ല. വേറിട്ടു നില്‍ക്കുമ്പോള്‍ ഈ ഒന്നര ശതമാനം ഗണ്യമായൊരു വോട്ടല്ലെങ്കിലും വിശാലസഖ്യത്തോടൊപ്പം ചേര്‍ന്നാല്‍ നിരവധി മണ്ഡലങ്ങളില്‍ ബി.ജെ.പിയുടെ തോല്‍വി ഉറപ്പാക്കാന്‍ ഈ വോട്ട് നിര്‍ണായകമാകും. ആ സാധ്യതയാണ് ഇവര്‍ ഇല്ലാതാക്കുന്നത്.
മറ്റു സംസ്ഥാനങ്ങളിലും സ്ഥിതി ഇതൊക്കെത്തന്നെ. ഒറ്റയ്ക്കു നിന്നാല്‍ ഒന്നും നേടാനാവാത്ത ഇവര്‍ക്ക് അവിടങ്ങളില്‍ വിശാല പ്രതിപക്ഷ സഖ്യത്തിന്റെ കരുത്തു കൂട്ടാന്‍ സഹായിക്കാനാവും. എന്നാല്‍ ആ ചിന്തയിലല്ല അവര്‍. അതിനു കാരണങ്ങള്‍ പലതാണ്. എസ്.പിയും ബി.എസ്.പിയും നേതൃത്വത്തിലുള്ള വ്യക്തികളില്‍ കേന്ദ്രീകരിച്ച പാര്‍ട്ടികളാണ്. അവരുടെ താല്‍പര്യങ്ങളാണ് ഈ പാര്‍ട്ടികളുടെ നയം. നേതാക്കളുടെ വ്യക്തിപരമായ പിടിവാശികളാണു പ്രതിപക്ഷ സഖ്യത്തില്‍ ചേരുന്നതിനു തടസ്സം നില്‍ക്കുന്നത്.
സി.പി.എമ്മാവട്ടെ നിശ്ചിത കാലയളവുകളില്‍ ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിക്കുന്ന രാഷ്ട്രീയ രേഖകളുടെ തടവറയിലുമാണ്. നേരത്തെ പ്രവചിക്കാനാവാത്ത വിധം രൂപംകൊള്ളുന്ന പുതിയ രാഷ്ട്രീയ സന്ദര്‍ഭങ്ങളില്‍ ഉചിതമായ തീരുമാനമെടുക്കാനാവാത്ത വിധം രേഖകളില്‍ തടഞ്ഞുനില്‍ക്കുകയാണവര്‍.
പ്രതിപക്ഷ അനൈക്യത്തില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളും അവരുടേതായ പങ്കുവഹിക്കുന്നുണ്ട്. വലിയ പാര്‍ട്ടിയെന്ന കോണ്‍ഗ്രസ് നേതാക്കളുടെ അഹന്തയും കൂടെനില്‍ക്കുന്നവര്‍ക്കു നീതിയുക്തമായ രീതിയില്‍ സീറ്റു പങ്കുവയ്ക്കുന്നതില്‍ കാണിക്കുന്ന അഹന്തതയും കൂടിച്ചേരുമ്പോള്‍ പ്രതിപക്ഷ ഭിന്നതയ്ക്ക് ആക്കം കൂടുകയാണ്. ജനരോഷം ഏറ്റുവാങ്ങി തോല്‍ക്കേണ്ട ബി.ജെ.പിക്ക് അധികാരം തളികയില്‍വച്ചു സമ്മാനിക്കലായിരിക്കും ഇതിന്റെ അവസാന ഫലം.
വ്യത്യസ്ത പാര്‍ട്ടികള്‍ തമ്മില്‍ എല്ലാതരത്തിലും യോജിപ്പുണ്ടാക്കിയ ശേഷം സഖ്യമുണ്ടാകുന്നത് ഒരു നാട്ടിലും സാധ്യമല്ല. വ്യത്യസ്ത കാഴ്ചപ്പാടുകളും നയസമീപനങ്ങളും ഉള്ളതുകൊണ്ടാണല്ലോ അവര്‍ വെവ്വേറെ പാര്‍ട്ടികളായി നിലകൊള്ളുന്നത്. മുഖ്യ ശത്രുവിനെതിരേ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ രൂപം നല്‍കുന്നതാണു മുന്നണി സംവിധാനം.
ബി.ജെ.പിയുടെ വര്‍ഗീയ ഫാസിസ്റ്റ് വാഴ്ച അവസാനിപ്പിക്കുകയും അവര്‍ തകര്‍ത്തെറിഞ്ഞ ജനാധിപത്യമൂല്യങ്ങളെ തിരിച്ചു കൊണ്ടുവരികയുമെന്ന പൊതുവായ ലക്ഷ്യത്തിനായി ഈ കക്ഷികള്‍ക്കു യോജിക്കാവുന്നതാണ്. രാജ്യത്തെ മതേതര ജനാധിപത്യ കക്ഷികള്‍ ഇന്നത്തെ സാഹചര്യത്തില്‍ നിര്‍വഹിക്കേണ്ട ചരിത്രപരമായ കടമയാണത്. ആ കടമ അവര്‍ നിര്‍വഹിച്ചില്ലെങ്കില്‍ രാജ്യം അതിനു കനത്തവില നല്‍കേണ്ടി വരും. കൂട്ടത്തില്‍ അവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."