നിയമന അഴിമതി; കെ.പി.സി.സി കമ്മിഷന്‍ തെളിവെടുപ്പ് നടത്തി
കല്‍പ്പറ്റ: വയനാട്ടില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളില്‍ ക്ലാസ് ഫോര്‍ തസ്തികളില്‍ 2012 മുതല്‍ നടന്ന നിയമങ്ങളിലെ അഴിമതി സംബന്ധിച്ച് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ നിയോഗിച്ച ഏകാംഗ കമ്മിഷന്‍ മരിയാപുരം ശ്രീകുമാര്‍ ഡി.സി.സി ഓഫിസില്‍ തെളിവെടുപ്പ് നടത്തി.
സഹകരണ ജനാധിപത്യവേദി സംസ്ഥാന പ്രസിഡന്റാണ് കോണ്‍ഗ്രസ് നേതാവുമായ ശ്രീകുമാര്‍. ഡി.സി.സി ഭാരവാഹികളടക്കം 50ല്‍പരം ആളുകളാണ് കമ്മിഷനു തെളിവ് നല്‍കിയത്. വാക്കാലുള്ള തെളിവുകള്‍ കമ്മിഷന്‍ എഴുതിയെടുത്ത് ഒപ്പിട്ടുവാങ്ങി. നേതാക്കളില്‍ ചിലര്‍ ആക്ഷേപങ്ങളും അവയെ സാധൂകരിക്കുന്ന തെളിവുകളും എഴുതിക്കൊടുത്തു. ബത്തേരിയില്‍ ഡി.സി.സി മുന്‍ പ്രസിഡന്റ് പ്രൊഫ. കെ.പി തോമസ് ചെയര്‍മാനായ സഹകരണ അര്‍ബന്‍ ബാങ്കിലും ഡി.സി.സി മുന്‍ ട്രഷറര്‍ കെ ഗോപിനാഥന്‍ പ്രസിഡന്റായ സഹകരണ കാര്‍ഷിക വികസന ബാങ്കിലും നിയമനങ്ങളുടെ മറവില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതി നടന്നതായാണ് നേതാക്കളില്‍ ചിലര്‍ നല്‍കിയ മൊഴിയില്‍.
പ്യൂണ്‍, വാച്ച്മാന്‍, പാര്‍ട്‌ടൈം സ്വീപ്പര്‍ തസ്തികളിലും ക്ലാര്‍ക്കുമാരുടെ ഒഴിവുകളില്‍ വളഞ്ഞ വഴികളിലൂടെയും നിയമനത്തിനു ബാങ്കുകള്‍ ഭരിക്കുന്നവര്‍ 15 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെ കോഴ വാങ്ങിയതായാണ് ബത്തേരിയില്‍നിന്നുള്ള ഡി.സി.സി ഭാരവാഹി കമ്മിഷന്‍ മുമ്പാകെ പറഞ്ഞത്.
2012നുശേഷം ബത്തേരി സഹകരണ അര്‍ബന്‍ ബാങ്കില്‍ 17ഉം കാര്‍ഷിക ഗ്രാമവികസ ബാങ്കില്‍ 14ഉം നിയമനങ്ങളാണ് നടന്നത്. കോണ്‍ഗ്രസ് കുടുംബങ്ങളില്‍നിന്നുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ തഴഞ്ഞ ബാങ്ക് ഭരണസമിതികള്‍ വന്‍തുക കോഴ നല്‍കിയവരെയാണ് പരീക്ഷകളില്‍ കൃത്രിമംകാട്ടി നിയമിച്ചതെന്ന് മാനന്തവാടിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കമ്മിഷനു എഴുതിക്കൊടുത്ത പരാതിയിലുണ്ട്.
നിയമനങ്ങളിലെ അഴിമതിയുമായി ബന്ധപ്പെട്ട് സഹകാരികള്‍ക്കിടയില്‍ ഉയര്‍ന്ന ശക്തമായ രോഷം വര്‍ഷങ്ങളായി കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതികള്‍ കൈവിട്ടുപോകുന്നതിനു കാരണമാകുമെന്ന ആശങ്കയും നേതാക്കളില്‍ ചിലര്‍ കമ്മിഷനെ അറിയിച്ചു.
ബാങ്കുകളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കുടുംബാംഗങ്ങള്‍ക്ക് പാര്‍ട്ടി നേതാക്കളില്‍ ചിലരോട് തോന്നിയ വിദ്വേഷമാണ് തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബത്തേരി മുന്‍സിപ്പാലിറ്റിയില്‍ യു.ഡി.എഫിന്റെ ഭരണനഷ്ടത്തിനു കാരണമായതെന്ന് അവര്‍ കമ്മിഷനോട് പറഞ്ഞു. നിയമനങ്ങളിലെ അഴിമതിയെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ നീറിപ്പുകയുന്ന ആരോപണങ്ങള്‍ കഴിഞ്ഞ മാസം ചേര്‍ന്ന ഡി.സി.സി യോഗത്തില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വിഷയമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം രേഖാമൂലം ആവശ്യപ്പെട്ടതനുസരിച്ചാണ് വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു കെ.പി.സി.സി അധ്യക്ഷന്‍ ഏകാംഗ കമ്മിഷനെ നിയോഗിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ സത്യസന്ധമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും നടപടി ഉണ്ടാകുമെന്നും തെളിവ് നല്‍കാനെത്തിവരില്‍ ചിലര്‍ക്ക് കമ്മിഷന്‍ ഉറപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."