ക്രിസ്റ്റ്യാനോക്കെതിരേ കൂടുതല്‍ ലൈംഗികാരോപണങ്ങള്‍
ന്യൂയോര്‍ക്ക്: പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരേ ലൈംഗികാരോപണവുമായി കൂടുതല്‍ പേര്‍ രംഗത്ത്. രണ്ടിലധികം പേരാണ് ക്രിസ്റ്റ്യാനോ ലൈംഗികമായി ഉപയോഗിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്.
നേരത്തെ റൊണാള്‍ഡോ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച യുവതിയുടെ അഭിഭാഷകനാണ് കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. തന്നെ ഒരു സ്ത്രീ ബന്ധപ്പെട്ടിരുന്നെന്നും റൊണാള്‍ഡോ ബലാത്സംഗം ചെയ്തിരുന്നതായി യുവതി പറഞ്ഞതായും അഭിഭാഷകന്‍ വെളിപ്പെടുത്തി.
ലാസ് വെഗാസിലെ ഹോട്ടല്‍ മുറിയില്‍വച്ച് 2009ല്‍ ക്രിസ്റ്റ്യാനോ തന്നെ പീഡിപ്പിച്ചുവെന്നാണ് മുപ്പത്തിനാലുകാരിയായ കാതറിന്‍ മയോര്‍ഗയുടെ ആരോപണം. ഇതിനുശേഷം കോടതിക്ക് പുറത്തുവച്ച് ഉണ്ടാക്കിയ കരാര്‍ പ്രകാരം 3,75,000 ഡോളര്‍ (ഏകദേശം മൂന്നു കോടിയോളം രൂപ) ക്രിസ്റ്റ്യാനോ നല്‍കിയതായും ഇവര്‍ ആരോപിക്കുന്നുണ്ട്. തന്നെ പീഡിപ്പിക്കരുതെന്ന് പലതവണ എതിര്‍ത്തിട്ടും ക്രിസ്റ്റ്യാനോ ബലമായി തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നെന്നുകാട്ടി മയോര്‍ഗ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അന്വേഷണം നടക്കുമ്പോഴാണ് മറ്റൊരു ആരോപണം കൂടി ഉയര്‍ന്നിരിക്കുന്നത്.
താന്‍ നിരപരാധിയാണെന്നും ഏതു തരത്തിലുള്ള അന്വേഷണവുമായി സഹകരിക്കുമെന്നുമാണ് റൊണാള്‍ഡോ പ്രതികരിച്ചത്. അത് ബലാത്സംഗം അല്ലായിരുന്നു എന്നും മയോര്‍ഗയുടെ സമ്മതത്തോടെയാണ് എല്ലാം നടന്നതെന്നും ക്രിസ്റ്റ്യാനോയുടെ അഭിഭാഷകനും വ്യക്തമാക്കുന്നു. വാര്‍ത്ത പുറത്തുവിട്ട ഡെര്‍ സ്പീഗലിനെതിരേ ക്രിസ്റ്റ്യാനോയുടെ അഭിഭാഷകന്‍ നൊട്ടിസ് അയക്കുകയും ചെയ്തിട്ടുണ്ടണ്ട്. കൂടുതല്‍ പേര്‍ ആരോപണവുമായി രംഗത്തെത്തിയതോടെ ക്രിസ്റ്റിയുടെ ഗ്ലാമര്‍ പരിവേഷത്തിന് മങ്ങലേല്‍ക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."