പ്രളയം തകര്‍ത്ത വീടുകളുടെ പുനര്‍നിര്‍മാണത്തിന് 'നൂറുദിന ചലഞ്ച്'
തിരുവനന്തപുരം: പ്രളയം തകര്‍ത്ത വീടുകളുടെ നിര്‍മാണം നവംബര്‍ ഒന്നിന് ആരംഭിച്ച് നൂറു ദിവസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന 'ചലഞ്ച് 'നാം ഏറ്റെടുക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. 17,000 ത്തോളം വീടുകളാണ് പുനര്‍നിര്‍മിക്കേണ്ടി വരിക. വീടുകളുടെ നിര്‍മാണം സ്‌പോണ്‍സര്‍ ചെയ്യാന്‍ സന്നദ്ധത അറിയിച്ച് നിരവധി പേര്‍ മുന്നോട്ടുവന്നിട്ടുണ്ട്.
ചില വീടുകള്‍ ഗുണഭോക്താക്കള്‍ തന്നെ പുതുക്കിപ്പണിയാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഗുണഭോക്താവിന് ഭാവിയില്‍ വീടിന്റെ വിസ്തൃതി ആവശ്യമെങ്കില്‍ കൂട്ടാവുന്ന വിധമായിരിക്കണം നിര്‍മാണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.'
പ്രീ ഫാബ്രിക്കേഷന്‍, പ്രീ എന്‍ജിനീയറിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് വീടുകള്‍ നിര്‍മിക്കുന്ന ഏജന്‍സികളുമായി തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ അധ്യക്ഷനീയിരുന്നു ചീഫ് സെക്രട്ടറി.
400 ചതുരശ്രയടി വീടുകള്‍ നിര്‍മിക്കുന്നതിന് നാലു ലക്ഷം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതോടൊപ്പം ലൈഫ് മിഷനിലെ വീടുകളും നഗരസഭാ കെട്ടിടങ്ങളും ഇത്തരം സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്നത് പരിഗണനയിലുണ്ട്. രണ്ടു കിടപ്പു മുറികള്‍, ഹാള്‍, അടുക്കള, ടോയ്‌ലറ്റ് എന്നിവ ഉള്‍പ്പെടുന്ന വീടുകളാവും നിര്‍മിക്കുക. സ്ഥലം ലഭ്യമല്ലാത്തയിടങ്ങളില്‍ ഫ്‌ളാറ്റുകള്‍ പരിഗണിക്കും.
ഗുണനിലവാരമുള്ള വീടുകള്‍ കുറഞ്ഞ സമയം കൊണ്ട് നിര്‍മിക്കുന്ന ഏജന്‍സികള്‍ക്കാണ് മുന്‍ഗണന. വിവിധ നിര്‍മാണ സാങ്കേതികവിദ്യകള്‍ കമ്പനികള്‍ യോഗത്തില്‍ അവതരിപ്പിച്ചു.
അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ. വിശ്വാസ് മെഹ്ത്ത, പി.എച്ച് കുര്യന്‍, ടി.കെ ജോസ്, ഐ.ടി സെക്രട്ടറി ശിവശങ്കര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, ലൈഫ് മിഷന്‍ എന്‍ജിനീയര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."