ബസില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി
-പ്രതിയെ വിലങ്ങുവയ്ക്കാതെ കൊണ്ടുപോയത് പൊലിസിന്റെ അനാസ്ഥയെന്ന്
ബാലുശേരി (കോഴിക്കോട്): ഓമശേരിയില്‍ തോക്കുചൂണ്ടി ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതി പൊലിസുകാരെ വെട്ടിച്ചു ബസില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് പ്രതിയെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും നാട്ടുകാരും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി തിരിച്ചുകൊണ്ടുപോകുന്നതിനിടെയാണ് സംഭവം.
ഓമശേരിയിലെ ഷാദി ഗോള്‍ഡില്‍ തോക്കുചൂണ്ടി കവര്‍ച്ച നടത്തുന്നതിനിടെ പിടിയിലായ ബംഗ്ലാദേശ് സ്വദേശി നയിം അലി ഖാന്‍ (25) ആണ് ബസില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കണ്ണൂര്‍ ജയിലില്‍നിന്ന് താമരശേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി തിരിച്ചുകൊണ്ടുപോകുമ്പോഴായിരുന്നു പൊലിസിനെ ഞെട്ടിച്ച സംഭവം. പറമ്പിന്‍മുകളില്‍ ബസ് നിര്‍ത്തി യാത്രക്കാര്‍ ഇറങ്ങിയതിനു ശേഷം ബസ് നീങ്ങിത്തുടങ്ങിയപ്പോള്‍ പ്രതി ബസിന്റെ ഇടതുവശത്തെ ജനല്‍ വഴി പുറത്തേക്ക് ചാടുകയായിരുന്നു.
പ്രതിയുടെ കൈകളില്‍ വിലങ്ങുവയ്ക്കാതെയായിരുന്നു മൂന്നു പൊലിസുകാരുടെ സുരക്ഷയില്‍ ബസില്‍ കൊണ്ടുപോയിരുന്നത്. കൂടെയുണ്ടായിരുന്ന മൂന്നു പൊലിസുകാര്‍ വാതില്‍ വഴി പുറത്തിറങ്ങിയെത്തിയപ്പോഴേക്കും പ്രതി തുരുത്യാട് റോഡിലൂടെ ഓടി. രംഗം കണ്ടുനിന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും നാട്ടുകാരും വാഹനങ്ങളിലും മറ്റുമായി പ്രതിയുടെ പിന്നാലെയെത്തി കണിയാങ്കണ്ടി താഴെ വച്ച് പിടികൂടി പൊലിസിനെ ഏല്‍പ്പിക്കുകയായിരുന്നു.
പിന്നീടാണ് പൊലിസ് പ്രതിയെ വിലങ്ങുവച്ചത്. ഓട്ടത്തിനിടയില്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പ്രതി അഴിച്ചെറിഞ്ഞിരുന്നു. പരുക്കേറ്റ പ്രതിയെ ബാലുശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് വിധേയനാക്കി. പൊലിസിനെ പരുക്കേല്‍പ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതിന് ബാലുശേരി പൊലിസ് കേസെടുത്തു. പ്രതിയെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി. ഇക്കഴിഞ്ഞ പതിമൂന്നിന് രാത്രി 7.30 നായിരുന്നു മുക്കം റോഡിലെ ഷാദി ഗോള്‍സില്‍ മൂന്നംഗസംഘം തോക്കുചൂണ്ടി കവര്‍ച്ച നടത്തിയത്. പന്ത്രണ്ടര പവന്‍ തൂക്കം വരുന്ന പതിനാല് സ്വര്‍ണവളകള്‍ കവര്‍ന്നിരുന്നു. രണ്ടുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അതേസമയം, സംഭവം പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണെന്ന് ആരോപണമുയര്‍ന്നു. ഇത്രയും പ്രമാദമായ കേസിലെ പ്രതിയെ വിലങ്ങിടാതെ കൊണ്ടുപോയതാണ് സംഭവത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."