പകര്‍ച്ചപ്പനി: മലയോര മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍ ഭീഷണിയായി റബര്‍ എസ്റ്റേറ്റുകള്‍
മുക്കം: സാംക്രമിക രോഗ ഭീഷണിയില്‍ മലയോര പ്രദേശങ്ങള്‍. കാലവര്‍ഷം തുടങ്ങിയിട്ടും പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മേഖലയില്‍ എങ്ങുമെത്തിയില്ല.
കാരശ്ശേരി, കൊടിയത്തൂര്‍, ഓമശ്ശേരി, തിരുവമ്പാടി, കോടഞ്ചേരി, കൂടരഞ്ഞി പഞ്ചായത്തുകളില്‍ പകര്‍ച്ചപ്പനി വ്യാപകമാകുമ്പോഴാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അലംഭാവം. തിരുവമ്പാടി പഞ്ചായത്തിലെ തമ്പലമണ്ണയടക്കമുള്ള പ്രദേശങ്ങളില്‍ നിരവധി പേരാണ് ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടിയത്. നേരത്തെ തമ്പലമണ്ണ സ്വദേശിനി എലിപ്പനി ബാധിച്ചും പുന്നക്കലില്‍ ഡെങ്കിപ്പനി ബാധിച്ച് യുവാവും മരിച്ചിരുന്നു.
കാരശ്ശേരി പഞ്ചായത്തില്‍ കറുത്തപറമ്പ്, കാരമൂല, നെല്ലിക്കാപറമ്പ് സ്വദേശികളെ ഡെങ്കിപ്പനി ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുക്കം നഗരസഭ, കൊടിയത്തൂര്‍, ഓമശ്ശേരി പഞ്ചായത്തുകളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എന്നാല്‍ പകര്‍ച്ചപ്പനികള്‍ ഗുരുതരമായി പടരുന്ന തിരുവമ്പാടി പഞ്ചായത്തില്‍ കഴിഞ്ഞ 17 ന് ആരോഗ്യവകുപ്പും പഞ്ചായത്തും ചേര്‍ന്ന് സര്‍വകക്ഷി യോഗം വിളിച്ച് പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നുവെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.
എന്നാല്‍ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപടി ഇതിനേക്കാള്‍ ദയനീയമാണ്. മഴക്കാലപൂര്‍വ ശൂചീകരണമെന്ന പേരില്‍ ചടങ്ങ് കഴിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.
കുടുംബശ്രീ പ്രവര്‍ത്തകരുടെയും ആശാ വര്‍ക്കര്‍മാരുടെയും നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുതലങ്ങളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങളുണ്ടായിട്ടില്ല. കാരശ്ശേരി പഞ്ചായത്തില്‍ കഴിഞ്ഞദിവസം ശുചീകരണ പ്രവൃത്തികള്‍ തുടങ്ങിയങ്കെലും മഴയെ തുടര്‍ന്ന് പൂര്‍ത്തീകരിക്കാനായില്ല. മുക്കം നഗരസഭയില്‍ 33 വാര്‍ഡുകളില്‍ വീടുകള്‍തോറുമുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ജൂണ്‍ മൂന്നിന് എം.എല്‍.എയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം വിളിച്ച് കൂടുതല്‍ പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.
അങ്ങേയറ്റം വൃത്തിഹീനമായ സാഹചര്യങ്ങളില്‍ കഴിയുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ വഴി രോഗം പടരുന്നതു തടയാനും യാതൊരു നടപടിയും ഇതുവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൈക്കൊണ്ടിട്ടില്ല.
തിരുവമ്പാടിയില്‍ മലമ്പനി ബാധിച്ച ഇതരസംസ്ഥാന തൊഴിലാളികളെ പ്രാഥമിക ചികിത്സ നല്‍കി നാട്ടിലേക്കു തിരിച്ചയച്ചിരുന്നു. യു.പി സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
മലയോര മേഖലയില്‍ ചെറുതും വലുതുമായി ആയിരക്കണക്കിന് ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന റബര്‍ എസ്റ്റേറ്റുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളിയെയും അവഗണിക്കാനാകില്ല. ടാപ്പിങ് കഴിഞ്ഞശേഷം ചിരട്ട മറിച്ചിടണമെന്ന നിര്‍ദേശമുണ്ടെങ്കിലും അതു പാലിക്കാത്തതിനാല്‍ കൊതുകുകളുടെ ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ് റബര്‍ തോട്ടങ്ങള്‍.
തോട്ടത്തിന്‍കടവ് കെ.ടി.സി റബര്‍ എസ്റ്റേറ്റ്, തിരുവമ്പാടി റബര്‍ എസ്റ്റേറ്റ്, അള്ളി കാലിക്കറ്റ് എസ്റ്റേറ്റ് തുടങ്ങിയ തോട്ടങ്ങളില്‍ കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ പേരിനു മാത്രമാണ് നടക്കാറുള്ളത്. തോട്ടങ്ങളില്‍ പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് നിത്യവും കൊതുക് കടിയേല്‍ക്കാനുള്ള സാധ്യതയുണ്ടായിട്ടു പോലും ബന്ധപ്പെട്ട അധികൃതര്‍ക്ക് അനക്കമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."