രാഖി വധം: അഖിലിനെ അമ്പൂരിയിലെത്തിച്ചു തെളിവെടുത്തു
തിരുവനന്തപുരം: അമ്പൂരിയിലെ രാഖി വധക്കേസിലെ മുഖ്യപ്രതി അഖിലിനെ തട്ടാന്‍മുക്കിലെ പണിതീരാത്ത വീട്ടിലെത്തിച്ചു തെളിവെടുത്തു. രാഖിയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്തെത്തിച്ചായിരുന്നു തെളിവെടുപ്പ്. പ്രതിയെ തെളിവെടുപ്പിനു കൊണ്ടുവരുന്നതറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.
കൊലപാതകത്തിനായി കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലവും അതിനുശേഷം വീടിന്റെ കോംപൗണ്ടിലെത്തിച്ച് കുഴിച്ചുമൂടിയ രീതിയുമെല്ലാം അഖില്‍ പൊലിസിന് വിവരിച്ചു. മൃതദേഹത്തില്‍ വിതറാന്‍ ഉപ്പുവാങ്ങിയ കടയിലും അഖിലിനെ എത്തിച്ചു തെളിവെടുത്തു. എന്നാല്‍ രാഖിയെ കൊല്ലാന്‍ ഉപയോഗിച്ച കയര്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. പൂവാര്‍ സി.ഐ രാജീവിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
രാഖി അനുനയത്തിന് തയാറാകുന്നില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് കൊലപ്പെടുത്തിയതെന്ന് അഖില്‍ പൊലിസിനോട് പറഞ്ഞു. 'എങ്കില്‍ പിന്നെ കൊന്നോട്ടെ' എന്ന ചോദ്യത്തിനു 'കൊന്നോളാന്‍' രാഖി മറുപടി നല്‍കി. മുന്‍ സീറ്റിലിരുന്ന രാഖിയെ പിന്നില്‍നിന്ന് കഴുത്തുഞെരിച്ചുവെന്നും കൈ കഴച്ചപ്പോള്‍ കയറും സീറ്റ് ബെല്‍റ്റുമിട്ട് മുറുക്കിയെന്നുമാണ് ഇയാള്‍ പൊലിസിനോട് പറഞ്ഞത്. കഴുത്തുഞെരിക്കുന്നതിനിടെ രാഖി എന്തോ പറഞ്ഞതു വ്യക്തമായില്ല. നിലപാട് മാറ്റിയതാണെങ്കിലോ എന്ന പൊലിസിന്റെ ചോദ്യത്തിന്, 'കൈവച്ചു പോയില്ലേ, തീര്‍ക്കാമെന്നു കരുതി' എന്നായിരുന്നു അഖിലിന്റെ മറുപടി. തുടര്‍ന്നു വീട്ടിലെത്തി മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് കയറിട്ടു സീറ്റിനോടു ചേര്‍ത്തു കെട്ടി.രാഖിയുടെ മൃതദേഹം കുഴിച്ചുമൂടിയശേഷം വീട്ടിലെത്തി കുളിച്ച് വൃത്തിയായ തന്നെയും ആദര്‍ശിനെയും ജ്യേഷ്ഠന്‍ രാഹുലാണ് അതേകാറില്‍ തിരുവനന്തപുരത്തെത്തിച്ചത്. രാഖിയുടെ വസ്ത്രങ്ങള്‍ യാത്രാമധ്യേ വഴിയിലുള്ള കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. പിന്നീട് അന്തര്‍സംസ്ഥാന ബസില്‍ ഗുരുവായൂരിലേക്ക് പോയി. രാഖിയുടെ ബാഗ് ബസില്‍ ഉപേക്ഷിച്ചു. രാഖിയുടെ മൊബൈല്‍ ഫോണുള്‍പ്പെടെ ഇനിയും തെളിവുകള്‍ പൊലിസിന് ശേഖരിക്കാനുണ്ട്. ഇതിനായി രാഹുലിനെ കൂടി വരുംദിവസങ്ങളില്‍ കസ്റ്റഡിയില്‍ വാങ്ങും.
പ്രദേശത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ പ്രതിക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. പൊലിസ് ലാത്തിവീശിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. കേസില്‍ അഖിലിന്റെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ പൊലിസിന്റെ വാഹനം തടഞ്ഞത്. നാട്ടുകാര്‍ പ്രതിക്കെതിരേ അസഭ്യവര്‍ഷവുമായി പാഞ്ഞടുക്കുകയും കല്ലെറിയുകയും ചെയ്തു. തുടര്‍ന്ന് തെളിവെടുപ്പ് തല്‍ക്കാലം അവസാനിപ്പിച്ച് പൊലിസ്‌സംഘം മടങ്ങി. കേസിലെ ഒന്നും രണ്ടും പ്രതികളായ സൈനികനായ അഖിലും സഹോദരന്‍ രാഹുലും ശനിയാഴ്ചയാണ് പൊലിസിന്റെ പിടിയിലായത്. അതേസമയം, അഖിലിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇവരെയും പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യും. അഖിലിന്റെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം രാഹുലിനെ കൂടി കസ്റ്റഡിയില്‍ വാങ്ങി പിതാവിനെയും മക്കളെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് പൊലിസ് ആലോചിക്കുന്നത്. രാഖിയെ കുഴിച്ചുമൂടാനുള്ള കുഴിയെടുത്തതില്‍ പിതാവിനും പങ്കുള്ളതായി അയല്‍വാസികള്‍ പൊലിസിനോട് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."