മക്ക സ്മാര്‍ട്ട് നഗരി പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാകും: ഗവര്‍ണര്‍
മക്ക: സ്മാര്‍ട്ട് നഗരി പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാകുമെന്നു സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ഉപദേഷ്ടാവും മക്കാ ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ വ്യക്തമാക്കി.
അത്യാധുനികവും അനുകരണീയവുമായ സംവിധാനങ്ങളോടെയാണ് സ്മാര്‍ട്ട് നഗരി യാഥാര്‍ഥ്യമാക്കുക. നൂതന സാങ്കേതിക വിദ്യകള്‍ മുഴുവനും ഉപയോഗപ്പെടുത്തിയുള്ള നഗര നിര്‍മിതിയെ കുറിച്ചുള്ള പഠനം പുരോഗമിക്കുകയാണെന്നും ഹജ്ജ് സീസണ്‍ കഴിഞ്ഞാലുടന്‍ പ്രവൃത്തി ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗവര്‍ണര്‍ പറഞ്ഞു. 1.2 ബില്യന്‍ റിയാലിന്റെ വൈദ്യുതീകരണ പദ്ധതി ഉദ്ഘാടനം ഇന്നു നടക്കും. ലോകോത്തര നഗരങ്ങളോടു കിടപിടിക്കുന്ന രീതിയില്‍ മക്കയെയും പുണ്യസ്ഥലങ്ങളെയും പരിവര്‍ത്തിപ്പിക്കുന്നതായിരിക്കും സ്മാര്‍ട്ട് മക്ക പദ്ധതി.
മക്കയിലെയും പുണ്യസ്ഥലങ്ങളിലെയും വികസനത്തിന് വര്‍ഷം തോറും ബില്യന്‍ കണക്കിന് റിയാല്‍ ചെലവാക്കുന്നുണ്ട്. ഇതില്‍ പെട്ടതാണ് ജല, വൈദ്യുത പദ്ധതികള്‍. ഓരോ ഹാജിയുടെയും മുഖത്ത് പ്രസന്നത വരുത്തുന്നതിന് പരിശ്രമിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സഊദിക്കകത്തുനിന്നും ഹജ്ജ് നിര്‍വഹിക്കാനെത്തുന്ന തീര്‍ഥാടകര്‍ക്ക് സഊദി നല്‍കുന്ന സേവനത്തില്‍ സംശയം ജനിപ്പിക്കുന്നവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. സഊദി അറേബ്യക്ക് ലോകരാജ്യങ്ങള്‍ക്കിടയിലുള്ള പ്രശസ്തി ഇടിച്ചുതാഴ്ത്താനാണ് ഇവരുടെ ശ്രമമെന്നും ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ അല്‍ഇഖ്ബാരിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."