മേപ്പാടി ടൗണില്‍ ഇന്നു മുതല്‍ ട്രാഫിക് പരിഷ്‌കാരം
മേപ്പാടി: ട്രാഫിക് അഡൈ്വസറി കമ്മിറ്റിയുടെ തീരുമാന പ്രകാരം മേപ്പാടി ടൗണില്‍ ഇന്നുമുതല്‍ പുതിയ ട്രാഫിക് പരിഷ്‌കാരം നടപ്പാക്കും. പൊലിസും പഞ്ചായത്ത് അധികൃതരും വ്യാപാരികളും ഡ്രൈവര്‍മാരും ചേര്‍ന്നാണ് പുതിയ പരിഷ്‌കാരണത്തിന് രൂപം നല്‍കിയത്. എന്നാല്‍ ട്രാഫിക് പരിഷ്‌കാരം അശാസ്ത്രീയമാണന്നാരോപിച്ച് പ്രൈവറ്റ് ബസ് ഡ്രൈവര്‍മാര്‍ രംഗത്തെത്തി.
ബസ് സ്റ്റാന്‍ഡിലെ പാര്‍ക്കിങിനെ ചൊല്ലിയാണ് ബസ് ഡ്രൈവര്‍മാര്‍ ട്രാഫിക് പരിഷ്‌കരണത്തോട് സഹകരിക്കുകയില്ലന്ന നിലപാടെടുത്തത്. മില്‍മ ബൂത്ത് വഴി ബസ് ഇറങ്ങി കംഫര്‍ട്ട് സ്റ്റേഷന് സമീപം വഴിയാണ് സ്റ്റാന്‍ഡില്‍ നിന്നും ബസുകള്‍ പോകുന്നത്. ഇത് അശാസ്ത്രീയവും അപകടകരവുമാണന്നാണ് ഡ്രൈവര്‍മാരുടെ ആക്ഷേപം. ഇന്ന് മുതല്‍ കംഫര്‍ട്ട് സ്റ്റേഷന്‍ വഴി മാത്രമേ സ്റ്റാന്‍ഡിലേക്ക് ബസ് ഇറങ്ങുകയുള്ളൂ. എന്നാണ് ഡ്രൈവര്‍മാരുടെ നിലപാട്. എന്നാല്‍ മുന്‍പത്തെ രീതിയില്‍ തന്നെ സ്റ്റാന്‍ഡിലേക്ക് ബസുകള്‍ ഇറങ്ങുകയും കയറുകയും വേണമെന്നാണ് പൊലിസിന്റെയും പഞ്ചായത്തിന്റെയും നിലപാട്. ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായി പാര്‍ക്കിങ്, നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ചൂരല്‍മല ജംഗ്ഷനിലെ വാഹന പാര്‍ക്കിങ് കര്‍ശനമായി തടയും. കല്‍പ്പറ്റയിലേക്കും ചുണ്ടയിലേക്കുമുള്ള ബസുകള്‍ പൈന ബേക്കറിക്ക് സമീപം കൂടുതല്‍ സമയം നിര്‍ത്തിയിടുന്നത് തടയും. ഓട്ടോറിക്ഷകള്‍ക്കും ജീപ്പുകള്‍ക്കും പ്രത്യേകം പാര്‍ക്കിങ് ഏരിയ അടയാളപ്പെടുത്തിയിട്ടുണ്ട്. ബസ് സ്റ്റാന്‍ഡിന് പരിസരത്ത് വാഹന പാര്‍ക്കിങ് പ്രത്യേകം സൗകര്യമൊരുക്കാനും തീരുമാനമായിട്ടുണ്ട്. നേരത്തെ പലതവണ പ്രഖ്യാപിച്ചെങ്കിലും പരിഷ്‌കാരം നടപ്പായിട്ടില്ല. ഇത്തവണ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പരിഷ്‌കാരം നടപ്പിലാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."