പാമ്പാടി നെഹ്‌റു കോളജ് അന്തരീക്ഷം വീണ്ടും കലുഷിതമാകുന്നു
#ഫൈസല്‍ കോങ്ങാട്
പാലക്കാട്: ജിഷ്ണു പ്രണോയിയുടെ ചിത്രത്തെ പോലും ഭയപ്പെടുന്ന പാമ്പാടി നെഹ്‌റു കോളജ് അധികൃതര്‍ വിദ്യാര്‍ഥികളുമായി വീണ്ടും ഏറ്റുമുട്ടലിനൊരുങ്ങുന്നു. കോളജ് അധികൃതരുടെ ഗുണ്ടായിസത്തിനെതിരെ എസ്.എഫ്.ഐ തൃശൂര്‍, പാലക്കാട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പാമ്പാടി കോളജിലേക്ക് ഇന്ന് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചതായി എസ്.എഫ്.ഐ പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രയാണ്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നത്തെ മാര്‍ച്ച് കോളജിലെ അന്തരീക്ഷത്തിനു മാറ്റം വരുത്താനുള്ള സാഹചര്യമാണ് മുന്നിലുള്ളതെന്ന് പൊലിസ് രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
നവാഗത വിദ്യാര്‍ഥികള്‍ക്ക് ആശംസകളര്‍പ്പിക്കുന്ന ജിഷ്ണുപ്രണോയിയുടെ ഫോട്ടോ പതിച്ച കാര്‍ഡ് വിതരണം ചെയ്തതാണ് കോളജ് അധികൃതരെ ഇത്തവണ ചൊടിപ്പിച്ചത്.
ഇതേ തുടര്‍ന്ന് കാര്‍ഡ് വിതരണം ചെയ്ത എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുനേരെ അച്ചടക്ക നടപടിയെടുത്തതിനെ തുടര്‍ന്നാണ് ക്യാംപസില്‍ അശാന്തിയുടെ നിഴല്‍ വീണിരിക്കുന്നത്. ആശംസാകാര്‍ഡ് വിതരണം ചെയ്ത ഏഴ് എസ്.എഫ്.ഐ പ്രവര്‍ത്തകരേയാണ് കോളജ് പ്രിന്‍സിപ്പല്‍ അംബികാദേവി അമ്മാള്‍ സസ്‌പെന്റ് ചെയ്തത്.
ജൂലൈ 23നാണ് നടപടിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. നവാഗത വിദ്യാര്‍ഥികളുടെ ആദ്യ ക്ലാസ്സ് ദിനത്തില്‍ അവരുടെ ക്ലാസ്സുകളിലെത്തി എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ആശംസാ കാര്‍ഡും മധുര പലഹാരവും വിതരണം ചെയ്തിരുന്നു.
ഇതറിഞ്ഞെത്തിയ അധ്യാപകര്‍ എസ്.എഫ്.ഐ പ്രതിനിധികളോട് ക്ലാസ്സില്‍ വിതരണം ചെയ്യരുതന്നാവശ്യപ്പെട്ടു. തുടര്‍ന്ന് എസ്.എഫ്.ഐ പ്രതിനിധികള്‍ ക്ലാസ്സില്‍ നിന്നും വെളിയിലേക്കിറങ്ങി വിദ്യാര്‍ഥികള്‍ പുറത്തിറങ്ങിവന്നപ്പോള്‍ മാത്രം കാര്‍ഡും മധുരവും നല്‍കി. ബാക്കിയുള്ള വിദ്യാര്‍ഥികള്‍ക്ക് കാന്റീന്‍ പരിസരത്തുവെച്ചുമാണ് നല്‍കിയത്.
പക്ഷേ ക്ലാസ്സില്‍ പഠിപ്പിക്കുന്ന സമയത്ത് അതിക്രമിച്ചു കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ബലം പ്രയോഗിച്ച് കാര്‍ഡുകള്‍ നല്‍കിയുമെന്ന പേരിലാണ് കുട്ടികള്‍ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്. അധ്യാപകരായ ഡോ.ജോജോ ജോര്‍ജ്ജിനോടും ദീപമോളോടും ഇക്കാര്യത്തില്‍ പരാതി എഴുതിവാങ്ങിച്ചാണ് പ്രിന്‍സിപ്പാള്‍ കുട്ടികളെ സസ്‌പെന്റ് ചെയ്യുന്നതായി ഉത്തരവിട്ടത്.
മാനേജ്‌മെന്റിന്റെ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അധ്യാപകര്‍ പരാതി നല്‍കിയതെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്നാണ് സസ്‌പെന്‍ഷന്‍ ഓര്‍ഡറിലുള്ളത്.
അരുണ്‍ നാരായണന്‍, കിരണ്‍ നാരായണന്‍, ഗോവര്‍ദ്ധന്‍, ശ്രീരാജ്, നവീണ്‍ രവീന്ദ്രന്‍, പ്രണവ് കൃഷ്ണന്‍, അതുല്‍രാഗ് പി മുല്ലക്കല്‍ എന്നിവരെയാണ് പുറത്താക്കിയിരിക്കുന്നത്. സസ്‌പെന്‍ഷനിലായിരിക്കുന്നത് അവസാന വര്‍ഷക്കാരും രണ്ടാം വര്‍ഷക്കാരുമാണ്. സംഭവത്തെക്കുറിച്ചന്വേഷിക്കുന്നതിന് മാനേജ്‌മെന്റ് ഒരു അന്വേഷണ കമ്മിറ്റിയെയും നിയോഗിച്ചിട്ടുണ്ട്. അന്വേഷണം അവസാനിച്ച് പ്രിന്‍സിപ്പാളിന്റെ ഉത്തരവിറങ്ങുന്നതുവരെ ഇവര്‍ കോളജില്‍ പ്രവേശിക്കരുതെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവുള്ളത്.
പുതിയ സാഹചര്യത്തില്‍ കോളജിലേക്ക് പ്രവേശനം നേടാന്‍ തയാറെടുത്തിരുന്ന വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഇടയില്‍ കടുത്ത ആശങ്കയുണ്ടാക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."