ആദിവാസി സ്ത്രീകളുടെ ബീവറേജ് സമരം പൊതുസമൂഹം ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചു: പൊതു സംവാദം
മാനന്തവാടി: 185 ദിവസം പിന്നിട്ട വള്ളിയൂര്‍ക്കാവ് റോഡിലെ ബീവറേജസ് ഔട്ട്‌ലറ്റിനെതിരെയുള്ള സമരം പൊതുസമൂഹം ഏറ്റെടൂക്കേണ്ട സമയം അതിക്രമിച്ചതായി മാനന്തവാടിയില്‍ സംഘടിപ്പിച്ച പൊതുസംവാദത്തില്‍ അഭിപ്രായം.
സമരങ്ങള്‍ അവഗണിക്കപ്പെടുന്നത് എന്തുകൊണ്ട് എന്ന വിഷയത്തില്‍ പഴശ്ശിരാജ ഗ്രന്ഥാലയം സംഘടിപ്പിച്ച ചര്‍ച്ചാവേദിയില്‍ പങ്കെടുത്ത മുഴുവന്‍ രാഷ്ട്രീയ സാമൂഹ്യസംഘടനാ പ്രതിനിധികളും ആദിവാസി അമ്മമാര്‍ നടത്തുന്ന സമരത്തിന് സര്‍വ പിന്തുണയും പ്രഖ്യാപിച്ചു. സി.പി.എം, ബി.ജെ.പി പ്രതിനിധികള്‍ സംവാദത്തില്‍ നിന്നും വിട്ടുനിന്നു.
തങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഒരിക്കല്‍ പോലും സമരപ്പന്തല്‍ സന്ദര്‍ശിക്കാത്തവരാണെന്നും ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ അത് തെളിയിക്കാന്‍ തയാറാവണമെന്നും സമരനായിക വെള്ള സമരലക്ഷ്യങ്ങള്‍ വിശദീകരിച്ചു കൊണ്ട് സംസാരിക്കവേ പറഞ്ഞു.
സമരത്തെ അനുകൂലിക്കേണ്ടതിന് പകരം ആക്ഷേപിക്കുന്നവര്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ആദിവാസി വിഭാഗങ്ങളുടെ നേര്‍കാഴ്ചകള്‍ കാണാന്‍ കോളനികള്‍ സന്ദര്‍ശിക്കാന്‍ തയാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു. മദ്യനിരോധനത്തോട് യോജിപ്പില്ലെങ്കിലും ആദിവാസി അമ്മമാരുടെ സമരത്തിന് എല്ലാപിന്തുണയുമുണ്ടാവുമെന്ന് സി.പി.ഐ പ്രതിനിധി ഇ.ജെ ബാബു പറഞ്ഞു.
സംവാദത്തില്‍ പങ്കടുത്ത സി കുഞ്ഞബ്ദുള്ള (മുസ്‌ലിം ലീഗ്), എം.ജി ബിജു (കോണ്‍ഗ്രസ്), പി സുരേഷ് ബാബു (ശാസ്ത്ര സാഹിത്യ പരിഷത്ത്), അജികൊളോണിയ(എ.എ.പി), അബ്ദുള്ള പള്ളിയാല്‍ (പ്രസ്സ് ക്ലബ്ബ്) എന്നിവരും സമരത്തിന് പരിപൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എ അജയകുമാര്‍ മോഡറേറ്ററായിരുന്നു. കെ.ആര്‍ പ്രദീഷ് സ്വാഗതവും അജയകുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."